വായനയുടെ നന്മകളും ആശയധാരകളും ചേര്‍ന്നതാണ് എം വി ഗോവിന്ദന്‍ മാഷെന്ന പൊതു പ്രവര്‍ത്തകന്റെ സാമൂഹ്യജീവിതവും ഇടപെടലുകളും, ഗോവിന്ദന്‍ മാഷിനെപ്പോലെ ഒരുപാടു പേര്‍ നിയമസഭയില്‍ വേണം ; ബിജു കണ്ടക്കായ്

വായനയുടെ നന്മകളും ആശയധാരകളും ചേര്‍ന്നതാണ് എം വി ഗോവിന്ദന്‍ മാഷെന്ന പൊതു പ്രവര്‍ത്തകന്റെ സാമൂഹ്യജീവിതവും ഇടപെടലുകളുമെന്നും തീര്‍ച്ചയായും ഗോവിന്ദന്‍ മാഷിനെപ്പോലെ ഒരുപാടു പേര്‍ നിയമസഭയില്‍ വേണമെന്നും സിപിഐഎം മയ്യില്‍ ഏരിയ സെക്രട്ടറി സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ ബിജു കണ്ടക്കായ്.

സാധാരണ ഭൂരിപക്ഷം നേടിയല്ല മാഷ് തളിപ്പറമ്പിനെ അടയാളപ്പെടുത്തേണ്ടതെന്നും ബിജു കണ്ടക്കായ് ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങേയറ്റം അസാധ്യമായ അവസരങ്ങളില്‍പ്പോലും മാഷ് അതില്‍ തെല്ലും പതം വരുത്താതെ പറഞ്ഞുകളയുമെന്നതാണ് മാഷിനോട് തോന്നിയിട്ടുള്ള സ്‌നേഹബഹുമാനങ്ങളുടെ പ്രധാന കാരണമെന്നും കുറിപ്പില്‍ പറയുന്നു.

ബിജു കണ്ടക്കായ്യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഗോവിന്ദന്‍ മാഷ് ആദ്യമായി സാഹിത്യത്തെ കുറിച്ച് സംസാരിക്കുന്നത് കണ്ടത്. പ്രോഗ്രാം നോട്ടീസില്‍ അതിഥിയായി കണ്ടപ്പോള്‍ തന്നെ മനസ്സില്‍ ഒരു ചിന്ത ഉയര്‍ന്നിരുന്നു. അടിമുടി രാഷ്ട്രീയക്കാരനായ ഒരാളെ എന്തിനായിരിക്കും സംഘാടകര്‍ ക്ഷണിച്ചു വരുത്തുന്നത്?!.
ലോകസാഹിത്യത്തില്‍ തുടങ്ങി മലയാളത്തിലെ പുതുതലമുറ എഴുത്തുകാരെ കുറിച്ചും സമകാലിക എഴുത്തിനെക്കുറിച്ചും ആഴത്തില്‍ തൊടുന്ന പ്രഭാഷണം കേട്ടുകൊണ്ടിരുന്നപ്പോള്‍ മനസിലുയര്‍ന്ന തോന്നലിന് താനേ ഉത്തരമായി. ഒരു പക്ഷേ, രാഷ്ട്രീയത്തേക്കാള്‍ ഗോവിന്ദന്‍ മാഷിന്റെ പ്രസംഗം ആധികാരികമാവുന്നത് സാഹിത്യം സംസാരിക്കുമ്പോഴാണ് !

മാഷിനെ കുറിച്ച് അന്നുവരേയും കരുതിയത് അടിമുടി രാഷ്ട്രീയക്കാരനായ ഒരാള്‍ എന്നുമാത്രമാണ്. പ്രത്യയശാസ്ത്ര നിലപാടുകള്‍ അങ്ങേയറ്റം കാര്‍ക്കശ്യത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരാള്‍, നിലപാടുകള്‍ മുഖം നോക്കാതെ വിളിച്ചു പറയുന്ന കമ്യൂണിസ്റ്റ്. ഏത് കുഴപ്പം പിടിച്ച സമസ്യകളോടും വഴുവഴായെന്ന നിലപാടുകള്‍ മാഷ് സ്വീകരിച്ചു കണ്ടിട്ടില്ല. വൈകാരിക പ്രകടനത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഒരാളോടുപോലും ഏറ്റവും നിര്‍മമതയോടെ കാര്യങ്ങള്‍ ഉന്നയിക്കുന്നയാളോടും ഉറ്റ ഉത്തരവും വിശദീകരണവുമാണ് മാഷിന് ! അങ്ങേയറ്റം അസാധ്യമായ അവസരങ്ങളില്‍പ്പോലും മാഷ് അതില്‍ തെല്ലും പതം വരുത്താതെ പറഞ്ഞുകളയുമെന്നതാണ് മാഷിനോട് തോന്നിയിട്ടുള്ള സ്‌നേഹബഹുമാനങ്ങളുടെ പ്രധാന കാരണം.

വായനയിലേക്ക് തന്നെ മടങ്ങാം… മാഷിന്റെ പ്രസംഗം അന്ന് കേട്ടപ്പോള്‍ മനസില്‍ തോന്നിയ സംഗതി എം വി ഗോവിന്ദന്‍ മാസ്റ്ററെന്ന പൊതുപ്രവര്‍ത്തകന് വര്‍ഷങ്ങളായുള്ള പരന്ന വായനയുടെ പിന്‍ബലമുണ്ടായിരിക്കാം എന്നതാണ്.അതേക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വെളിപ്പെട്ടത് അസൂയ തോന്നിക്കാവുന്ന ഒരു വായനക്കാരന്റെ ചരിത്രമാണ്.

1938ല്‍ അനൗപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചതാണ് മോറാഴ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം. ഇന്ന് കേരളത്തിലെ തലയെടുപ്പുള്ള എ പ്ലസ് ലൈബ്രറികളിലൊന്നാണിത്. യൗവനകാലത്ത് ഗ്രാമീണ വായനശാലയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ത്ത ഒരാളായിരുന്നു മാഷ്. അറുപതുകളുടെ മധ്യത്തിലും എഴുപതുകളുടെ തുടക്കത്തിലും ഗ്രാമീണ വായനശാലയുടെ പ്രതിഫലം പറ്റാത്ത ലൈബ്രറിയന്‍ ആയിരുന്നു.

ബാലസംഘത്തിന്റെ ആദിമരൂപമായ മോറാഴ ബാലസംഘത്തിന്റെ പ്രവര്‍ത്തകനായിരിക്കെയാണ് മീശ കുരുക്കാത്ത പ്രായത്തില്‍ ഗോവിന്ദന്‍ ലൈബ്രേറിയനായത്. വായനശാലയിലെ എല്ലാ പുസ്തകങ്ങളും വായിച്ചു തീര്‍ത്ത പയ്യനെ അന്ന് ഭരണസമിതി വിശ്വാസത്തോടെ ലൈബ്രറി സൂക്ഷിപ്പുകാരന്റെ ഉത്തരവാദിത്തമേല്‍പ്പിക്കുകയായിരുന്നു. നോവലും കഥയും സോവിയറ്റ് സാഹിത്യവും
വൈജ്ഞാനിക ഗ്രന്ഥങ്ങളും രാഷ്ട്രീയവും ശാസ്ത്രവും മുതല്‍ കയ്യില്‍ കിട്ടുന്നതെന്തും ആര്‍ത്തിയോടെ വായിക്കുന്ന ഒരാളായിരുന്നു ആ കൗമാരക്കാരന്‍.വായനയും മോറാഴ ഗ്രാമീണ വായനശാലയുമാണ് തന്നെ വളര്‍ത്തിയതെന്ന് അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മാഷ് സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസവും കായികാധ്യാപക പരിശീലനവും മാത്രം അക്കാദമികമായി പൂര്‍ത്തിയാക്കിയ ഗോവിന്ദന്‍ മാഷിനെ രൂപപ്പെടുത്തിയത് വായനയല്ലാതെ മറ്റെന്താണ്?

മുട്ടത്തുവര്‍ക്കിയുടെ ‘മയിലാടുംകുന്ന്’ എന്ന നോവലാണ് ആദ്യമായി വായിച്ച പുസ്തകമെന്ന് മാഷ് പറഞ്ഞുകേട്ടിട്ടുണ്ട്. ആ വായനയില്‍ തുടങ്ങിയ ആവേശമാണ് വായനശാലയിലെ എല്ലാ പുസ്തകങ്ങളും വായിക്കുന്നതിലേക്ക് എത്തിയതെന്നും മാഷ് പറയുന്നു. ായനക്കാരനാകാനുള്ള എളുപ്പവഴികളിലൊന്ന് ലൈബ്രേറിയനാവുക എന്നതാണ്. മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ തുടങ്ങുന്ന വായന, നമ്മെ പുസ്തകങ്ങളുടെ ആരാധകനാക്കും. മാഷും പരന്ന വായനക്കാരനായത് അങ്ങിനെയാവണം.
ഇരിങ്ങല്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചപ്പോള്‍ പിന്നെ രാവിലെയും വൈകിട്ടുമായി മാഷുടെ വായനശാലാ ബന്ധം. ബക്കളത്തേക്ക് ബസ് കയറാനുള്ള യാത്രയ്ക്കിടെയും വൈകിട്ടുള്ള മടക്കയാത്രയിലും. ഗ്രാമീണവായനശാലയുടെ രക്ഷാധികാരിയെന്നനിലയില്‍ മാഷ് ഇന്നും ആ വൈകാരിക ബന്ധം തുടരുന്നു.

ഗോവിന്ദന്‍ മാഷ് നേരത്തെ തളിപ്പറമ്പ് എം എല്‍യും സിപിഐ എം ജില്ലാ സെക്രട്ടറിയുമായിരുന്ന കാലത്താണ്…. അന്ന് തായംപൊയിലിലെ സഫ്ദര്‍ ഹാഷ്മി ഗ്രന്ഥാലയം കുഞ്ഞു വായനശാലയാണ്. സമീപത്ത് തന്നെയുള്ള തായംപൊയില്‍ എഎല്‍പി സ്‌കൂളില്‍ പുസ്തകമെത്തിച്ച് കൊടുക്കുന്ന പദ്ധതി തുടങ്ങാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഡി സി ഓഫീസിലെത്തി കാര്യം അവതരിപ്പിച്ചപ്പോള്‍ ‘ശരി, ഞാനെത്തിക്കോളാം’ എന്ന് മറുപടി. ഓര്‍മിപ്പിക്കാന്‍ തലേന്ന് വിളിക്കാം എന്ന് പോരാന്‍ നേരം സംഘാടകര്‍ പറഞ്ഞപ്പോള്‍ അതിന്റെയൊന്നും കാര്യമില്ലെന്ന് മറുപടി.ജില്ലാ സെക്രട്ടറിയുടെ, എം എല്‍ എയുടെ നൂറുകൂട്ടം കാര്യങ്ങള്‍ക്കിടെ മാഷ് പരിപാടിയുടെ കാര്യം മറന്നു പോകാനിടയുണ്ടെന്നും നടത്തിപ്പുകാര്‍ പേടിച്ചു. മാഷ് എങ്ങിനെ വരും, എപ്പോഴെത്തും എന്നൊന്നും എത്തും പിടിയുമില്ല. മൂന്ന് മണിയുടെ പരിപാടിക്ക് അര മണിക്കൂര്‍ നേരത്തെയെത്തി മാഷ്. അന്ന് സ്‌കൂളിലെത്തിയ മാഷ് കുട്ടികളോട് എത്ര രസകരമായാണ് സംസാരിച്ചത്! പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളുള്ളയാളെന്നും പരുക്കനെന്നും നമ്മളൊക്കെയും കരുതുന്നൊരാള്‍ കുട്ടികളോട് കഥയും പറച്ചിലുമായി ചങ്ങാത്തം കൂടുന്നതിലുമുണ്ട് കൗതുകം..

പറഞ്ഞു വന്നത് ഇതാണ്. പണ്ടുകാലത്ത് ഒരു ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. അത് മാത്രമല്ല, വായനയുടെ നന്മകളും ആശയധാരകളും ചേര്‍ന്നതാണ് എം വി ഗോവിന്ദന്‍ മാഷെന്ന പൊതു പ്രവര്‍ത്തകന്റെ സാമൂഹ്യജീവിതവും ഇടപെടലുകളും. മഞ്ഞമുണ്ടില്‍, തൂവെള്ള കുപ്പായത്തിനുമപ്പുറത്തേക്ക് നീളാത്ത ലാളിത്യമാണ് ആ ജീവിതവും സമരവും.
തീര്‍ച്ചയായും ഗോവിന്ദന്‍ മാഷിനെപ്പോലെ ഒരുപാടു പേര്‍ നിയമസഭയില്‍ വേണം. സാധാരണ ഭൂരിപക്ഷം നേടിയല്ല മാഷ് തളിപ്പറമ്പിനെ അടയാളപ്പെടുത്തേണ്ടത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കുന്ന മണ്ഡലമായി തളിപ്പറമ്പിന്നെയും ജനപ്രതിനിധിയായി മാഷെയും നമുക്ക് അടയാളപ്പെടുത്തണം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News