മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് പ്രതിപക്ഷം; പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയിലെ വർദ്ധിച്ചു വരുന്ന കോവിഡ് രോഗവ്യാപനത്തിനിടയിൽ ഉയർന്നു വന്നിരിക്കുന്ന അഴിമതി ആരോപണങ്ങൾ സംസ്ഥാന സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. ഇതോടെ അഴിമതിയിൽ മുങ്ങിക്കുളിച്ച മഹാരാഷ്ട്ര സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ബി.ജെ.പി.യും സഖ്യകക്ഷികളും ആവശ്യപ്പെട്ടിരിക്കുന്നത്.

ബാറുകൾ, ഹോട്ടലുകൾ തുടങ്ങിയ കച്ചവട സ്ഥാപനങ്ങളിൽ നിന്നായി മാസം 100 കോടിരൂപ പൊലീസുകാർ പിരിച്ചു നൽകണമെന്ന് ആഭ്യന്തരമന്ത്രി അനിൽ ‌ ദേശ്‌മുഖ്‌ ആവശ്യപ്പെട്ടെന്ന മുംബൈ മുൻ പോലീസ് കമ്മീഷണർ ‌ പരംബീർ സിങ്ങിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അഠാവലേയും ബി.ജെ.പി. എം.പി. നാരായൺ റാണേയും രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് ഉടനെ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഇവരെല്ലാം ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പിനെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാവുന്നതുവരെ മന്ത്രി അനിൽ ദേശ്മുഖിനെ മാറ്റിനിർത്തണമെന്നാണ് ബി.ജെ.പി. എം.പി.മാരും സ്വതന്ത്ര എം.പി. നവനീത് രവി റാണേയും ആവശ്യപ്പെടുന്നത്. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കൾ ബുധനാഴ്ച ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണും.

എന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ശിവസേനയുടെ മുന്നറിയിപ്പ്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ അതുയർത്തുന്ന തീയിൽ അവരും വെന്തെരിയുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത് താക്കീത് നൽകി .

അനിൽ ദേശ്മുഖിനെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ആദ്യം നടക്കേണ്ടത്. ഇക്കാര്യത്തിൽ എൻ.സി.പി. എടുത്ത നിലപാടിനെ സഞ്ജയ് റൗത് ശരിവെച്ചു. ആരോപണങ്ങൾ ഉയരുമ്പോഴെല്ലാം രാജിവെക്കുകയാണെങ്കിൽ ഒരു സർക്കാരിനും ഭരണവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും റൗത് വ്യക്തമാക്കി. ആരോപണങ്ങളുയർത്തി മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബിജെപി നിരന്തരം നടത്തി കൊണ്ടിരിക്കുന്നതെന്നും ശിവസേന നേതാവ് ആവർത്തിച്ചു.

മുംബൈ മുൻ മുംബൈ പോലീസ് മേധാവി സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ഉന്നയിച്ച ആരോപണത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കാനുള്ള ബിജെപിയുടെ അണിയറ നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News