വോട്ട്‌ കച്ചവട ആരോപണം ശക്തം: പത്രിക തള്ളിയതിന്‌ മറുപടി പറയാൻ കഴിയാതെ ബിജെപി നേതൃത്വം

മൂന്ന്‌ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയതോടെ വോട്ട്‌ കച്ചവടമെന്ന ആരോപണത്തിന്‌ മറുപടി പറയാനാവാതെ ബിജെപി നേതൃത്വം. ഈ മണ്ഡലങ്ങളിൽ ഡമ്മി സ്ഥാനാർഥികൾ ഇല്ലാതായത്‌ ഗൂഢാലോചനയുടെ ഭാഗമാണെന്ന‌ സംശയം ബലപ്പെട്ടു‌. കണ്ണൂരിൽ ബിജെപി ജില്ല പ്രസിഡന്റിന്റെയും ഗുരുവായൂരിൽ മഹിള മോർച്ച സംസ്ഥാന പ്രസിഡന്റിന്റെയും പത്രികയാണ്‌ തള്ളിയത്‌.

ഗുരുവായൂരിലെ സ്ഥാനാർഥി അഡ്വ. നിവേദിത കഴിഞ്ഞ തവണയും ഗുരുവായൂരിൽ മത്സരിച്ചതാണ്‌. പത്രിക സമർപ്പണത്തിന്റെ നടപടിക്രമങ്ങൾ അറിയാവുന്നയാളാണ്‌‌. കോൺഗ്രസും ബിജെപിയും തമ്മിൽ സഖ്യമുണ്ടായിരുന്നുവെന്ന്‌ മുതിർന്ന ബിജെപി നേതാവ്‌ ഒ രാജഗോപാൽ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു. നേമം മണ്ഡലത്തിൽ 2016–-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബിജെപിക്ക്‌ വോട്ട്‌ മറിച്ചു‌ നൽകിയെന്ന്‌ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻപിള്ളയും പറഞ്ഞിരുന്നു. സി കെ പത്മനാഭൻ, എം ടി രമേശ്‌, പി പി മുകുന്ദൻ തുടങ്ങിയവരും മുൻവർഷങ്ങളിൽ കോലീബി സഖ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചതാണ്‌.

ഈ സാഹചര്യത്തിൽ ബിജെപി പ്രധാനമായി കാണുന്ന രണ്ട്‌ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പത്രിക തള്ളിയത്‌ നിസ്സാരമായി കാണാനാവില്ല‌. പത്രിക തള്ളിയ മണ്ഡലങ്ങളിൽ ഡമ്മി സ്ഥാനാർഥി ഇല്ല എന്നത്‌‌ ഗൂഢാലോചന സംശയം വർധിപ്പിക്കുന്നു‌.

പത്രിക തള്ളൽ ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാവാൻ ഇടയാക്കും. വോട്ട്‌ മറിക്കില്ലെന്ന്‌ നേതാക്കൾ ആവർത്തിച്ചുപറയുമ്പോഴും പത്രിക വേണ്ട വിധം സമർപ്പിക്കാത്തതിന്‌ആരാണ്‌ ഉത്തരവാദിയെന്ന തർക്കം മുറുകുകയാണ്‌‌. സാധാരണ രീതിയിൽ സംഘടനാ ജനറൽ സെക്രട്ടറിയാണ്‌ ഇത്തരം കാര്യങ്ങൾ നിർവഹിക്കേണ്ടത്‌‌. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ്‌ വേണമെന്നത്‌ നേരത്തെ അറിയാവുന്നതാണ്.‌ എന്നിട്ടും എന്തുകൊണ്ട്‌ വീഴ്‌ചവരുത്തി എന്നതിന്‌ വ്യക്തമായ മറുപടി നൽകാൻ നേതൃത്വത്തിന്‌ കഴിയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here