വര്‍ഗീയ വിരുദ്ധ നിലപാടെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ പറ്റാതായി; മുതിര്‍ന്ന നേതാക്കള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിടുന്നത് ഇതിന്‍റെ സൂചന: മുഖ്യമന്ത്രി

മതനിരപേക്ഷത ഉയർത്തിപിടിച്ച്‌ വർഗീയതക്കെതിരെ നിലപാടെടുക്കുന്നവർക്ക്‌ കോൺഗ്രസിൽ നിൽക്കാൻ പറ്റാതായിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ്‌ബാബുവിന്‌ കോൺഗ്രസിൽനിന്ന്‌ പുറത്തുപോരേണ്ടി വന്നത്‌ അതുകൊണ്ടാണ്‌. കഴിഞ്ഞ ദിവസം കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ആയിരുന്ന റോസക്കുട്ടിയും കോൺഗ്രസ്‌ വിട്ടുപോന്നിരുന്നു.

എന്നാൽ ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന്‌ വ്യതസ്‌തമായി ഇവിടെ കോൺഗ്രസ്‌ വിട്ടുപോരുന്ന എല്ലാവരും ബിജെപിയിലേക്കല്ല പോകുന്നത്‌. വർഗീയതക്കെതിരെ പോരാടുന്ന ഇടതുപക്ഷത്തിനൊപ്പം അവർ വരുന്നത്‌ സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഗീയ കക്ഷിയുടേയും സഹായം വേണ്ടെന്ന്‌ ഉറച്ച നിലപാടെടുത്തവരാണ്‌ ഇടതുപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ്‌ വിട്ട സുരേഷ്‌ ബാബു പറഞ്ഞ കാര്യങ്ങൾ അതീര ഗുരുതരമാണ്‌. ജനാധിപത്യം മതേതരത്വം,സോഷ്യലിസം എന്നിവയിൽനിന്ന്‌ കോൺഗ്രസ്‌ വ്യതിചലിച്ചുവെന്നും ഈ ആശയങ്ങൾ എല്ലാം കോൺഗ്രസിന്‌ പുറത്തായിയെന്നുമാണ്‌ ഇത്‌ തെളിയിക്കുന്നത്‌. വർഗീയ പ്രീണന നയമാണ്‌ അവിടെ . വർഗീയ പ്രീണന നയത്തിൽ മനം മടുത്ത്‌ കോൺഗ്രസ്‌ വിടുന്നവർക്ക്‌ ബിജെപിയിലേക്ക്‌ പോകാൻ കഴിയില്ല. ബിജെപി ഉൾപ്പെടെയുള്ള വർഗീയ ശക്‌തികളുമായി കോൺഗ്രസ്‌ സന്ധിചെയ്യുന്നതിന്റെ ഭാഗമായി ഇത്തരം കൊഴിഞ്ഞുപോക്ക്‌ ഉണ്ടാകുമെന്ന്‌ കോൺഗ്രസ്‌ മനസിലാക്കുന്നത്‌ നല്ലതാണ്‌. അല്ലെന്ന്‌ ഉമ്മൻചാണ്ടിക്ക്‌ പറയാൻ കഴിയുമോ.

വർഗീയ കക്ഷികളുടെ പിന്തുണയോടെ ഏതെങ്കിലും തരത്തിലുള്ള വിജയം ആഗ്രഹിക്കുന്നവരല്ല ഇടതുപക്ഷം. കോലീബി സഖ്യവും നേമം കൂട്ടുകെട്ടും കഴിഞ്ഞ്‌ കോൺഗ്രസ്‌ -യുഡിഎഫ്‌ – ബിജെപി ഒരുമിക്കുന്ന കേരളാതല സഖ്യമാണ്‌ ഇവിടെയുള്ളത്‌. വോട്ട്‌ വിൽക്കലും വാങ്ങലുമാണ്‌ അവർ തമ്മിലുള്ളത്‌. അത്‌ പലയിടത്തും നടക്കുന്നു. ചിലയിടങ്ങളിൽ സ്‌ഥാനാർഥികളെ നിർത്താതെ ആ അജണ്ട നടപ്പാക്കുന്നു.

ബിജെപി ഭരിക്കുന്ന യുപിയിൽ കന്യാസ്‌ത്രീകളെ അവഹേളിച്ചു കള്ളക്കേസിൽ പെടുത്താൻ ശ്രമിച്ച സംഭവത്തെ ശക്‌തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു . മൗലിക അവകാശങ്ങളുടെ ലംഘനമാണ്‌ കന്യാസ്‌ത്രീകൾക്ക്‌ നേരെയുണ്ടായത്‌.കേസെടുത്ത്‌ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News