നാടിന്റെ യശസ് വീണ്ടെടുക്കാന്‍ ഇടതുപക്ഷത്തിനായി; ജനക്ഷേമത്തിനാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്: മുഖ്യമന്ത്രി

ജനക്ഷേമത്തിനാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും ഇതിലൂടെ നാടിന്റെ യശസ് വീണ്ടെടുക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരമാണ് കേരളം നമ്പര്‍ വണ്‍ ആയത്. കൊവിഡ് ഉള്‍പ്പെടെയുള്ളപ്രതിസന്ധികളെ നമുക്ക് മറികടക്കാനായി എന്നത് മികച്ച നേട്ടമാണ്.

ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നമുക്ക് ആവശ്യം. പ്രതിസന്ധികളെ മറികടക്കുന്നതിനൊപ്പം വികസനങ്ങള്‍ യാഥര്‍ത്ഥ്യമാക്കാനും സര്‍ക്കാരിന് കഴിഞ്ഞു.

എല്ലാ മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന പ്രകടനപത്രികയാണ് ഇടത് മുന്നണിയുടേത്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കാനും കര്‍ഷകരുടെ വരുമാന വര്‍ധനവിനും ഇടതു സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

പച്ചക്കറി ഉത്പാദനത്തില്‍ വൈകാതെ സ്വയംപര്യാപ്തത കൈവരിക്കും. പച്ചക്കറികള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചത് കര്‍ഷകര്‍ക്ക് അനുഗ്രഹമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നഷ്ടത്തിലാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ ഇടത് സര്‍ക്കാരിന് കഴിഞ്ഞു. കൂടാതെ ഐടി മേഖലയില്‍ വലിയ മുന്നേറ്റം നടത്താനും കഴിഞ്ഞു.

യു ഡി എഫിന്റെ കാലത്ത്300 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 4000 സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ന്നു. അതിനെ 15,000 ലേക്ക് ഉയര്‍ത്തുകയാണ് ഇടത് മുന്നണിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലന്വേഷകരില്ലാത്ത കേരളമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈഫ് മിഷന്‍ വഴിഅഞ്ച് ലക്ഷം വീടുകള്‍ കൂടി ഇടത് സര്‍ക്കാര്‍ നിര്‍മിക്കും. ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്നാണ് യു ഡി എഫ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജനങ്ങളോട് രണ്ട് സര്‍ക്കാരുകള്‍ക്കുള്ള കാഴ്ചപ്പാടാണ് ഇത് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 600 രൂപ പെന്‍ഷന്‍ കുടിശ്ശിക വരുത്തിയ യു ഡി എഫാണ് ഇപ്പോള്‍ വലിയ വാഗ്ദാനങ്ങളുമായി എത്തുന്നത്. തെറ്റിദ്ധാരണ പരത്താനാണ് യു ഡി എഫ് ശ്രമം.

ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇടുക്കിയിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തോട്ടം തൊഴിലാളികള്‍ക്ക് വീട് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തോട്ടം, കാര്‍ഷിക മേഖലയോട് സര്‍ക്കാരിനുള്ള കരുതല്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News