ദേശ്‌മുഖിനെതിരായ ആരോപണം അന്വേഷിക്കണമെന്ന്‌ പവാർ

മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ പദവിയിൽനിന്ന്‌ മാറ്റിയ മുംബൈ പൊലീസ്‌ കമീഷണർ പരംബീർ സിങ്‌ ഉയർത്തിയ ആരോപണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന്‌ എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ പറഞ്ഞു. ആരോപണം ഗുരുതരസ്വഭാവമുള്ളതാണ്‌. വിഷയത്തിൽ മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറെ അന്തിമ തീരുമാനം എടുക്കുമെന്ന്‌ പവാർ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിന്‌ മുൻ ഐപിഎസ്‌ ഓഫീസർ ജൂലിയോ റിബെറോയുടെ സഹായം തേടണമെന്നും പവാർ നിർദേശിച്ചു. ബാറുകളിൽനിന്നും ഹോട്ടലുകളിൽനിന്നുമായി മാസം 100 കോടിരൂപ പൊലീസുകാർ പിരിക്കണമെന്ന്‌ ദേശ്‌മുഖ്‌ ആവശ്യപ്പെട്ടെന്നാണ്‌ പരംബീർ സിങ് ആരോപിച്ചത്‌.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി അജിത്‌ പവാറും എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത്‌ പാട്ടീലും ശരദ്‌ പവാറുമായി കൂടിക്കാഴ്‌ച നടത്തി. ആരോപണത്തിൽ മഹാസഖ്യ സർക്കാരിന്റെ പ്രതിച്ഛായക്ക്‌ മങ്ങലേറ്റെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ശിവസേനാ എംപി സഞ്ജയ്‌ റാവത്ത്‌ ആവശ്യപ്പെട്ടു. മുകേഷ്‌ അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്‌തുക്കളുമായി വാഹനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട്‌ സുരക്ഷാ വീഴ്‌ചയുടെ പേരിലാണ്‌ പരംബീർ സിങ്ങിനെ കമീഷണർ പദവിയിൽനിന്ന്‌ മാറ്റിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അസിസ്‌റ്റന്റ്‌ ഇൻസ്‌പെക്‌ടർ സച്ചിൻ വാസെ അറസ്‌റ്റിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News