
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനം നൂറു ശതമാനം സുതാര്യമാക്കാനും പണശക്തി ഉപയോഗിച്ച് ജനവിധി അട്ടിമറിക്കുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനു കത്ത് നൽകി.
ഇക്കാര്യങ്ങൾ പലതവണ സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും പ്രതികരണമുണ്ടായിട്ടില്ല. വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിൽ വോട്ടർ രേഖപ്പെടുത്തുന്നത് തന്നെയാണോ വിവിപാറ്റ് വഴി പുറത്തുവരുന്നത് എന്ന് ഉറപ്പാക്കണം. മതിയായ എണ്ണം വിവിപാറ്റ് മെഷീനുകൾ ഏർപ്പെടുത്തിയിട്ടില്ല. കൺട്രോൾ യൂണിറ്റിലും വിവിപാറ്റിലും ഓരോ ബൂത്തിലും ഓരോ വോട്ടിന്റെയും പൊരുത്തം ഉറപ്പാക്കണം.
വിവിപാറ്റ് സംവിധാനം വരുന്നതുവരെ പറഞ്ഞിരുന്നത് വോട്ടിങ് യന്ത്രത്തിലെ ചിപ്പ് സ്ഥാനാർഥികളുടെ പേരോ ചിഹ്‌നമോ മുൻകൂട്ടി തിരിച്ചറിയാൻ കഴിയാത്തതാണെന്നാണ്. മോക്ക് പോൾ നടത്തുകയും മെഷീൻ മുദ്രവയ്‌ക്കുകയും ചെയ്‌തുവന്നു. വിവിപാറ്റ് വന്നതോടെ ഈ ധാരണ മാറി. സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെയാണ് വിവിപാറ്റ് തയ്യാറാക്കുന്നത്. അതിനാൽ വിവിപാറ്റിൽ കൃത്രിമം നടക്കുന്നപക്ഷം ഇത് കൺട്രോൾ യൂണിറ്റുമായി യോജിപ്പിക്കുമ്പോൾ വോട്ടെടുപ്പിൽ തിരിമറി പ്രതിഫലിക്കും.ഏപ്രിൽ ഒന്നുമുതൽ ഇലക്ടറൽ ബോണ്ടുകൾ വീണ്ടും ഇറക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇറക്കിയ ഇലക്ടറൽ ബോണ്ടുകളിൽ 95 ശതമാനവും ബിജെപിക്കാണ് ലഭിച്ചതെന്ന് അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതു തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും പ്രത്യാഘാതം സൃഷ്ടിക്കും.
ഇലക്ടറൽ ബോണ്ട് സംവിധാനത്തിനു എതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ വിഷയങ്ങളിൽ ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ അകറ്റാനും വിശ്വസനീയമായ തെരഞ്ഞെടുപ്പിനു കളമൊരുക്കാനും നടപടി സ്വീകരിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here