കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും തലകറങ്ങി താഴേക്ക് വീണ യുവാവിനെ രക്ഷിച്ചയാള്‍ക്ക് ജോലി നല്‍കി ഊരാളുങ്കല്‍

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോ ഉണ്ടായിരുന്നു. ഏതോ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഒരാള്‍ താഴേക്ക് തലകറങ്ങി വീഴുമ്പോള്‍ കാലില്‍ പിടിച്ച് അയാളുടെ ജീവന്‍ രക്ഷിച്ച ഒരു യുവാവ്. താഴേക്ക് വീഴുന്നയാളുടെ ജീവന്‍ രക്ഷിച്ചുന്ന വീഡിയോ പലരും ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്.

കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്കുമറിഞ്ഞ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളി അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിനെ വടകര കീഴല്‍ സ്വദേശിയും ചെങ്കല്‍ തൊഴിലാളിയുമായ ബാബുരാജാണ് രക്ഷിച്ചത്.

ഇപ്പോള്‍ ബാബുവിനെ തേടി ഒരു സന്തോഷ് വാര്‍ത്ത എത്തിയിരിക്കുകയാണ്. ബാബുരാജിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ജോലി നല്‍കും. ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരം നല്‍കി. ഇടപാടുകാരനായ ബിനുവിന്റെ ജീവന്‍ രക്ഷിച്ച ബാബുരാജിനെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ കെ.കെ. ദാമുവിനെയും കേരള ബാങ്കും ആദരിച്ചു. ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ആദരം നല്‍കിയത്.

ഈ മാസം 18-നായിരുന്നു സംഭവം.ബാങ്കിന്റെ ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുന്നതിനിടെ പെട്ടന്ന് താഴോട്ടു മറിഞ്ഞ ബിനുവിനെ അടുത്തുണ്ടായിരുന്ന ബാബുരാജ് വേഗത്തില്‍ കാലില്‍ പിടിച്ച് രക്ഷിക്കുകയായിരുന്നു. ബിനുവിന്റെ കാലില്‍ മുറുകെ പിടിച്ച ബാബുരാജ് ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്തോടെ ഉയര്‍ത്തി എടുക്കുകയായിരുന്നു.

ക്ഷേമനിധി തുക അടയ്ക്കാന്‍ ബാങ്കിലെത്തിയതായിരുന്നു ഇരുവരും. ബിനുവിന്റെ ഒരു കാലിലാണു ബാബുരാജിനു പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലില്‍ കൂടി പിടിച്ചു. അവിടെയുണ്ടായിരുന്ന ദാമു ഉള്‍പ്പെടെയുള്ളവര്‍, ബാങ്കിലെ ഗണ്‍മാന്‍ വിനോദ് തുടങ്ങിയവരുടെ സഹായത്തോടെ ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here