ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജിയാണ് തളളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ചാണ് കോടതി നടപടി.

നേരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജികള്‍ തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാവില്ല.

ആക്ഷേപമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് ഹര്‍ജി സമര്‍പ്പിക്കാനെ കഴിയൂ. അതേസമയം കമ്മീഷന്‍ രേഖാമൂലം കോടതിയെ നിലപാടറിയിച്ചു.

വരണാധികാരികളുടെ തീരുമാനം അന്തിമമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഗുരുവായൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യനും തലശ്ശേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി എന്‍ ഹരിദാസുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പത്രിക തള്ളിയത് ചട്ടപ്രകാരമല്ലെന്നും തെറ്റ് പരിഹരിക്കാന്‍ വരണാധികാരി സമയം അനുവദിച്ചില്ലെന്നുമാണ് പരാതി.

എന്‍ ഡി എയ്ക്കു വേണ്ടി മത്സരിക്കുന്ന എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൊന്‍പാണ്ടി, ബി എസ് പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളും തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here