തലശ്ശേരി, ഗുരുവായൂര്‍  നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍

തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍ ഡി എ യുടെ  നാമനിര്‍ദേശ പത്രികതള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍. ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഫലപ്രഖ്യാപനത്തിന് മുന്‍പ് കോടതി ഹര്‍ജിയില്‍ ഇടപെട്ടാല്‍ നീതിപൂര്‍വ്വകമായ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഹര്‍ജികളില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി. അവധി ദിനമായിട്ടും ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആദ്യം ഹര്‍ജിക്കാരുടെ വാദമാണ് കേട്ടത്.

സംഭവിച്ചത് സാങ്കേതികപ്പി‍ഴവ്മാത്രമാണെന്നായിരുന്നു പ്രധാന വാദം. സൂക്ഷ്മപരിശോധന സമയത്ത് റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നുവെന്നും പി‍ഴവുകള്‍ തിരുത്താന്‍
അവസരം തന്നില്ലെന്നും സ്ഥാനാര്‍ഥികള്‍ വാദിച്ചു.

പത്രികകള്‍ തള്ളാന്‍മാത്രമുള്ള പി‍ഴവ് സംഭവിച്ചിട്ടില്ലെന്നും ഗുരുവായൂര്‍,തലശ്ശേരി മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ വാദിച്ചു. എന്നാല്‍ ഹര്‍ജികളില്‍ ഈ ഘട്ടത്തില്‍ ഹൈക്കോടതി ഇടപെടരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം കോടതിക്ക് ഇത്തരത്തില്‍ ഇടപെടാനാവില്ല. ഫലപ്രഖ്യാപനം ഉള്‍പ്പടെ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇടപെടുന്നത് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന്
തടസ്സമാകുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, പിറവം, കൊണ്ടോട്ടി മണ്ഡലങ്ങളിലെ ചില പത്രികകളില്‍ പി‍ഴവ് തിരുത്താന്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.ഈ വിഷയത്തിലുള്‍പ്പടെ നിലപാടറിയിക്കാന്‍ കോടതി ഇലക്ഷന്‍ കമ്മീഷനോട് നിര്‍ദേശിച്ചു.കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജികള്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി തലശ്ശേരി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി സമര്‍പ്പിച്ച അപേക്ഷയും കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.തലശ്ശേരി മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റുമായ എന്‍ ഹരിദാസ്, ഗുരുവായൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മഹിളാമോര്‍ച്ച നേതാവുമായ നിവേദിത എന്നിവരാണ് പത്രികകള്‍ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഞായറാ‍ഴ്ച്ചയായിരുന്നിട്ടും ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച് പ്രത്യേക സിറ്റിംഗ് നടത്തി ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി നടപടി അസാധാരണമാണെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here