രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാക്കാനായില്ല ; യുഡിഎഫില്‍ നിരാശ

രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി മടങ്ങുമ്പോള്‍ കാര്യമായ ചലനം സൃഷ്ടിക്കാനാകാത്തതിന്റെ നിരാശയിലാണ് യു ഡി എഫ് ക്യാമ്പ്. റോഡ് ഷോ ഉള്‍പ്പെടെ സംഘടിപ്പിച്ചെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ആവേശം സൃഷ്ടിക്കാന്‍ രാഹുലിനായില്ല. സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മോഡിയെ കാര്യമായി വിമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയം.

കേരളത്തില്‍ രാഹുല്‍ഗാന്ധിയുടെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം യു ഡി എഫ് സ്വാധീനമേഖലകളിലായിരുന്നെങ്കിലും ജനപങ്കാളിത്തത്തിലെ കുറവ് ശ്രദ്ധിക്കപ്പെട്ടു. എറണാകുളം കോട്ടയം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് പോലും അണികളെ ആവേശം കൊള്ളിക്കാനായില്ല.

ശക്തമായ രാഷ്ട്രീയം പറയേണ്ട തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ പോലും പതിവ് ഗിമ്മിക്‌സുകള്‍ക്കപ്പുറം ഉയരാന്‍ രാഹുലിനായില്ല.
സെന്‍റ് തെരേസാസ് കോളേജിലെ രാഷ്ട്രീയം പറയാവുന്ന വേദിയില്‍ പോലും യോഗാഭ്യാസത്തിലൂടെ കയ്യടി നേടാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് നേതാക്കള്‍ക്ക് തന്നെ വിമര്‍ശനമുണ്ട്.

ബിജെപിയെക്കുറിച്ചോ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെക്കുറിച്ചോ ഒരക്ഷരം പോലും മിണ്ടിയില്ല. മനുഷ്യനെ നേരിട്ട് ബാധിക്കുന്ന ഇന്ധന , പാചകവാതക വില വര്‍ദ്ധനവ് , ആര്‍ എസ് എസ് ഉയര്‍ത്തുന്ന വര്‍ഗ്ഗീയ ഭീഷണി തുടങ്ങിയവയൊന്നും കോണ്‍ഗ്രസിന്റെ ദേശീയ നേതാവിന് കേരളത്തില്‍ വിഷയമായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച തൃപ്പൂണിത്തുറയില്‍ പോലും ബിജെപിയെ വിമര്‍ശിക്കാതിരുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു എന്ന് സൂചനയുണ്ട്.

എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ മടിയുണ്ടായില്ല .
രണ്ട് ദിവസത്തെ പര്യടനത്തിനിടെ ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയില്ലെന്നതും ശ്രദ്ധേയം.

കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് സംബന്ധിച്ച് വിശദീകരിക്കാനാവാത്തതാണ് മാധ്യമങ്ങളെ അകറ്റി നിര്‍ത്താന്‍ കാരണം. ചുരുക്കത്തില്‍ ബിജെപിയെ നോവിക്കാതെ ഇടതുപക്ഷത്തെ മാത്രം വിമര്‍ശിച്ച കേരളത്തിലെ രാഹുല്‍ ലൈന്‍ യു ഡി എഫ് – ബി ജെ പി രഹസ്യ ബന്ധമെന്ന ആരോപണത്തെ ശരിവക്കുന്നതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News