നേമത്ത് ബിജെപിക്ക് വോട്ട് മറിച്ചത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും: പി സി ചാക്കോ

നേമത്ത് ബിജെപിക്ക് വോട്ട് മറിച്ച സൂത്രധാരൻമാർ ഉമ്മൻചാണ്ടിയും, ചെന്നിത്തലയുമാണെന്ന് എൻസിപി നേതാവ് പി സി ചാക്കോ. എൽ ഡി എഫ് നിലമ്പൂർ നിയോജക മണ്ഡലം സ്ഥാനാർഥി പിവി അൻവറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം വഴിക്കടവ് മുണ്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാക്കോ

നേമം നിയോജക മണ്ഡലത്തിലെ പിന്നാമ്പുറ കഥകൾ പറയുന്നത് എനിക്ക് പോലും നാണകേടാണ്. ബി ജെ പി സ്ഥാനാർഥി ഒ രാജഗോപാൽ തന്നെ പല കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇടത് ചേരി ദേശീയ അടിസ്ഥാനത്തിൽ ശക്തി പ്രാപിക്കണം. ഇന്ത്യക്ക് മാതൃകയായ രാഷ്ട്രീയമാണ് കേരളത്തിലെ ഇടത് പക്ഷം. പ്രളയവും, മഹാമാരിയും വന്നിട്ടും കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കാതെ സംരക്ഷിച്ചത് പിണറായി വിജയൻ സർക്കാരാണ്.

വികസന രംഗത്തും, ആരോഗ്യ വിദ്യാഭ്യാസ രംഗത്തും വൻ കുതിപ്പാണ് കേരളം നടത്തിയത്. സംസ്ഥാനത്ത് ഭരണ തുടർച്ച ഉറപ്പാണ്. എല്ലാ സർവെകളും ഭരണ തുടർച്ചയാണ് പ്രവചിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയുടെ പിൻമുറക്കാരാണ് മോഡിയും, അമിത് ഷായും. രാജ്യത്തെ വർഗീയതയിലൂടെ ചിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന ആർ എസ് എസ് ബിജെപി ശക്തികൾക്ക് നേരേയാണ് ഇടത് പക്ഷം പോരാടുന്നത്. തെറ്റിൽ നിന്ന് പാഠം പഠിക്കാത്ത പാർട്ടിയാണ് കോൺഗ്രസും അതിൻ്റെ നേതാക്കളും. ഏറെ വേദനയോടെയാണ് ഞാൻ പടിയിറങ്ങിയത്.

സംസ്ഥാനത്ത് കോൺഗ്രസ് ഒറ്റ സംഖ്യയിലൊതുങ്ങിയാൽ അത്ഭുതപ്പെടാനില്ല. 1950 കളിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റി അംഗമായ പി വി ഷൗക്കത്തലിയുടെ മകനാണ് പി വി അൻവർ. ഒട്ടേറെ വികസന നേട്ടങ്ങൾ മണ്ഡലത്തിൽ നടപ്പാക്കി. നിലമ്പൂരിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടി ഭൂരിപക്ഷം നേടി നിലമ്പൂരിൽ ഇടത് സ്ഥാനാർഥി പി വി അൻവർ ചരിത്രം സൃഷ്ടിക്കുമെന്നും പി സി ചാക്കോ പറഞ്ഞു.

പി ഷംസീർ അധ്യക്ഷനായി. സ്ഥാനാർഥി പി വി അൻവർ, സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം പി കെ സൈനബ, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യൂ, വി എം ഷൗക്കത്ത്, ടി രവീന്ദ്രൻ, നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ജില്ല പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി, വി വിനയചന്ദ്രൻ, കെ മനോജ്, വിറ്റാജ്, ഇസ്മായീൽ എരഞ്ഞിക്കൽ, എം എ തോമസ്, സാബു പൊൻവേലി, സരിഗ സോമൻ, അനിജ സെബാസ്റ്റ്യൻ, സിൽവി മനോജ് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News