അടച്ചിടലിന് ഒരാണ്ട്; രാജ്യം രണ്ടാം വ്യാപന ഭീതിയില്‍

കോവിഡ്‌ വ്യാപനം തടയാൻ 2020 മാർച്ച്‌ 23ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യക്ക്‌ അതൊരു പുതിയ അനുഭവമായിരുന്നു. അടച്ചിടലിന്‌ ഒരു വർഷമാകുമ്പോൾ രാജ്യം കോവിഡിന്റെ രണ്ടാം വ്യാപനമെന്ന ഭീതിയില്‍.

അടച്ചിടല്‍ പ്രഖ്യാപനത്തോടെ രാജ്യമാകെ നിശ്‌ചലമായി. 138 കോടിപേര്‍ വീടുകൾക്കുള്ളിൽ. കടകമ്പോളങ്ങൾ അടഞ്ഞു. മഹാമാരിയെ പ്രതിരോധിക്കാന്‍ നാട് ഒന്നടങ്കം അടച്ചിടലുമായി സഹകരിച്ചു. ആദ്യ അടച്ചിടൽ 21 ദിവസം. പിന്നീട്‌ മെയ്‌ മൂന്നിലേക്കും 17ലേക്കും 31ലേക്കും നീണ്ടു. ജൂൺമുതൽ ചെറിയ ഇളവുകൾ. ഏഴ്‌ ഘട്ടമായി ഡിസംബർവരെ അൺലോക്ക്‌‌ തുടർന്നു. വിമാന, റെയില്‍ സർവീസ് ഇനിയും പഴയപടിയായില്ല.

കുടിയേറ്റ തൊഴിലാളികളെയാണ്‌ അടച്ചിടൽ ആദ്യം ബാധിച്ചത്‌. പണവും ഭക്ഷണവുമില്ലാതെ പട്ടിണിയിലായി. വിദൂരഗ്രാമങ്ങളിലേക്ക്‌ തൊഴിലാളികൾക്ക്‌ ആഴ്‌ചകളോളം നടന്നുപോവേണ്ടിവന്നു. ചെറിയ കുട്ടികളടക്കം കുടുംബസഹിതമായിരുന്നു പലരുടെയും പലായനം. ദീർഘയാത്രയ്‌ക്കിടെ പട്ടിണി കിടന്ന്‌ നിരവധി പേർ മരിച്ചു. റെയിൽ–- റോഡപകടങ്ങളിലും ഒട്ടേറെ മരണമുണ്ടായി. നാനൂറോളം പേർ മരിച്ചതായാണ്‌ റിപ്പോർട്ട്‌. 10 കോടിയിലേറെ പേർ പലായനം ചെയ്‌തതായാണ്‌ കണക്കുകൾ.

കറൻസി പിൻവലിക്കലും ജിഎസ്‌ടി നടപ്പാക്കലും കാരണം മുരടിച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടച്ചിടലിനെ തുടർന്ന്‌ കടുത്ത പ്രതിസന്ധിയിലായി. 2020 ഏപ്രിൽ–- ജൂൺ കാലയളവിൽ –-23.9 ശതമാനത്തിലേക്ക്‌ ജിഡിപി വളർച്ച ഇടിഞ്ഞു. 2020 ഏപ്രിലിൽ തൊഴിലില്ലായ്‌മ 24 ശതമാനത്തിലേക്ക്‌ ഉയർന്നു. കോടിക്കണക്കിനാളുകൾക്ക്‌ തൊഴിൽ നഷ്ടമായി. ദരിദ്രരുടെ എണ്ണത്തിൽ ഏഴര കോടിയുടെ വർധനവ്‌ . 20 ലക്ഷം കോടിയുടെ പാക്കേജ്‌ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഖജനാവിൽനിന്ന്‌ മുടക്കിയത്‌ 2.17 ലക്ഷം കോടി മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here