സ്പീക്കർക്കും സർക്കാരിനുമെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പിന്‍റെ മൂർദ്ധന്യഘട്ടത്തിൽ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയകളിയുടെ ഭാഗമാകുന്നു. സ്പീക്കർക്കെതിരായ മൊഴി എന്ന കള്ളക്കഥ ഇതിന്‍റെ ഭാഗമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരടുമെന്നും സിപിഐ(എം) സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്താനല്ല അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. സർക്കാരിനെതിരെ ഗൂഢാലോചനകൾ ആസൂത്രണം ചെയ്യാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ 6 മാസം വിശദമായി അന്വേഷിച്ചിട്ടും ലഭ്യമാകാത്ത കാര്യങ്ങളുമായാണ് ഇപ്പോൾ പ്രതികളുടെ മൊഴി എന്ന പേരിൽ പുറത്തുവരുന്നത്.
ഇതിനകം 8 മൊഴികളാണ് പ്രതികളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്. അതിലൊന്നുമില്ലാത്ത കാര്യങ്ങളാണ് ഒൻപതാമത്തെ മൊഴിയിൽ ഉള്ളതായി പറയപ്പെടുന്നത്. കസ്റ്റഡിയിലിരിക്കെ പ്രതികളെ കൊണ്ട് കള്ളമൊഴിയുണ്ടാക്കി സർക്കാരിനെയും സിപിഐ എമ്മിനെയും അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ ചെറുത്തുനിൽപ്പന് പാർട്ടി നടത്തുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ഇ ഡിയുടെ നോട്ടീസിനെതിരെ അവകാശലംഘന പരാതി പ്രവിലേജസ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത് വരെയുള്ള ഒരു ഘട്ടത്തിലും സ്പീക്കർക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. തങ്ങളുടെ രാഷ്ട്രീയ താൽപര്യം നടപ്പിലാക്കാനായി ഏത് ഭരണഘടനാ സ്ഥാപനത്തെയും അപമാനിക്കാൻ തയ്യാറാകുമെന്നതിന്‍റെ ലക്ഷണമാണിത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐ(എം) വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.