ഇടതുപക്ഷം തുടർഭരണത്തിലൂടെ വീണ്ടും ചരിത്രം കുറിക്കും: സീതാറാം യെച്ചൂരി

1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക് അധികാരം നൽകി ചരിത്രം തിരുത്തിയ കേരളം 2021 ൽ ഇടതുപക്ഷം തുടർഭരണത്തിലൂടെ വീണ്ടും ചരിത്രം കുറിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

എതിരാളികളെ നേരിടാൻ ബിജെപി പുറത്തെടുത്തിരിക്കുന്ന പുതിയ ത്രിശൂലമാണ് കേന്ദ്ര ഏജൻസികളെന്നും യെച്ചൂരി പറഞ്ഞു. എന്നാൽ കേരളത്തിൽ ഈ നീക്കം പരാജയപ്പെട്ടുവെന്നും കണ്ണൂരിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ യെച്ചൂരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആവേശം പകർന്നാണ് സിപിഐഎമ്മിന്റെ അമരക്കാരൻ കണ്ണൂരിൽ എത്തിയത്. കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയിൽ ചുവപ്പ് വളണ്ടിയർമാരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് യെച്ചൂരിയെ വേദിയിലേക്ക് ആനയിച്ചത്.

ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്തും വൻ ജനാവലിയാണ് യെച്ചൂരി യെ കേൾക്കാൻ എത്തിയത്.ബി ജെ പിയുടെ പുതിയ ത്രിശൂലമായ എൻഫോഴ്സ്മെൻറും സിബിഐയും കേരളത്തിൽ നിന്ന് തോറ്റ് മടങ്ങിയെന്ന് യെച്ചൂരി പറഞ്ഞു.

പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കിയ രാജ്യത്തെ ഒരേയൊരു സർക്കാറാണ് കേരളത്തിലേത്.തുടർ ഭരണത്തിലെത്തി കേരളത്തിൽ എൽഡിഎഫ് ചരിത്രം കുറിക്കുമെന്നും യെച്ചൂരി പറഞ്ഞു.

യെച്ചൂരി പങ്കെടുത്ത പ്രചരണ യോഗങ്ങളിൽ എത്തിയ കല്യാശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിൻ, ഇരിക്കൂറിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി കുറ്റ്യാനിമറ്റം എന്നിവർക്കും ഉജ്വല സ്വീകരണമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel