ബിജെപിക്ക് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തത് പ്രാദേശിക നീക്കുപോക്കിന്‍റെ സൂചന; പത്രിക പൂരിപ്പിക്കുന്നതിലെ അവധാനത കുറവ് വെറുതെ വന്നതാവില്ല: മുഖ്യമന്ത്രി

ബിജെപിക്ക് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി ഇല്ലാത്തത് പ്രാദേശികമായി വോട്ട് നല്‍കാന്‍ പോകുന്നതിന്റെ സൂചനയാണ്‌. വളരെ സൂക്ഷ്‌മതയോടെയാണ്‌ പത്രിക തയ്യാറാക്കുന്നതും സമർപ്പിക്കുന്നതും. അതിൽ വന്ന പിഴവുകൾ വെറുതെ വന്നതാകാൻ ഇടയില്ല.

മതരാഷ്ട്ര വാദത്തിന് എല്‍ഡിഎഫ് എതിരാണ്‌. മതരാഷ്‌ട്രവാദവും മതവിശ്വാസവും രണ്ടാണ്‌. എല്ലാ മത വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കും. സംഘപരിവാര്‍ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കോൺഗ്രസിന്റെ സ്‌ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച്‌ സ്‌ത്രീകൾ ആ പാർടി വിട്ടുപോരുന്ന സാഹചര്യമാണ്‌ നിലവിലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആത്‌മാഭിമാനമുള്ളവർക്ക്‌ അവിടെ നിലനിൽക്കാൻ കഴിയാതെയായി. ഇന്നലെ മുതിർന്ന നേതാവായ കെ സി റോസക്കുട്ടിയാണ്‌ രാജിവെച്ചത്‌. മഹിളാ കോൺഗ്രസ്‌ അധ്യക്ഷയായിരുന്ന ലതിക സുഭാഷും കഴിഞ്ഞ ദിവസം തലമൊട്ടയടിച്ച്‌ പ്രതിഷേധിച്ച്‌ രാജിവെച്ച്‌ പോയിരുന്നു. സംരക്ഷണമോ പരിഗണനയോ കോൺഗ്രസ്‌ സ്‌ത്രീകൾക്ക്‌ നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ കേരളത്തെ സ്‌ത്രീ സൗഹൃദമാക്കുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. സ്‌ത്രീസമൂഹത്തിൽ നിന്ന്‌ വലിയപിന്തുണയാണ്‌ എൽഡിഎഫ്‌ സർക്കാരിനുള്ളത്‌. കുടുംബശ്രീ വഴി കൂടുതൽ വായ്‌പകൾ അനുവദിച്ച്‌ സ്‌മാർട് കിച്ചൻ പദ്ധതി നടപ്പാക്കുന്നു. അടുക്കള ഉപകരണങ്ങൾ ലഭ്യമാക്കാൻ 20, 000 കോടിരൂപ കുടുംബശ്രീക്ക്‌ അനുവദിക്കും. അതിലൂടെ സ്‌ത്രീകൾക്ക്‌ വീടിനകത്തുള്ള അധ്വാനഭാരം ലഘൂകരിക്കുകയാണ്‌ ലക്ഷ്യം.

കോവിഡിനെ വലിയതോതിൽ പ്രതിരോധിക്കാൻ കഴിഞ്ഞ സംസ്‌ഥാനമാണ്‌ നമ്മുടേത്‌. രോഗവ്യാപനം വലിയതോതിൽ തടഞ്ഞുനിർത്താനായി. മരണനിരക്കും കുറയ്‌ക്കുവാൻ കഴിഞ്ഞു. ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ്‌ സെന്ററുകൾ, കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി. രോഗികളെ ഫലപ്രദമായി കണ്ടെത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. ഇതിലൊക്കെ ജനങ്ങളുടെ പൂർണസഹകരണം ഉറപ്പാക്കിയാണ്‌ സർക്കാർ പ്രവർത്തിച്ചത്‌. അതുകൊണ്ട്‌ തന്നെ കോവിഡ്‌ പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയാണെന്ന്‌ ചില അന്താരാഷ്‌ട്ര മാധ്യമങ്ങൾവരെ അഭിപ്രായപ്പെട്ടു. ലോകം മുഴുവൻ ആ മാതൃക അംഗീകരിക്കുകയാണ്‌.

തെരഞ്ഞെടുപ്പ്‌ അടുത്തുവരുന്നതോടെ എല്ലായിടത്തുനിന്നും എൽഡിഎഫിന്‌ വൻതോതിലുള്ള പിന്തുണയാണ്‌ ലഭിക്കുന്നത്‌. എന്നാൽ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായേക്കാം . അവയെ കരുതിയിരിക്കണം. നാദാപുരത്തെ ബലാത്സംഗ കഥയും ചാപ്പകുത്തലും മുടിമുറിക്കൽ നാടകങ്ങളുമെല്ലാം നമുക്ക്‌ മുന്നിലുണ്ട്‌. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനിടയാണ്‌ കെവിൻ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത്‌ ഡിവൈഎഫ്‌ഐകാരാണെന്ന്‌ പ്രചരിപ്പിത്. എന്തും കാട്ടിക്കൂട്ടാൻ മടിയില്ലാത്തവരാണവർ. അതിനാൽ ജാഗ്രതപാലിക്കണം.

വോട്ട്‌ ഇരട്ടിപ്പിക്കലിന്‌ പിന്നിൽ സംഘടിത നീക്കമില്ല. പുറത്തുവന്ന ഇരട്ടവോട്ടിന്റെ കാര്യത്തിൽ വ്യക്‌തമായത്‌ അവർ കോൺഗ്രസുകാരിയാണെന്നും അവരുടെ പേര്‌ വോട്ടർ പട്ടികയിൽ ചേർത്തത്‌ കോൺഗ്രസ്‌കാരാണെന്നുമാണ്‌. മറ്റ്‌ രാഷ്‌ട്രീയ പാർടികളെ കുറിച്ച്‌ ഇതുവരെ അത്തരം ആരോപണം വന്നിട്ടില്ല. മറ്റ്‌ കാര്യങ്ങൾ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News