ഇനി എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കും; ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങും: റോസക്കുട്ടി ടീച്ചര്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെസി റോസക്കുട്ടി ഇനി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് റോസക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടിയെ ബത്തേരിയിലെ വീട്ടിലെത്തിയാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

മധുരം നല്‍കിയായിരുന്നു റോസക്കുട്ടിയെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് കോണ്‍ഗ്രസ് വിട്ടതെന്ന് റോസക്കുട്ടി വ്യക്തമാക്കിയിരുന്നു.

സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

മതനിരപേക്ഷതയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിലും വര്‍ഗീയ ശക്തികളെ നേരിടുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണെന്നും റോസക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ കൂടിവരികയാണ്.

ഗ്രൂപ്പ് നേതാക്കളെ പ്രീതിപ്പെടുത്തിയാല്‍ ഏതു സ്ഥാനത്തും എത്താം എന്ന സ്ഥിതിയുണ്ട്.വയനാട്ടില്‍ ഇനി ഹൈക്കമാണ്ടിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് സംശയമുണ്ട്. അതുകൊണ്ട് പാര്‍ട്ടിയില്‍ തുടരുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്നായിരുന്നു റോസക്കുട്ടി ചൂണ്ടിക്കാട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News