
കനല്‍ വഴികള്‍ താണ്ടിയ ജീവിതമാണ് തരൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുമോദിന്റേത്. പ്രതിസന്ധികള്‍ പലപ്പോഴും പിന്നോട്ടടിച്ചപ്പോഴും ജീവിതത്തില്‍ പതറാതെ ജനങ്ങള്‍ക്ക് വേണ്ടി പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായി. പ്രശ്‌നങ്ങളെയെല്ലാം ചിരിച്ചു കൊണ്ട് അതിജീവിച്ച കരുത്തുമായാണ് നിയമസഭയിലേക്ക് തരൂരില്‍ നിന്ന് ജനവിധി തേടിയിറങ്ങുന്നത്.
പാലക്കാടന്‍ മീനച്ചൂടില്‍ തരൂര്‍ മണ്ഡലത്തില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കോടിയെത്തി ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് തേടുന്ന തിരക്കിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുമോദ്. തളരില്ല.. വാടില്ല. തീയില്‍ കുരുത്ത ജീവിതമാണ്.
തൃത്താല ആലൂരിലെ ഈ ചെറിയ തറവാട് വീട്ടിലാണ് പിപി സുമോദ് ജനിച്ചു വളര്‍ന്നത്. മുത്തച്ഛന്റെ കാലത്ത് പണി തീര്‍ത്ത ചെറിയ വീടിനും 6 സെന്റ് സ്ഥലത്തിനും അഞ്ച് അവകാശികളുണ്ട്. അച്ഛന്‍ കൃഷ്ണന്‍കുട്ടിയും നാല് സഹോദരങ്ങളും.
കടബാധ്യതയേറിയതോടെ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ബാങ്കിലായി. ചെറിയ വീട്ടില്‍ എല്ലാവര്‍ക്കും ഒരുമിച്ച് താമസിക്കാനുള്ള പരിമിതികള്‍ കാരണം സുമോദും ഭാര്യയും നാല് വയസ്സുകാരി മകളും തൊട്ടടുത്ത് വാടക വീട്ടിലാണ് ഇപ്പോള്‍ താമസം. തറവാട് വീട്ടില്‍ അച്ഛനും അമ്മയും അനിയനും അനിയന്റെ ഭാര്യയും. സിഐടിയു ചുമട്ട് തൊഴിലാളിയായിരുന്ന അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം ജോലിക്ക് പോവാന്‍ കഴിയുന്നില്ല. അമ്മ ലക്ഷ്മി തൊഴിലുറപ്പ് തൊഴിലാളി.
ജീവിത വഴികളിലെ പ്രതിസന്ധികള്‍ക്കിടയിലും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ മകന്‍ സ്ഥാനാര്‍ത്ഥിയായതില്‍ ഇരുവര്‍ക്കും സന്തോഷം. ആയിരങ്ങള്‍ക്ക് തണലൊരുക്കിയ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് സുമോദ്.
പ്രതിസന്ധികള്‍ക്കിടയിലും സംഘടനാ പ്രവര്‍ത്തനവും പഠനവും സുമോദ് മുന്നോട്ട് കൊണ്ടു പോയി. എംഎ, ബിഎഡ് ബിരുദധാരിയാണ്. എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്കെത്തിയ സുമോദ് നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാണ്.
ജീവിതത്തില്‍ ഇടറിപ്പോയപ്പോഴെല്ലാം സുമോദിന് കരുത്തായത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. പാര്‍ടിയേല്‍പിച്ച പുതിയ ഉത്തരവാദിത്തമാണ് തരൂരിലെ സ്ഥാനാര്‍ത്ഥിത്വം. ജനങ്ങള്‍ക്കൊപ്പം നിന്ന് പാര്‍ടിക്കു വേണ്ടി ജയിച്ചു കയറുമെന്ന് ഉറപ്പുണ്ട് സുമോദിന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here