പിഎസ്‌‌സി നിയമനത്തില്‍ പുതിയ നുണയുമായി മനോരമ; കണക്കൊന്നും അന്വേഷിക്കാതെ യുഡിഎഫിനായി ‘അക്ഷീണപ്രയത്‌നം’

പിഎസ്‌സി മുഖേന റെക്കോര്‍ഡ് നിയമനം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ പുതിയ നുണയുമായി മലയാള മനോരമ. മാര്‍ച്ച് 21ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് അഞ്ച് വര്‍ഷത്തിനിടെ ഒന്നരലക്ഷം പേര്‍ക്ക് നിയമനം നടത്തിയെന്ന പ്രചരണം തെറ്റാണെന്നും 95196 പേര്‍ക്ക് മാത്രമേ നിയമനം ലഭിച്ചുള്ളൂവെന്നും മനോരമ വാര്‍ത്ത നല്‍കിയത്. മനോരമയ്‌ക്ക് ലഭിച്ച വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയായിരുന്നു വാര്‍ത്ത. യുഡിഎഫിന്റെ മുഖപത്രമായി പ്രവര്‍ത്തിക്കുന്ന മനോരമ തെരഞ്ഞെടുപ്പ് അടുത്തതോടെ പുത്തന്‍നുണകളുമായി ഇറങ്ങിയിരിക്കുകയാണെന്ന് വാര്‍ത്തയ്‌ക്ക് പിന്നിലെ വസ്‌തുത പരിശോധിച്ചാല്‍ വ്യക്തമാകും.

കേരള സര്‍ക്കാരിന്റെ സ്‌പാര്‍ക്ക് എന്ന ശമ്പളവിതരണ സോഫ്‌റ്റ്‌വെ‌യറിലെ പുത്തന്‍ രജിസ്‌ട്രേഷനുകളുടെ എണ്ണംവെച്ചാണ് മനോരമ വാര്‍ത്ത ചമച്ചിരിക്കുന്നത്. 2016 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള സ്‌പാര്‍ക്കിലെ കണക്ക് പ്രകാരം പുതുതായി അക്കൗണ്ട് സൃഷ്‌ടിച്ചതും 109585 പേര്‍ക്കാണ്. ഇതില്‍ 14389 പേര്‍ എയ്ഡഡ് സ്‌‌കൂള്‍ അധ്യാപകരാണ്. ഇവരുടെ നിയമനം മാനേജ്‌മെന്റുകള്‍ വഴിയാണെന്നും, അതിനാല്‍ ബാക്കി 95196 പേര്‍ക്ക് മാത്രമാണ് പിഎസ്‌സി വഴി നിയമനം ലഭിച്ചതെന്നുമാണ് മനോരമയുടെ കണ്ടെത്തല്‍.

എന്നാല്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ശമ്പളം സ്‌പാര്‍ക്ക് വഴിയല്ല കൊടുക്കുന്നത് എന്ന യാഥാര്‍ത്ഥ്യം മനോരമ ഇവിടെ മൂടിവെച്ചു. കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി മുതലായ ഏകദേശം അന്‍പതോളം പൊതുമേഖലാ സ്ഥാപനങ്ങളും, സര്‍വ്വകലാശാലകളിലെ അനധ്യാപക നിയമങ്ങള്‍ ഉള്‍പ്പെടെ അറുപതോളം ഗ്രാന്റ്-ഇന്‍-എയിഡ് സ്ഥാപനങ്ങളും പിഎസ്‌‌സി വഴിയാണ് നിയമനം നല്‍കുന്നത്. അങ്ങനെ നിയമനം കിട്ടിയവരുടെ എണ്ണം ഒരിക്കലും സ്‌പാര്‍ക്ക് വഴി ലഭിക്കില്ല. അതുകൊണ്ടു തന്നെ, സ്‌പാര്‍ക്കിലെ പുത്തന്‍ രജിസ്‌ട്രേഷനുകളും, പിഎസ്‌‌സി നിയമനങ്ങളും തമ്മില്‍ ഒരു സര്‍ക്കാരിന്റെ കാലത്തും ടാലി ആകില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല, ഗ്രാന്റ് ഇന്‍ എയിഡ്, തുടങ്ങിയവയില്‍ നിന്നുള്ള ആകെകണക്കാണ് സര്‍ക്കാര്‍ പറയുന്ന 151513 നിയമനങ്ങള്‍ എന്നത്. പിഎസ്‌സി നിയമനങ്ങളുടെ കണക്കെടുക്കാന്‍ വിവരാവകാശ അപേക്ഷ നല്‍കേണ്ടത് പിഎസ്‌സിയിലാണ്. ഇവിടെ അതിനൊന്നും താല്‍പര്യമില്ലാതെ കിട്ടിയ രേഖവെച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണ് മനോരമ നടത്തിയതെന്ന് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel