കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും കൃത്യമായ പരിപാടി മുന്നോട്ടു വെയ്ക്കുന്നതാണ് എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോ ; തോമസ് ഐസക്

അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും കൃത്യമായ പരിപാടി മുന്നോട്ടു വെയ്ക്കുന്നതാണ് എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോ എന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ യുഡിഎഫിനാകട്ടെ അത്തരമൊരു പരിപാടിയൊന്നുമില്ല. തട്ടിക്കൂട്ടു പത്രികയില്‍ ശാസ്ത്രീയവീക്ഷണം പരതുന്നത് മണ്ടത്തരമാണ് എന്നറിയാതെയല്ല ഈ താരതമ്യമെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ 40 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കാന്‍ കൃത്യമായ പദ്ധതിയുണ്ട്. മൂന്നു രീതിയിലാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നും കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും കൃത്യമായ പരിപാടി മുന്നോട്ടു വെയ്ക്കുന്നതാണ് എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോ. എന്നാല്‍ യുഡിഎഫിനാകട്ടെ അത്തരമൊരു പരിപാടിയൊന്നുമില്ല. തട്ടിക്കൂട്ടു പത്രികയില്‍ ശാസ്ത്രീയവീക്ഷണം പരതുന്നത് മണ്ടത്തരമാണ് എന്നറിയാതെയല്ല ഈ താരതമ്യം. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ 40 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കാന്‍ കൃത്യമായ പദ്ധതിയുണ്ട്. മൂന്നു രീതിയിലാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

1. 20 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുവാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴിലവസരങ്ങള്‍: ഇതിനായുള്ള ഡിജിറ്റല്‍ പ്ലാറ്‌ഫോം തയ്യാറായി കഴിഞ്ഞു. ഇതിന് നേതൃത്വം നല്‍കുവാന്‍ കിഫ്ബി പോലെ മികവുറ്റൊരു സ്ഥാപനമായി കെ-ഡിസ്‌കിനെ പുന.സംഘടിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ആദ്യ ബാച്ചിന് ജോലിയും ലഭിച്ചു.

2. സര്‍ക്കാര്‍ അടക്കം സംഘടിത മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍: യുഡിഎഫിന്റെ മാനിഫെസ്റ്റോ പരിശോധിച്ച് നോക്കൂ. ടൂറിസം, സ്റ്റാര്‍ട്ട് അപ്പുകള്‍, ഐടി എന്നിവ ഒഴിച്ച് മറ്റ് ആധുനിക തൊഴില്‍ മേഖലകളെക്കുറിച്ച് പരാമര്‍ശം പോലുമില്ല . മറിച്ച് എല്‍ഡിഎഫിന്റെ പത്രികയിലോ, വിജ്ഞാന വ്യവസായങ്ങള്‍, നൈപുണി വ്യവസായങ്ങള്‍, സേവന പ്രധാന വ്യവസായങ്ങള്‍, മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍, പൊതുമേഖല എന്നിവയെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആവശ്യമായ ഗൃഹപാഠത്തിന്റെ വ്യത്യാസം രണ്ടു മാനിഫെസ്റ്റോയും തമ്മില്‍ പ്രകടമാണ്.

3. കുടുംബശ്രീ, ജില്ലാ വ്യവസായ വികസന ഏജന്‍സികള്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ 15 ലക്ഷം തൊഴിലവസരങ്ങള്‍: കുടംബശ്രീ അടക്കം ഉള്ള വികസന ഏജന്‍സികള്‍ ഉപയോഗപ്പെടുത്തി 15 ലക്ഷം ഉപജീവന തൊഴിലുകള്‍ എങ്ങനെ സൃഷിക്കും എന്നത് എല്‍ഡിഎഫ് മാനിഫെസ്റ്റോ വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 1.8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ 200 ദിവസങ്ങള്‍ കൊണ്ട് സൃഷ്ടിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഏതൊരാള്‍ക്കും ഉപജീവന തൊഴിലുകള്‍ സംബന്ധിച്ചുള്ള ഭാഗങ്ങള്‍ താരതമ്യപ്പെടുത്തി നോക്കാം.

തൊഴില്‍ സംബന്ധിച്ച് യുഡിഎഫ് മാനിഫെസ്റ്റോയില്‍ മുഖ്യമായി പരാമര്‍ശിക്കുന്നത് പി.എസ്.സി നിയമനങ്ങളെക്കുറിച്ചാണ്. പി.എസ്.സി നിയമനം സുതാര്യമാക്കുക, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, പരമാവധി നിയമനങ്ങള്‍ പി.എസ്.സിക്കു വിടുക തുടങ്ങിയ കാര്യങ്ങളില്‍ 2 മാനിഫെസ്റ്റോയും തമ്മില്‍ വലിയ അന്തരമില്ല. പക്ഷേ പി.എസ്.സി വഴി 5 വര്‍ഷം കൊണ്ട് 1.5 ലക്ഷത്തില്‍പ്പരം ജോലികള്‍ സൃഷ്ടിക്കുവാനേ കഴിയൂ. എന്നാല്‍ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ അതു പോരല്ലോ.
ചുരുക്കത്തില്‍ കേരളത്തിലെ ഏറ്റവും നീറുന്ന പ്രശ്‌നമായ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ യു.ഡി.എഫിന് വ്യക്തമായ ഒരു പദ്ധതിയില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here