തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറി ഇടതുപക്ഷം; മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് പത്തനംതിട്ടയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നേറി ഇടതുപക്ഷം. മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് പത്തനംതിട്ട ജില്ലയില്‍ എത്തും. രാവിലെ പത്തുമണിക്ക് തിരുവല്ലയിലാണ് ആദ്യ പരിപാടി റാന്നി (11 മണി), ആറന്‍മുള( 3 മണി)
കോന്നി(4മണി), അടൂര്‍( 5 മണി) എന്നിങ്ങനെയാണ് പത്തനംതിട്ട ജില്ലയിലെ മുഖ്യമന്ത്രിയുടെ കേരള പര്യടനം.

സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടം തുടര്‍ഭരണത്തിനായി ആഗ്രഹിക്കുന്ന മനസിന്‍റെ അടയാളമാണ്. സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ തെളിവാണ് പരമ്പരാഗത കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോലും സ്വീകരണ പരിപാടികളിലേക്ക് എത്തുന്ന ജനക്കൂട്ടം വ്യക്തമാക്കുന്നത്.

എൽഡിഎഫ്‌ മുന്നേറ്റമുണ്ടാക്കുന്നത് മനസിലാക്കി‌ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ അപ്രതീക്ഷിത സംഭവങ്ങൾ സൃഷ്‌ടിച്ച്‌ വൈകാരികതയുണ്ടാക്കാൻ ചില ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ അങ്ങനെയുണ്ടായി. നാദാപുരത്ത്‌ പണ്ട്‌ ബലാൽസംഗ കഥ സൃഷ്‌ടിച്ച്‌ നാടാകെ പ്രചരിപ്പിച്ചു. കൊലപാതകം വരെ നടന്നു. ഒടുവിൽ അങ്ങനെയൊരു സംഭവമേ ഉണ്ടായിരുന്നില്ലെന്ന്‌ വ്യക്തമായെന്ന്‌ പിണറായി വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.

ചാപ്പകുത്തൽ, മുടിമുറിക്കൽ തുടങ്ങിയ വ്യാജസംഭവങ്ങൾ സൃഷ്‌ടിക്കപ്പെട്ടത്‌ മുൻകാല ചരിത്രം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ കോട്ടയത്തെ കെവിൻ എന്ന യുവാവിനെ ഡിവൈഎഫ്‌ഐക്കാർ കൊലപ്പെടുത്തിയെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചു. പരാജയ ഭീതിയിലായവർ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉപയോഗിക്കാനും സൃഷ്‌ടിക്കാനും ശ്രമിച്ചേക്കാം. എന്തും കാട്ടിക്കൂട്ടാൻ മടിയില്ലാത്തവരാണ് അവർ‌.

സമാധാന അന്തരീക്ഷമാണ്‌ എൽഡിഎഫ്‌ ലക്ഷ്യമിടുന്നത്‌. രാജ്യത്ത്‌ സംഘപരിവാർ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നു. ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക്‌ അന്തസോടെ ജീവിക്കാൻ പറ്റുന്ന‌ നാടാണ്‌ കേരളം. ഇത്‌ ഉറപ്പാക്കാനാകുന്നത്‌ എൽഡിഎഫിനാണ്‌. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത നാടിന്‌ ആപത്താണ്‌. മതവിശ്വാസവും മതരാഷ്‌ട്രവാദവും രണ്ടാണ്‌.

വിശ്വാസികളടക്കമുള്ളവരുടെ ഐക്യനിരയാണ്‌ വേണ്ടത്‌. മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ഒന്നിച്ച്‌ അണിനിരക്കണം. വർഗീയതയുമായി ഒത്തുതീർപ്പും സമരസപ്പെടലും ഉണ്ടാകരുത്‌. വർഗീയതയുമായി ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ കൂട്ടുകെട്ടുകളാണ്‌ യുഡിഎഫിനെ ദുർബലപ്പെടുത്തിയത്‌. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്‌. ഇത്‌ മനസ്സിലാക്കാതെയാണ്‌ രാഹുൽഗാന്ധിയുടെ പ്രസംഗങ്ങളെന്നും ചോദ്യത്തിന്‌ മറുപടിയായി പിണറായി പറഞ്ഞു.

കോൺഗ്രസ്‌ സ്‌ത്രീകളെ 
അവഗണിക്കുന്ന പാർടിയായി:
പിണറായി

സ്‌ത്രീകളെ അവഗണിക്കുന്ന പാർടിയായി കോൺഗ്രസ്‌ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവരുടെ സ്‌ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച്‌ സ്‌ത്രീകൾ ആ പാർടി വിട്ടുപോകുന്നു. കെപിസിസി വൈസ്‌ പ്രസിഡന്റും മുതിർന്ന നേതാവുമായ ‌ കെ സി റോസക്കുട്ടി വരെ ആ പാർടി വിട്ടു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷയും തലമുണ്ഡനം ചെയ്‌ത്‌ കോൺഗ്രസ്‌ വിട്ടു. എന്തുതരം നീതിയാണ്‌‌ സ്‌ത്രീകളോട്‌ അവർ കാണിക്കുന്നതെന്ന്‌ പിണറായി ചോദിച്ചു.

കോൺഗ്രസ്‌ മതനിരപേക്ഷതയെ തള്ളി വർഗീയതയെ താലോലിക്കുന്നു. ഇതിനെതിരെ ശക്തമായ വികാരം കോൺഗ്രസിൽ തന്നെ ഉയരുന്നു.നേരത്തെ ഞങ്ങൾ പറഞ്ഞ വിമർശനങ്ങൾ ഇപ്പോൾ കോൺഗ്രസ്‌ നേതാക്കൾ തുറന്നുപറഞ്ഞ്‌ പാർടി വിടുന്നു. സ്വന്തം പാർടി നേതാക്കൾക്കുപോലും ബോധ്യപ്പെടാത്ത മതനിരപേക്ഷ , സ്‌ത്രീപക്ഷ നിലപാടാണ് കോൺഗ്രസിന്റേത്‌.

എൽഡിഎഫ്‌ പ്രചാരണ യോഗ‌ങ്ങളിൽ വലിയ സ്‌ത്രീ പങ്കാളിത്തമാണുള്ളത്‌. സർക്കാർ കുടുംബശ്രീയിലൂടെയും മറ്റും സ്‌ത്രീകളുടെ ക്ഷേമ പദ്ധതികൾ നടപ്പാക്കി. കേരളത്തെ സ്‌ത്രീ സൗഹൃദമാക്കാനാണ്‌ എൽഡിഎഫ്‌ ലക്ഷ്യമിടുന്നത്‌. സ്‌ത്രീകളുടെ തൊഴിലവസരം കൂട്ടുന്നു. വീട്ടമ്മമാർക്ക്‌ പെൻഷൻ പ്രകടനപത്രിക ഉറപ്പു പറയുന്നു.

2016 ൽ പ്രകടന പത്രികയിൽ തൊഴിലവസരത്തിൽ 18 ശതമാനം സ്‌ത്രീ പങ്കാളിത്തമാണ്‌ വാഗ്ദാനം ചെയ്‌തത്‌. അത്‌ 20 ശതമാനത്തിന്‌ മുകളിലായി. 50 ശതമാനമായി ഉയർത്തുമെന്നാണ്‌ പ്രകടനപത്രികയിലുള്ളത്‌. കുടുംബശ്രീ വായ്‌പ 12,000 കോടിയിൽ നിന്ന്‌ 20,000 കോടിയായി ഉയർത്തും.‌ കുടുംബശ്രിയെ എൽഡിഎഫ്‌ ശാക്തീകരിക്കുമ്പോൾ യുഡിഎഫ്‌ തകർക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News