തലശ്ശേരി നിയമസഭ മണ്ഡലത്തിൽ  ബി ജെ പിക്ക് സ്ഥാനാർത്ഥിയില്ല

തലശ്ശേരി നിയമസഭ മണ്ഡലത്തിൽ  ബി ജെ പിക്ക് സ്ഥാനാർത്ഥിയില്ല. പത്രികയ്ക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകളിൽ പാർട്ടി അധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണത്താൽ ബി ജെ പി ജില്ലാ അധ്യക്ഷനൻ കൂടിയായ എൻ ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളി.

ബി ജെ പി- കോൺഗ്രസ്സ് വോട്ട് കച്ചവടത്തിൻ്റെ ഭാഗമായ ബോധപൂർവ്വമായ പിഴവെന്ന് സി പി ഐ എം ആരോപിച്ചു. സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തികൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എ യിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്.

ബി ജെ പി ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇതേ കാരണത്താൽ തള്ളി. ഇതോടെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും അധികം വോട്ട് ലഭിച്ച തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാതായി.

പിഴവ് അശ്രദ്ധ കൊണ്ടാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും ബിജെപി യു ഡി എഫ് അന്തർധാര മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നും സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു.

കണ്ണൂരിൽ മറ്റൊരിടത്തും സംഭവിക്കാത്ത പിഴവ് എങ്ങനെ തലശ്ശേരിയിൽ മാത്രം സംഭവിച്ചുവെന്നും എം വി ജയരാജൻ ചോദിച്ചു.ഇത് വോട്ട് കച്ചവടത്തിൻ്റെ ഭാഗമാണ്.

ബിജെപി ദേശീയ നേതാവ് മത്സരിക്കുന്ന ധർമ്മടത്ത് യു ഡി എഫ് അപ്രധാന സ്ഥാനാർത്ഥിയെ നിർത്തിയതും ധാരണയുടെ ഭാഗമാണ്.ധർമ്മടത്ത് യു ഡി എഫ് വോട്ട് ബി ജെ പി ക്ക്  തലശ്ശേരിയിൽ ബിജെപി വോട്ട് യുഡിഎഫിന് എന്നതാണ് കച്ചവടമെന്നും  എം വി ജയരാജൻ ആരോപിച്ചു.

അതേസമയ വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ അഴീക്കോട് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ എം ഷാജിയുടെ പത്രിക സ്വീകരിച്ച.കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വർഗ്ഗീയ പ്രചരണത്തിൻ്റെ പേരിൽ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് എൽ ഡി എഫ് പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടത്.

പത്രിക വർണാധികാരി അംഗീകരിച്ചത് ദൗർഭാഗ്യകരമാണെന്നും തുടർ നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here