എ കെ ജി ദിനത്തില്‍ തൃത്താലക്കാര്‍ ഓര്‍ക്കേണ്ടത്…അഡ്വ. ടി കെ സുരേഷ് എഴുതുന്നു

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂര്യതേജസ്സായ സഖാവ് എ കെ ജിയുടെ ഉജ്വല സ്മരണകളുമായാണ് തൃത്താലയിലെ ജനാധിപത്യ വിശ്വാസികൾ പോളിങ്ങ് ബൂത്തിലേക്കെത്തുന്നതെന്ന് അഡ്വ. ടി കെ സുരേഷ്. മാര്‍ച്ച് 22 എ കെ ജി അനുസ്മരണ ദിനത്തില്‍ അദ്ദേഹത്തിന്‍റെ ഇന്നും ജ്വലിച്ചുനില്‍ക്കുന്ന കർമ്മസ്മരണകളെ തൃത്താലക്കാര്‍ക്ക് ഓര്‍മ്മപ്പെടുത്തുകയാണ് അഡ്വ. ടി കെ സുരേഷ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

ഈ തിരഞ്ഞെടുപ്പിൽ എ.കെ.ജി യുടെ ഉജ്വല സ്മരണകളുമായാണ് തൃത്താലയിലെ ജനാധിപത്യ വിശ്വാസികൾ പോളിങ്ങ് ബൂത്തിലേക്കെത്തുന്നത്. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികളിലൊരാളായ എ.കെ.ജി യുടെ മഹത്തരമായ കർമ്മസ്മരണങ്ങൾ ഈ മണ്ണിൽ ജനവിധി തേടുകയാണ്.ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന, അധികാരികളുടെ പേടിസ്വപ്നമായ.ജനകോടികളുടെ ഇടനെഞ്ചിലെ മിടിപ്പായ .. സ:എ.കെ.ജി.യെ അപമാനിച്ചവർക്ക് തൃത്താല മാപ്പ് നൽകില്ലെന്നും അഡ്വ. ടി കെ സുരേഷ് കുറിച്ചു.

തൃത്താലയിൽ ജനവിധി തേടുന്നത് സ:എം.ബി.രാജേഷും ഇടതുമുന്നണിയും മാത്രമല്ല. കറകളഞ്ഞ കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും പാവങ്ങളുടെ പടത്തലവനുമായ സ:എ.കെ.ജി.യുടെ ജ്വലിക്കുന്ന സ്മരണകൾ കൂടിയാണ്. ആ സ്മരണകൾ ഹൃദയത്തിലിരമ്പുന്ന തൃത്താലക്കാരുടെ ഉന്നത രാഷ്ട്രീയ സംസ്കാരമാണ്.

സ: എ.കെ.ജി യെ അശ്ലീലഭാഷയിൽ അപമാനിച്ച സംസ്ക്കാരശൂന്യരെ തൃത്താലയുടെ മണ്ണിൽ നിന്നും തൂത്തെറിഞ്ഞേ പറ്റൂ. ഞങ്ങൾ അശ്ലീലത്തിന്‍റെ ആരാധകരല്ലെന്നും, സംസ്ക്കാര സമ്പന്നരാണെന്നും തൃത്താലക്കാർക്ക് തെളിയിച്ചേ പറ്റൂ എന്നും ടി കെ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വ. ടി കെ സുരേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

സ്വന്തമെന്നു പറയാൻ മാന്യമായ ഒരു പേരിനു പോലും അവകാശമില്ലാതെ…, ഞാൻ എന്നു പോലും സ്വയം വിശേഷിപ്പിക്കാൻ അധികാരമില്ലാതെ…, നിവർന്നു നിൽക്കാൻ ആവതില്ലാതെ…, നട്ടെല്ലുവളച്ചും റാൻ മൂളിയും മുട്ടിലിഴഞ്ഞിരുന്ന ഒരു ജനതയെ, നട്ടെല്ലുവളയ്ക്കാതെ, നെഞ്ചു വിരിച്ച് നിവർന്നു നിന്ന് ഞാനെന്നു പറയാൻ പ്രാപ്തമാക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തനായ പടത്തലവൻ സഖാവ്: എ.കെ.ജി.യെ തൃത്താലക്കാർ മാത്രമല്ല , ഏതൊരു മനുഷ്യസ്നേഹിയും നെഞ്ചോടു ചേർത്ത് ഗാഢമായി സ്നേഹിക്കുന്നു ..
ബഹുമാനിക്കുന്നു..

ഇന്ത്യൻ രാഷ്ടീയത്തിലെ സൂര്യതേജസ്സായ സഖാവ് AKG യെ അപമാനിക്കാൻ ദുർഗന്ധം പേറുന്ന ചിന്തകളുമായി ഇന്നലപെയ്ത മഴയ്ക്ക് പൊട്ടിമുളച്ച ചില പടുവൈകൃതങ്ങൾക്ക് ലൈംലൈറ്റിൽ തിളങ്ങുന്ന വർണ്ണഘോഷങ്ങൾ ഇനി ഏറെനാളില്ല ..

ആ വൃത്തികെട്ട സാംസ്കാരിക ജീർണ്ണതയ്ക്കൊപ്പം തൃത്താലയുടെ പേരു കൂടി കൂട്ടിക്കെട്ടി തൃത്താലയെ അപമാനിച്ച വിദ്യാസമ്പന്നമെന്ന് സ്വയം ഘോഷിക്കുന്ന, രാഷ്ട്രീയ അശ്ലീലങ്ങൾക്കെതിരെ
സമ്മതിദാനാവകാശത്തിലൂടെ പകരം വീട്ടാനൊരുങ്ങിയിരിക്കുന്നു സംസ്ക്കാര സമ്പന്നമായ തൃത്താലയുടെ മണ്ണും മനസ്സും..
ബിരുദങ്ങൾ സംസ്ക്കാരത്തിന്റെയോ സാമൂഹ്യബോധത്തിന്റെയോ അളവുകോലല്ലെന്ന് തൃത്താലക്കാർക്ക് പഠിക്കാൻ ഏറെയൊന്നും വേണ്ടി വന്നില്ല .

ഒരു വിദ്യാസമ്പന്നനായ സംസ്ക്കാര ശൂന്യൻ്റെ ഒരൊറ്റ ഫെയ്സ് ബുക്ക് കമൻ്റ് മാത്രം ധാരാളമായിരുന്നു ..
എങ്കിലും ഒരു ജനപ്രതിനിധി തൻ്റെ പ്രൊഫൈലിൽ പ്രദർശിപ്പിച്ച ബിരുദക്കാഴ്ച്ചകളിൽ തുടർന്നും ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തതായി കാണുമ്പോൾ, ആ വിദ്യാഭ്യാസ സമ്പ്രദായത്തോടു തന്നെ പുശ്ചം തോന്നുന്നവരെ നമുക്കെങ്ങിനെ കുറ്റപ്പെടുത്താനാകും ?
ബിരുദങ്ങളുടെ കൂട്ടത്തിൽ LL.B കൂടി കണ്ടപ്പോഴാണ് ആശങ്കയുടെ ചോദ്യചിഹ്നങ്ങൾക്ക് ഒന്നുകൂടി കട്ടികൂടിയത് .
LL.B കരിക്കുലത്തിലെ ഏറ്റവും സുപ്രധാനമായ ഒരു സബ്ജക്റ്റാണ് Indian Constitution അഥവാ ഇന്ത്യൻ ഭരണഘടന.

ഭരണഘടന പഠിക്കുമ്പോൾ അതിൽ മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന നിരവധി ആർട്ടിക്കിളുകളിൽ വളരെ പ്രസക്തമായതാണ് ആർട്ടിക്കിൾ 22.
Protection against Arrest and detention. അതായത് – അറസ്റ്റിനും തടങ്കലിൽ വയ്ക്കുന്നതിനുമെതിരായ സംരക്ഷണം.
ഭരണഘടനയുടെ സാദ്ധ്യതകൾ കൂടുതലായി വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത കാലം..
1950 ൽ പാർലമെന്റ് Preventive Detention Act (കരുതൽ തടങ്കൽ നിയമം) പാസ്സാക്കി.

അക്കാലത്ത് പ്രധാനമന്ത്രി
ശ്രീ:ജവഹർലാൽനെഹ്രു ..
ഭരണകൂടത്തിന് മനുഷ്യാവകാശങ്ങളെ ഹനിക്കുവാൻ പരിധിയില്ലാത്ത അധികാരം നൽകുന്ന ഈ കരിനിയമത്തിലെ മനുഷ്യാവകാശ വിരുദ്ധ വകുപ്പുകളുടെ സാധുതയെയാണ്
AK Gopalan V/s State of Madras (AIR 1950 SC Page 27) എന്ന കേസിൽ സ: A.K.G ബഹു:സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത് .
അതും സുപ്രീം കോടതിയിലെ കൊടികെട്ടിയ വക്കീലൻമാരുടെ സഹായമില്ലാതെ.

ഭരണഘടനാ ബഞ്ചിലെ 6 ജഡ്ജിമാർ ഒരുമിച്ച് സ: A.K.G യുടെ വാദം കേട്ടു .
മനുഷ്യൻ എന്ന ഉദാത്തമായ പദത്തിന്റെ അർത്ഥം മുതൽ , ഹൃദയത്തിൽ നിന്നുതിർന്നു വീണ മണ്ണിന്റെയും മനുഷ്യന്റെയും വിയർപ്പിൻ്റെയും മണമുള്ള ചേതനയുള്ള വാക്കുകൾ ..
ഇന്ത്യൻ ഭരണഘടനയിലെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അകക്കാമ്പും പൊരുളും ,മൗലികാവകാശങ്ങളുടെ സാധ്യതകളും അരക്കിട്ടുറപ്പിക്കപ്പെടുന്നതായിരുന്നു ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്കു വേണ്ടി
സ: AKG പൊരുതിയും വാദിച്ചും നേടിയ ബഹു:സുപ്രീം കോടതിയുടെ വിഖ്യാതമായ വിധി.

നെഹ്രുവിന്റെ പാർലമെന്റ് പാസ്സാക്കിയ, മനുഷ്യാവകാശങ്ങളുടെ അന്ത്യം കുറിക്കുന്ന പ്രിവന്റീവ് ഡിറ്റൻഷൻ ആക്റ്റിലെ മനുഷ്യാവകാശങ്ങളെ അത്രമേൽഹനിക്കുന്ന വകുപ്പ് 14 ആണ് AKG യുടെ നിയമ പോരാട്ടത്തിലൂടെ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഐക്യകണ്ഠേന അസാധുവാക്കിയത്…

ഭരണഘടനയിലെ മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന ആർട്ടിക്കിളുകൾ പൂത്തുലഞ്ഞത് AKG കേസിലൂടെയാണ്.
ഇന്ത്യൻ ഭരണഘടനയും അതിലെ ആർട്ടിക്കിളുകളും പഠിക്കാതെയോ ,സുപ്രീം കോടതിയിൽ
സ:A.K.ഗോപാലനുയർത്തിയ നിയമ പോരാട്ടങ്ങളും , ഭരണഘടനയിലെ മനുഷ്യാവകാശത്തിന്റെ മേഖലകളിൽ അദ്ദേഹത്തിന്റെ ഉദാത്ത സംഭാവനകളും പഠിക്കാതെയോ ഒരാൾക്ക് നല്ല രീതിയിൽ നിയമ പരീക്ഷ പാസ്സാകാനോ ഒരു നല്ല അഭിഭാഷകനാകാനോ സാദ്ധ്യമല്ല.
രാഷ്ടീയ രംഗത്തും , ഇന്ത്യൻ പാർലമെന്ററി രംഗത്തും മാത്രമല്ല ഇന്ത്യയിലെ നിയമ വ്യവസ്ഥക്കു തന്നെ മഹത്തരമായ സംഭാവനകൾ നൽകിയ മഹാത്മാവാണ് സ: AKG.

ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ടങ്ങളിലെ
ജ്വലിക്കുന്ന അഗ്നിയാണ് സ: AKG
ജനകീയ സമരങ്ങളുടെ മുന്നണി പോരാളി മാത്രമല്ല മികച്ച പാർലമെൻ്റേറിയനുമായിരുന്നു സ:AKG
1952 ൽപാർലിമെന്റിൽ ആകെ അംഗ സംഖ്യ 489. കോൺഗ്രസ്സിന് 364 . കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 16, മറ്റെല്ലാവർക്കും കൂടി 109 .
അന്ന് പ്രതിപക്ഷത്തിന് ആകെ 125 സീറ്റുണ്ടായിട്ടുപോലും പ്രതിപക്ഷത്തിന് ഔദ്യോഗിക പദവി നിശ്ചയിക്കാൻ കോൺഗ്രസ്സിന്റെ സ്വേശ്ചാധിപത്യ മനോഭാവം തയ്യാറായില്ല.

ജനുവരി 1952 മുതൽ ഡിസംബർ 1969 വരെയുള്ള കാലയളവിലെ ലഭ്യമായ രേഖകൾ പരിശോധിച്ചാൽ കാണാം
No Official Opposition.
പക്ഷേ ഇന്നത്തെ കോൺഗ്രസ്സുകാരേ പോലെ RSS ഭക്തിയില്ലാത്ത – സോഷ്യലിസ്റ്റ് വികാരം ചിന്തകളിലെവിടെയോ ഉള്ള നെഹ്രു പാർലിമെന്റിന്റെ ഒന്നാം നിരയിൽ പ്രതിപക്ഷ നേതാവായി ആദരിച്ചിരുത്തിയിരുന്നത്
സ: ഏ.കെ.ജി.യെയാണ്.

പ്രതിപക്ഷ നേതാവിൻ്റെ
ഔദ്യോഗിക പട്ടവും , അലവൻസും കൊടി വെച്ച കാറുമില്ലെങ്കിലും.. തികഞ്ഞ കമ്മൂണിസ്റ്റ് ബോധത്തോടെ, പൗരധർമ്മത്തോടെ ക്രിയാത്മക പ്രതിപക്ഷ നേതാവിന്റെ കർമ്മനിർവ്വഹണം നടത്തുകയായിരുന്നു സ: AKG.
ആദ്യ ഇന്ത്യൻ പാർലിമെന്റിലെ പ്രതിപക്ഷ നിരയിലെ 125 ൽ ഒന്നാമനായി..
ആദ്യ പ്രതിപക്ഷ നേതാവായി തന്നെ.
ആ മനുഷ്യസ്നേഹിയുടെ പ്രസംഗങ്ങൾക്കായി കാതു കൂർപ്പിച്ചിരുന്നിരുന്നു പ്രധാനമന്ത്രി
ശ്രീ ജവഹർലാൽനെഹ്രു..

ആ മഹാനായ എ.കെ.ജി യെയാണ് ഏറ്റവും മ്ലേശ്ചമായ രീതിയിൽ ദുർഗന്ധം പേറുന്ന തലച്ചോറുകൾ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചത് .. അപനിർമ്മിതി നടത്താൻ ശ്രമിച്ചത് ..
മഹാൻമാരായ രാഷ്ട്രീയ നേതാക്കളെ അപനിർമ്മിക്കാനുളള ശ്രമം ഈ അടുത്ത കാലത്ത് ഇത് ആദ്യത്തെയല്ല ..
ഗാന്ധിജിയെ മഹാത്മാവെന്നു വിളിക്കരുതെന്നും, ഗാന്ധിയേക്കാൾ വലിയ ദേശഭക്തൻ ഗോഡ്സേയാണെന്നും വാദിച്ച് ഗോഡ്സേയെ പൂജിക്കുന്നവർ…
ഗാന്ധി പ്രതിമ മാറ്റി ഗോഡ്സേ പ്രതിമ സ്ഥാപിക്കണമെന്നു പറയുന്നവർ ..
ഗാന്ധിയെ അപനിർമ്മിക്കുന്നവർ …

അടുത്ത കാലത്തുപോലും ഗാന്ധിയുടെ രൂപംകെട്ടിയുണ്ടാക്കി അതിലേക്ക് വെടിയുതിർത്തി രസിക്കുന്നവർ..
ദേശീയ ഗാനമെഴുതിയത് ബ്രിട്ടീഷ് രാജ്ഞിയെ ആദരിക്കാനാണെന്നു പറഞ്ഞ് ദേശീയ ഗാനത്തെയും ടാഗോറിനെയും അവഹേളിക്കുന്നവർ…
വെറും മൂന്നു തുണിക്കഷ്ണങ്ങൾ തുന്നിച്ചേർത്തതല്ല, കാവിധ്വജമാണ് ദേശീയ പതാകയാക്കേണ്ടതെന്നു വാദിക്കുന്നവർ ..

ഇലക്ഷൻ നടത്താതെയും തിരഞ്ഞെടുക്കപ്പെടാതെയും ഒരർഹതയുമില്ലാതെയും , പലരെയും കുതികാൽ വെട്ടിയാണ്
1947 ൽ കഴിവുകെട്ട നെഹ്രു പ്രധാനമന്ത്രിയായതെന്ന് ആരോപിക്കുന്നവർ ..
നെഹ്രുവല്ല പട്ടേലാണ് മഹാരഥനെന്നു പ്രഖ്യാപിച്ച് കൂറ്റൻ പട്ടേൽ പ്രതിമകൾ നിർമ്മിക്കുന്നവർ …
അംബേദ്കർ ഭരണഘടനാ ശിൽപ്പിയേ അല്ല എന്നു വാദിക്കുന്നവർ
ഇതിന്റെ തുടർച്ച കൂടിയായാണ്
AKG യെ അപനിർമ്മിക്കാനുള്ള ഹീനശ്രമത്തെ കാണേണ്ടത്.
പക്ഷേ AKG യെ അപമാനിക്കാൻ മാരീചൻ കയറി വന്നത് കാവി വേഷത്തിലല്ലെന്നു മാത്രം ..

മോഹിനീ വേഷം പൂണ്ട പൂതനയെപ്പോലെ ഖദർ ധാരിയായാണ് കാവിപുരട്ടിയ അമേധ്യബുദ്ധി ഇതിനായി അവതരിച്ചത്.
അത് ഈ തൃത്താലയുടെ മണ്ണിൽ നിന്നായതാണ്, മനുഷ്യ സ്നേഹികളായ തൃത്താലക്കാരെ ഏറെ വേദനിപ്പിക്കുന്നത് .
എന്തെന്നാൽ ഞങ്ങൾ തൃത്താലക്കാർ മഹാനായ സ:AKGയെ ഹൃദയം കൊണ്ടറിയുന്നവരാണ് ..

ആ മനുഷ്യ സ്നേഹിയുടെ കർമ്മപഥങ്ങളെ തൊട്ടറിഞ്ഞവരാണ്.
ഉന്നത സംസ്ക്കാരം കാത്തു സൂക്ഷിക്കുന്നവരാണ് ..
ഇന്ത്യൻ ഭരണഘടനയുടെ ടെസ്റ്റു പുസ്തകം വെറുതേയൊന്ന് മറിച്ചു നോക്കിയാൽ..
ഏതു ഭാഗത്തു നിന്നു മറിച്ചാലും അവിടെ മനുഷ്യാവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അക്ഷരക്കൂട്ടങ്ങൾക്കിടയിലെല്ലാം തിളങ്ങുന്ന വർണ്ണങ്ങളിൽ കാണുന്ന AKG യെന്ന ആ മഹാമനുഷ്യനെ …
ആ മഹാത്മാവിനെ..

ഞങ്ങൾ തൃത്താലക്കാർ കൂടി ഉൾപ്പെടുന്ന പൊതു സമൂഹത്തിൻ്റെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ
ആ ധീരനായ കമ്മ്യൂണിസ്റ്റിനെ
ഹൃദയത്തിൽ ചേർത്ത് സ്നേഹിക്കുന്നവരാണ് ഞങ്ങൾ..
ഈ തിരഞ്ഞെടുപ്പിൽ എ.കെ.ജി യുടെ ഉജ്വല സ്മരണകളുമായാണ് തൃത്താലയിലെ ജനാധിപത്യ വിശ്വാസികൾ പോളിങ്ങ് ബൂത്തിലേക്കെത്തുന്നത്..

ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികളിലൊരാളായ എ.കെ.ജി യുടെ മഹത്തരമായ കർമ്മസ്മരണങ്ങൾ ഈ മണ്ണിൽ ജനവിധി തേടുകയാണ്.
ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന, അധികാരികളുടെ പേടിസ്വപ്നമായ..
ജനകോടികളുടെ ഇടനെഞ്ചിലെ മിടിപ്പായ .. സ:എ.കെ.ജി.യെ അപമാനിച്ചവർക്ക് തൃത്താല
മാപ്പ് നൽകില്ല ..
തൃത്താലയിൽ ജനവിധി തേടുന്നത് സ:എം.ബി.രാജേഷും ഇടതുമുന്നണിയും മാത്രമല്ല ..

കറകളഞ്ഞ കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും പാവങ്ങളുടെ പടത്തലവനുമായ സ:എ.കെ.ജി.യുടെ ജ്വലിക്കുന്ന സ്മരണകൾ കൂടിയാണ്..
ആ സ്മരണകൾ ഹൃദയത്തിലിരമ്പുന്ന തൃത്താലക്കാരുടെ ഉന്നത രാഷ്ട്രീയ സംസ്കാരമാണ് ..
സ: എ.കെ.ജി യെ അശ്ലീലഭാഷയിൽ അപമാനിച്ച സംസ്ക്കാരശൂന്യരെ തൃത്താലയുടെ മണ്ണിൽ നിന്നും തൂത്തെറിഞ്ഞേ പറ്റൂ ..
ഞങ്ങൾ അശ്ലീലത്തിൻ്റെ ആരാധകരല്ലെന്നും, സംസ്ക്കാര സമ്പന്നരാണെന്നും തൃത്താലക്കാർക്ക് തെളിയിച്ചേ പറ്റൂ ..
ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel