എൽഡിഎഫ്‌ വിജയം ഉറപ്പായപ്പോൾ ചെന്നിത്തലയ്‌ക്ക്‌ വിഭ്രാന്തി: കോടിയേരി ബാലകൃഷ്‌ണൻ

അഭിപ്രായ സർവെ ഫലങ്ങളെല്ലാം എൽഡിഎഫ്‌ ചരിത്രവിജയത്തോടെ തുടർഭരണത്തിലേറുമെന്ന്‌ പ്രവചിച്ചതോടെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ വിഭ്രാന്തി പിടിപെട്ടിരിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

എകെജി ദിനത്തിൽ എകെജി പാർക്കിൽ പുഷ്‌പാർച്ചനയ്‌ക്ക്‌ ശേഷം അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എല്ലാ സർവെ ഫലങ്ങളും തുടർ ഭരണം പ്രവചിച്ചപ്പോൾ സർവെകൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌ രമേശ്‌ ചെന്നിത്തല. സർവെ ഫലം എൽഡിഎഫിന്‌ അനുകൂലമായപ്പോൾ ചെന്നത്തലയ്‌ക്ക്‌ അവയെല്ലൊം പെയ്‌ഡ്‌ സർവെയായി.

കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ചില സർവെകൾ യുഡിഎഫിന്‌ 20–-20 പ്രവചിച്ചപ്പോൾ കൊട്ടിഘോഷിച്ച ചെന്നിത്തലയാണ്‌ ഇപ്പോൾ സർവെകൾക്ക്‌ എതിരെ തിരിഞ്ഞിരിക്കുന്നത്‌. എൽഡിഎഫിന്‌ തുടർഭരണമെന്നത്‌ ജനാഭിലാഷമാണ്‌. കെപിസിസി വർക്കിങ് പ്രസിഡന്റ്‌ കെ സുധാകരനും തുടർഭരണമെന്ന്‌ വരാൻ പോകുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സുധാകരനുപോലും വ്യക്തമായ കാര്യത്തിൽ ചെന്നിത്തല ഇങ്ങനെ വെറളി പിടിച്ചിട്ടെന്തുകാര്യം.

രണ്ട്‌ വോട്ടുതട്ടാൻ എക്കാലത്തും എൽഡിഎഫിനെതിരെ എന്ത്‌ നുണപ്രചാരണത്തിനും മടിയില്ലാത്തവരാണ്‌ യുഡിഎഫുകാർ. എൽഡിഎഫ്‌ ജയിക്കുമെന്ന്‌ വരുമ്പോഴെല്ലാം കള്ളവോട്ട്‌ ആരോപണവുമായി കോൺഗ്രസ്‌ രംഗത്തിറങ്ങാറുണ്ട്‌. ഇത്‌ മുൻകൂർ ജാമ്യമെടുക്കലാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും മുമ്പ്‌ തന്നെ കള്ളവോട്ട്‌ ആരോപണവുമായി ഇക്കുറി കോൺഗ്രസ്‌ രംഗത്തെത്തി.

കമീഷൻ പ്രസിദ്ധീകരിക്കും മുമ്പ്‌ ചെന്നിത്തല പ്രസിദ്ധീകരിച്ച വോട്ടർപട്ടിക എങ്ങനെ ഔദ്യോഗികമാകും. ചെന്നിത്തല ചൂണ്ടിക്കാട്ടിയ കള്ളവോട്ടിൽ സൂചിപ്പിക്കുന്ന വ്യക്തിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്‌ വോട്ട്‌ ചേർത്തത്‌ കോൺഗ്രസുകാരാണെന്ന്‌. പട്ടികയിൽ എത്ര ഇടങ്ങളിൽ പേരുണ്ടായാലും ഒരാൾക്ക്‌ ഒരു വോട്ടേ ചെയ്യാനാകൂ ചെയ്യാനാകൂ എന്നത്‌ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്‌.

കോൺഗ്രസിലെ മത്സരം പ്രതിപക്ഷ നേതാവാകാൻ
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത്‌ പരാജയം ഉറപ്പായപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തിന്‌ വേണ്ടിയുള്ള മത്സരമാണ്‌ ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവാകാൻ ഉമ്മൻചാണ്ടിയും സ്ഥാനം നിലനിർത്താൻ ചെന്നിത്തലയും പോരാട്ടത്തിലാണ്‌. കൂടുതൽ സീറ്റിനുവേണ്ടി എ, ഐ ഗ്രുപ്പുകൾ മത്സരിക്കുകയായിരുന്നു. കൊള്ളമുതൽ പങ്കുവയ്‌ക്കുന്നതുപോലെയായിരുന്നു കോൺഗ്രസിലെ സ്ഥാനാർഥി നിർണയമെന്ന്‌ പാർടി വിട്ട പി സി ചാക്കോതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്ക്‌ മറിച്ച്‌ നൽകിയ നേമം മോഡൽ ഇക്കുറി വട്ടിയൂർകാവിൽ പരീക്ഷിക്കാനാണ്‌ കോൺഗ്രസ്‌ നീക്കം. നേമത്തെ കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്ക്‌ മറിചച്‌ നൽകിയതിന്‌ പ്രത്യുപകാരമായി കഴിഞ്ഞ തവണ തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിനെ ബിജെപി സഹായിച്ചിരുന്നു. ഇക്കുറി വട്ടിയൂർകാവിലും തിരുവനന്തപുരവുമാണ്‌ കച്ചവടത്തിന്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

കോർപറേഷൻ തെരഞ്ഞെടുപ്പിൽ വാർഡിൽ തോറ്റ സ്ഥാനാർഥിയെയാണ്‌ കോൺഗ്രസ്‌ വട്ടിയൂർകാവിൽ നിർത്തിയിരിക്കുന്നത്‌. ഇത്‌ ബിജെപിക്ക്‌ വോട്ടുമറിക്കാനാണ്‌. പ്രത്യുപകാരം തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയിൽനിന്ന്‌ സ്വീകരിക്കാനുമാണ്‌ നീക്കം. നേമത്ത്‌ എൽഡിഎഫും ബിജെപിയും തമ്മിലാണ്‌ മത്സരം. കെ മുരളീധരനെ നിർത്തിയത്‌ എൽഡിഎഫിന്റെ കുറച്ച്‌ വോട്ടെങ്കിലും കുറയ്‌ക്കാനാകുമോ എന്ന്‌ നോക്കിയാണ്‌. ഇതൊന്നും ഈ തെരഞ്ഞെടുപ്പിൽ ചെലവാകില്ലെന്ന്‌ ജനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News