ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണം; ഇ ഡി ഹൈക്കോടതിയില്‍

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്
എന്‍ഫോ‍ഴ്സ്മന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. ഇ ഡിക്കെതിരായ കേസന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊ‍ഴി നല്‍കാന്‍ സ്വപ്ന സുരേഷില്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തില്‍ ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹര്‍ജി നാളെ പരിഗണിക്കും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം നടത്തുന്നതിന്‍റെ മറവില്‍ രാഷ്ട്രീയപ്രേരിതമായി സംസ്ഥാനസര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വ‍ഴിവിട്ട നീക്കങ്ങള്‍ക്ക് ശ്രമിച്ച ഇഡിക്കെതിരെ സര്‍ക്കാര്‍ നിയമപരമായ വ‍ഴികളിലൂടെ നടപടി ആരംഭിച്ചിരുന്നു.

ഇതെത്തുടര്‍ന്ന് കുരുക്കിലായ ഇ ഡി ഈ നീക്കത്തെപ്രതിരോധിക്കാന്‍ ഹൈക്കോടതിയില്‍ അഭയം തേടിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ വ്യാജമൊ‍ഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

ഇതെത്തുര്‍ന്നാണ് എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.അന്വേഷണം സി ബി ഐ യെ ഏല്പിക്കണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന സ്വപ്നയുടെ ശബ്ദ രേഖയില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ഇ ഡി ക്രൈംബ്രാഞ്ചിന് നേരത്തെ കത്തയച്ചിരുന്നു.

തുടര്‍ന്ന് ക്രൈംബ്രാഞ്ച്  നടത്തിയ അന്വേഷണത്തില്‍  ശബ്ദ രേഖ സ്വപ്നയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് സ്വപ്നയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ
പോലീസുദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്‍കുകയും ചെയ്തിരുന്നു.

ഇതെത്തുടര്‍ന്നാണ് നിയമോപദേശത്തിന്‍റെകൂടി അടിസ്ഥാനത്തില്‍  ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. കേസില്‍ തെറ്റായി ഒരാളെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് കേസില്‍ നിന്ന് രക്ഷപ്പെടാനായി ഇ ഡി പുതിയ നീക്കം നടത്തിയിരിക്കുന്നത്.മറ്റ് സംസ്ഥാനങ്ങളിലും രാഷ്ട്രീയ പ്രേരിതമായി
ഇ ഡി പ്രവര്‍ത്തിക്കാറുണ്ടെങ്കിലും അവിടങ്ങളില്‍ കാര്യമായ പ്രതിരോധം
ഉണ്ടാകാറില്ല.

എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിനെതിരെ വ‍ഴിവിട്ട നീക്കങ്ങള്‍ക്ക് ശ്രമിച്ച ഇഡിയെ നിയമപരമായ നേരിടാന്‍ തീരുമാനിച്ചതോടെ വെട്ടിലായ ഇ ഡി ഹൈക്കോടതിയെ
സമീപിച്ച് കേസില്‍ നിന്നും തടിയൂരാനുള്ള തയ്യാറെടുപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News