പ്രതിപക്ഷത്തിന്റെ നുണപ്രചരണങ്ങൾ ഏറ്റെടുത്ത മാധ്യമങ്ങൾ യുഡിഎഫ്‌ ഘടകകക്ഷികളെ പോലെയായി: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ ജനഹിതം എതിരാണെന്ന്‌ കണ്ടതോടെ പ്രതിപക്ഷം നുണകഥകളും ആരോപണങ്ങളും പ്രചരിപ്പിച്ച്‌ പിടിച്ചുനിൽക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സത്യം ജനങ്ങളിലേക്കെത്തിക്കേണ്ട മാധ്യമങ്ങൾ ആ നുണകഥകളും അപവാദപ്രചരണവും ഏറ്റെടുത്ത്‌ പ്രചരിപ്പിച്ച്‌ യുഡിഎഫ്‌ ഘടകകക്ഷികളെ പോലെയാണ്‌ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി കോട്ടയത്ത്‌ വാർത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ആരോപണം ഉന്നയിക്കുക എന്നത് പ്രതിപക്ഷം ദിനചര്യയാക്കി മാറ്റി. അത്‌ പ്രചരിപ്പിക്കാൻ മാധ്യമങ്ങളും ശ്രമിക്കുന്നു. പി എസ് സി നിയമനങ്ങളുടെ തെറ്റായ കണക്ക് കൊടുക്കുന്ന മാധ്യമങ്ങൾക്കും അറിയാം അത് നുണയാണെന്ന് . വസ്തുതകൾ കൊടുക്കേണ്ട മാധ്യമങ്ങൾ യു ഡി എഫിന്റെ ഘടക കക്ഷിയെപ്പോലെ പ്രവർത്തിക്കുന്നത് ഉചിതമാണോ എന്ന് സ്വയം പരിശോധിക്കണം.

കഴിഞ്ഞ 5 വർഷക്കാലത്തെ അനുഭവം അടിസ്‌ഥാനമാക്കിയാണ്‌ ജനങ്ങൾ തെരഞ്ഞെടുപ്പിനെ സമീപിക്കുക. 2016ൽ ഒരു മാറ്റം ജനം ആഗ്രഹിച്ചു. ആവർ ആഗ്രഹിച്ച മാറ്റം എൽഡിഎഫ്‌ സർക്കാർ കൊണ്ടുവരണം എന്നതായിരുന്നു അത്‌. സാധാരണ ഗതിയിൽ വിജയിക്കാൻ പറ്റാത്ത തരത്തിലുള്ള മഹാപ്രളയമടക്കമുള്ള പ്രതിസന്ധികളായിരുന്ന നമ്മൾ ഇക്കാലയളവിൽ നേരിട്ടത്‌. ഇടവേളകളില്ലാതെ ഇവയെല്ലാം നേരിട്ടിട്ടും ജനങ്ങൾ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടിൽ നടന്നു. വികസന കാര്യങ്ങളിൽ പിറകോട്ട്‌ പോയില്ല. സർക്കാരിന്‌ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യാൻ കഴിഞ്ഞു . ആ ബോധ്യത്തിലാണ്‌ എൽഡിഎഫ്‌ ജനങ്ങളെ സമീപിക്കുന്നത്‌.

ഇതിനെ നേരിടാൻ കോൺഗ്രസിനും യുഡിഎഫിനും ബിജെപിക്കും മറ്റ്‌ മാർഗങ്ങൾ ഇല്ലാത്തതിനാലാണ്‌ വലിയ തോതിൽ നുണകൾ ആരോപിക്കുന്നത്‌. അരോപണങ്ങൾ ഉന്നയിക്കുന്നത്‌ ചിലർക്ക്‌ ഒരു ദിന്യചര്യയായി മാറി.
അതിൽ വിശദീകരണം വരുമ്പോൾ മറ്റൊരു ആരോപണം ഉന്നയിക്കും. അത്‌ പറഞ്ഞില്ലെങ്കിൽ വലിയ അഴിമതി നടന്നേന്നേ.. എന്ന്‌ പറയുക.എന്നാൽ ആരോപണങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകരുകയാണ്‌.

കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുമ്പോൾ ഇന്ധന വില വർധനക്കെതിരെ സൈക്കിൾ ഉരുട്ടിയും കാളവണ്ടിയിൽ കയറിയവരും ഇവിടെയുണ്ടല്ലോ.ഇതൊന്നും ജനങ്ങൾ മറന്നിട്ടല്ല, മറക്കുകയുമില്ല. ഇപ്പോൾ എന്താണ് അവർ ഒന്നും മിണ്ടാത്തത്. ഇന്ധനവില കൂട്ടി ആദ്യം കോൺഗ്രസ് ആണ് ജനങ്ങളെ മുറിവേൽപ്പിച്ചത്.ബിജെപി ആ മുറിവിൽ എരിവ് പുരട്ടി കൂടുതൽ ദ്രോഹിക്കുകയാണ്.

വോട്ടിന്‌ വില വാങ്ങിയും വിലകൊടുത്തും ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ശ്രമം. ഇത്തവണയും തെരഞ്ഞെടുപ്പിൽ അവിശുദ്ധമായ ചില അടിയൊഴുക്കുകൾക്ക് നീക്കം നടത്തുന്നുണ്ട്‌.നേമത്ത്‌ അത്‌ നടന്നുവെന്ന്‌ അന്ന്‌ വിജയിച്ച ആളും തോറ്റ യുഡിഎഫ്‌ സ്‌ഥാനർഥിയും ഒരുപോലെ പറയുന്നു. വോട്ടുകച്ചവടം നടത്തി. ബിജെപിക്ക്‌ നേമത്ത്‌ നിന്ന്‌ അക്കൗണ്ട്‌ തുടങ്ങാനുള്ള അവസരം യുഡിഎഫ്‌ ഒരുക്കികൊടുത്തു. പകരം മറ്റിടങ്ങളിൽ ബിജെപി വോട്ട്‌ യുഡിഎഫിന്‌ നൽകി.

ബിജെപിക്ക്‌ ഇത്തവണ മൂന്ന്‌ മണ്ഡലങ്ങളിൽ സ്‌ഥാനാർഥി ഇല്ലായെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്‌. അവിശുദ്ധമായ അടിയൊഴുക്കുകൾക്കുള്ള നീക്കമാണത്‌. ചില മണ്‌ഡലങ്ങളിൽ വോട്ട്‌ മറിക്കാൻ സഹായകമാകുന്ന സ്‌ഥാനാർഥികളെ നിർത്തിയും ശ്രമം തുടരുകയാണെന്നും എന്നാൽ ജനഹിതം എൽഡിഎഫിന്‌ അനുകൂലമായാണ്‌ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here