അകലെയല്ല, ഇൻഡോർ സ്‌റ്റേഡിയം

ജില്ലയുടെ കായികരംഗത്തിന്റെ വികസനവെളിച്ചത്തിൽ മറ്റൊരു കുതിപ്പാവുകയാണ്‌ കൽപ്പറ്റ അമ്പിലേരിയിലെ ‌ഓംകാരനാഥ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം. തൊട്ടടുത്ത്‌ മരവയലിൽ ജില്ലാ സ്‌റ്റേഡിയം നിർമാണം പൂർത്തിയായതിന്‌ പിന്നാലെ കായികമേഖലയിൽ എൽഡിഎഫ്‌ സർക്കാർ ജില്ലയിൽ നടപ്പാക്കുന്ന മറ്റൊരു വികസനമാതൃകയാണിത്‌. കൽപ്പറ്റ ടൗണിൽനിന്നും ഒന്നര കിലോമീറ്റർ അകലെയാണ്‌ സ്‌റ്റേഡിയം.

മൾട്ടി പർപ്പസ്‌ ഇൻഡോർ സ്‌റ്റഡിയത്തിന്റെ ഏഴുപത്‌ ശതമാനത്തിലധികം നിർമാണം പൂർത്തിയായി. ഇൻഡോർ സ്റ്റേഡിയത്തിന്റെ റൂഫ്‌ ഫാബ്രിക്കേഷൻ വർക്കുകൾ അവസാനഘട്ടത്തിലാണ്‌. ക്രെയിൻ സംവിധാനമടക്കം ഉപയോഗിച്ചാണ്‌ പ്രവൃത്തികൾ പുരോഗമിക്കുന്നത്‌. ഇരുനൂറിലധികം തൊഴിലാളികളാണ്‌ ശരാശരി ഒരുദിവസം തൊഴിലെടുക്കുന്നത്‌. റൂഫ്‌ ഷീറ്റ്‌ സ്ഥാപിക്കലാണ്‌ പൂത്തിയാകാനുള്ളത്‌. ഇതിന്‌ ശേഷം വുഡൻ ഫ്‌ളോറിങ് നടക്കും.

36.87 കോടി രൂപയാണ്‌ കിഫ്‌ബിയിൽ മൾട്ടിപർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയം നിർമാണത്തിനായി നീക്കിവച്ചത്‌. ഇൻഡോർ സ്റ്റേഡിയം, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, നീന്തൽക്കുളം, ഡ്രസ്സിങ് റൂം, എന്നിവയടങ്ങുന്നതാണ് സ്റ്റേഡിയം. അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി. രണ്ട്‌ ഭാഗങ്ങളിലെ ഗ്യാലറി പ്രവൃത്തിയും പൂർത്തിയായി. പ്രധാന നീന്തൽക്കുളത്തിന്റെ നിർമാണം പൂർത്തിയായി. മൂന്ന് ബാഡ്മിന്റൺ കോർട്ടുകൾ, ബാസ്‌കറ്റ് ബോൾ, വോളിബോൾ കോർട്ടുകൾ, ടെന്നീസ്, തയ്‌ക്വാൻഡോ, ജൂഡോ, റസലിങ് എന്നിവക്ക് അനുയോജ്യമായ സംവിധാനം സ്‌റ്റേഡിയത്തിൽ ഒരുക്കുന്നുണ്ട്‌.

പ്രതിസന്ധിയിലും അതിവേഗ നിർമാണം

ഈ സർക്കാർ അധികാരത്തിലേറി ഒരുവർഷം പിന്നിടുമ്പോൾ പ്രഖ്യാപിച്ച മൾട്ടി പർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയം പ്രതിസന്ധികൾക്കിടയിലും അതിവേഗത്തിലാണ്‌ യാഥാർഥ്യത്തിലേക്ക്‌ നീങ്ങുന്നത്‌. രണ്ട്‌ പ്രളയവും കോവിഡുമെല്ലാം നിർമാണത്തിന്‌ കാലതാമസം വരുത്തി. എങ്കിലും 2019ൽ പ്രവൃത്തി ആരംഭിച്ച ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണം 70 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ്‌ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലും നിർമാണ ചുമതലയുള്ള കിറ്റ്‌‌കോയും. കിഫ്‌ബി ഫണ്ടിലാണ്‌ നിർമാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News