കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് യുഡിഎഫിനുള്ളത് വികലമായ കാഴ്ചപ്പാട് ; തോമസ് ഐസക്

കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് യുഡിഎഫിനുള്ളത് വികലമായ കാഴ്ചപ്പാടെന്ന് ധനമന്ത്രി തോമസ് ഐസക്. വികസനക്കുതിപ്പ് നിലനിര്‍ത്താന്‍ തുടര്‍ഭരണമാവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് യുഡിഎഫിന്റെ പ്രകടന പത്രികയെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

യുഡിഎഫ് മാനിഫെസ്റ്റോയുടെ പാപ്പരത്തം പൂര്‍ണ്ണമായി വെളിപ്പെടുന്നത് അടിസ്ഥാനസൗകര്യ വികസന മേഖലയിലാണ്. കേരളത്തില്‍ ഇന്നു നടക്കുന്ന ഏറ്റവും വലിയ പശ്ചാത്തലസൗകര്യ നിര്‍മ്മിത കിഫ്ബി പ്രോജക്ടുകളാണ്.

60000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇവ മുന്നോട്ടു കൊണ്ടുപോകുമോ ഇല്ലയോ എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം. ഇതില്‍ എന്താണ് യുഡിഎഫിന്റെ നിലപാട്? ഞങ്ങളുടെ മാനിഫെസ്റ്റോ പറയുന്നത് തുടര്‍ഭരണം ഉണ്ടെങ്കിലേ ഇതു പൂര്‍ത്തിയാവൂ എന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യുഡിഎഫ് മാനിഫെസ്റ്റോയുടെ പാപ്പരത്തം പൂര്‍ണ്ണമായി വെളിപ്പെടുന്നത് അടിസ്ഥാനസൗകര്യ വികസന മേഖലയിലാണ്. കേരളത്തില്‍ ഇന്നു നടക്കുന്ന ഏറ്റവും വലിയ പശ്ചാത്തലസൗകര്യ നിര്‍മ്മിത കിഫ്ബി പ്രോജക്ടുകളാണ്. 60000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇവ മുന്നോട്ടു കൊണ്ടുപോകുമോ ഇല്ലയോ എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം. ഇതില്‍ എന്താണ് യുഡിഎഫിന്റെ നിലപാട്? ഞങ്ങളുടെ മാനിഫെസ്റ്റോ പറയുന്നത് തുടര്‍ഭരണം ഉണ്ടെങ്കിലേ ഇതു പൂര്‍ത്തിയാവൂ എന്നാണ്.

അല്ല, കിഫ്ബിയോടുള്ള നിലപാട് എന്ത്? അത് ഉടച്ചുവാര്‍ക്കും എന്നൊരു നേതാവ് പ്രസംഗിച്ചു. ഉടയ്ക്കുന്നതിന് മുന്‍പ് എങ്ങനെയാണ് വാര്‍ക്കാന്‍ പോകുന്നതെന്ന് പറയണ്ടേ? അത് അന്വേഷിച്ചു യുഡിഎഫ് മാനിഫെസ്റ്റോ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നും കാണാന്‍ കഴിയില്ല. ഈ ഒളിച്ചുകളി അവസാനിപ്പിക്കണം. കിഫ്ബിയെ ഇല്ലാതാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം കൂടാനാണോ പരിപാടി? അതോ കിഫ്ബിയെ സംരക്ഷിക്കാനോ?

അടിസ്ഥാനസൗകര്യ വികസനം എന്നൊരു പ്രത്യേക ഭാഗം മാനിഫെസ്റ്റോയില്‍ ഉണ്ട്. കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നു സുപ്രധാന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ച കൊച്ചി – കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി. രണ്ടാമത്തേത്, കൊച്ചി – മംഗാലാപുരം ഇടനാഴി. അതിപ്പോള്‍ കേന്ദ്ര പരിഗണനയിലാണ്. മൂന്നാമത്തേത്, തിരുവനന്തപുരം ക്യാപ്പിറ്റല്‍ റീജിയണ്‍ വികസന പദ്ധതി. ഈ മൂന്നു ബൃഹദ് പദ്ധതികളും തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് പ്രകടന പത്രികയില്‍ ഇവയെക്കുറിച്ച് പരാമര്‍ശം പോലുമില്ല.

ഗതാഗതത്തെക്കുറിച്ചുള്ള ഭാഗത്ത് റെയില്‍വേ വികസനം തൊട്ടിട്ടേയില്ല. നേരത്തെ യുഡിഎഫ് ഹൈ-സ്പീഡ് റെയില്‍ കോറിഡോറിനെക്കുറിച്ചു പറഞ്ഞിരുന്നു. മീഡിയം സ്പീഡ് റെയില്‍ കോറിഡോറിനെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. എന്താണ് നിങ്ങളുടെ നിലപാട്? നമുക്കു കൂടുതല്‍ റെയില്‍വേ ലൈനുകള്‍ വേണ്ടേ?

നാല് പ്രധാനപ്പെട്ട വിമാനത്തവാളങ്ങളും ഹൈടെക്ക് ആക്കി വികസിപ്പിക്കുമെന്ന വാഗ്ദാനം ഉണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി റാഞ്ചിയത് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലേ? വൈദ്യുതി മേഖലയാണ് കാഴ്ചാപ്പാടില്ലായ്മയ്ക്ക് ഒരു ഉദാഹരണം.

4000 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുമെന്ന് പറയുന്നു. എങ്ങനെ? താപനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശമുണ്ടോ? അതോ ഇത് മുഴുവന്‍ പാരമ്പര്യരേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാണോ? കേരളത്തിലിന്ന് അത്യന്താപേക്ഷിതം പുതിയൊരു ട്രാന്‍സ്മിഷന്‍ ലൈന്‍ (ട്രാന്‍സ്ഗ്രി്ഡ് -2 ) എന്നതും വിതരണ ശൃംഖല ശക്തിപ്പെടുത്തലും എന്നതാണെന്ന് യുഡിഎഫിന് അറിവുപോലും ഇല്ല.

ചുരുക്കത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് ഏറ്റവും വികലമായ കാഴ്ചപ്പാടാണ് യുഡിഎഫിനുള്ളത്. ഇതിനുള്ള പണം എങ്ങിനെ ഉണ്ടാക്കുമെന്ന ചിന്ത പോലുമില്ല. കേരളത്തിലെ പശ്ചാത്തലസൗകര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരുന്ന വികസനക്കുതിപ്പ് നിലനിര്‍ത്താന്‍ തുടര്‍ഭരണം കൂടിയേ തീരു എന്നതിന് അടിവരയിടുന്ന ഒരു രേഖയായിപ്പോയി യുഡിഎഫ് പ്രകടനപത്രിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News