അസാധാരണമായ സംഘാടകശേഷിയുള്ളവര്‍ക്കു മാത്രമേ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പരിസ്ഥിതിയെ സംരക്ഷിക്കാനാകൂ ; കെ അനില്‍കുമാറിന് ആശംസയുമായി തോമസ് ഐസക്

അസാധാരണമായ സംഘാടകശേഷിയും ആസൂത്രണവൈഭവവും ഉള്ളവര്‍ക്കു മാത്രമേ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കഴിയൂ എന്ന് ധനമന്ത്രി തോമസ് ഐസക്.

മനുഷ്യനും ചേര്‍ന്നതാണ് പ്രകൃതിയെന്ന ബോധ്യവും മനുഷ്യനു മാത്രം ചൂഷണം ചെയ്യാനുള്ളതല്ല പ്രകൃതിയെന്ന തിരിച്ചറിവും പരസ്പരപൂരകമായി ഉള്‍ച്ചേരുന്ന കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അത്തരം കണിശതയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്‍നിരയിലാണ് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഖാവ് കെ അനില്‍കുമാറെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

കെ അനില്‍കുമാര്‍ അഭിഭാഷകനാണ്, മികച്ച വാഗ്മിയാണ്, എഴുത്തുകാരനാണ്. അതിനുമപ്പുറം മീനച്ചിലാര്‍, മീനന്തനയാര്‍,കോടൂരാര്‍ നദീ സംയോജന പരിപാടിയുടെ സൂത്രധാരനുമാണ്. കേരളത്തില്‍ ഇന്നു നടക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി പുന:സ്ഥാപന ജനകീയ പരിപാടിയാണിത്. ഈ മൂന്ന് ആറുകളും അവയുടെ കൈവരികളും ചേരുമ്പോള്‍ കോട്ടയം ജില്ല ഏതാണ്ട് പൂര്‍ണ്ണമാകുമെന്നും മന്ത്രി പറഞ്ഞു.

നദികള്‍ ശുചിയാക്കുക, ആഴം കൂട്ടുക, പുഴയരികുകള്‍ സംരക്ഷിക്കുക, വരണ്ടുപോയ നദികളുടെ ഒഴുക്കു വീണ്ടെടുക്കുക, വീണ്ടും അവ മലിനീകരിക്കപ്പെടില്ല എന്ന് ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ജനകീയ കൂട്ടായ്മകള്‍ രൂപം കൊള്ളുന്നതും എണ്ണയിട്ട യന്ത്രം പോലെ അതു പ്രവര്‍ത്തിക്കുന്നതും ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ഇത്തരമൊരു സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യാനും കണ്ണിമ ചിമ്മാതെ ആ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിശ്രമരഹിതമായി പണിയെടുക്കുന്ന സഖാവ് അനില്‍കുമാറിനെപ്പോലുള്ളവരാണ് നമ്മുടെ നാടിന്റെ ഭാവിയുടെ പ്രകാശഗോപുരങ്ങളായി വളര്‍ന്നു വരുന്നത്. അങ്ങനെയൊരു പുതിയ തലമുറയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയുടെ മുതല്‍ക്കൂട്ട്. തോമസ് ഐസക് പറഞ്ഞു.

തോമസ് ഐസകിന്റെ ഫേസ്ബുക് പേജിന്റെ പൂര്‍ണ്ണരൂപം

അസാധാരണമായ സംഘാടകശേഷിയും ആസൂത്രണവൈഭവവും ഉള്ളവര്‍ക്കു മാത്രമേ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കഴിയൂ. കേവലവും കാല്‍പ്പനികവുമായ വൈകാരികതയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു പരിസ്ഥിതി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാവില്ല. മനുഷ്യനും ചേര്‍ന്നതാണ് പ്രകൃതിയെന്ന ബോധ്യവും മനുഷ്യനു മാത്രം ചൂഷണം ചെയ്യാനുള്ളതല്ല പ്രകൃതിയെന്ന തിരിച്ചറിവും പരസ്പരപൂരകമായി ഉള്‍ച്ചേരുന്ന കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അത്തരം കണിശതയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്‍നിരയിലാണ് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഖാവ് കെ അനില്‍കുമാര്‍.

അദ്ദേഹം അഭിഭാഷകനാണ്, മികച്ച വാഗ്മിയാണ്, എഴുത്തുകാരനാണ്. അതിനുമപ്പുറം മീനച്ചിലാര്‍, മീനന്തനയാര്‍,കോടൂരാര്‍ നദീ സംയോജന പരിപാടിയുടെ സൂത്രധാരനുമാണ്. കേരളത്തില്‍ ഇന്നു നടക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി പുന:സ്ഥാപന ജനകീയ പരിപാടിയാണിത്. ഈ മൂന്ന് ആറുകളും അവയുടെ കൈവരികളും ചേരുമ്പോള്‍ കോട്ടയം ജില്ല ഏതാണ്ട് പൂര്‍ണ്ണമാകും.

എത്ര സങ്കീര്‍ണമായ പ്രവര്‍ത്തനമാണിതെന്ന് നോക്കൂ. നദികള്‍ ശുചിയാക്കുക, ആഴം കൂട്ടുക, പുഴയരികുകള്‍ സംരക്ഷിക്കുക, വരണ്ടുപോയ നദികളുടെ ഒഴുക്കു വീണ്ടെടുക്കുക, വീണ്ടും അവ മലിനീകരിക്കപ്പെടില്ല എന്ന് ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ജനകീയ കൂട്ടായ്മകള്‍ രൂപം കൊള്ളുന്നതും എണ്ണയിട്ട യന്ത്രം പോലെ അതു പ്രവര്‍ത്തിക്കുന്നതും ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ഇത്തരമൊരു സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യാനും കണ്ണിമ ചിമ്മാതെ ആ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിശ്രമരഹിതമായി പണിയെടുക്കുന്ന സഖാവ് അനില്‍കുമാറിനെപ്പോലുള്ളവരാണ് നമ്മുടെ നാടിന്റെ ഭാവിയുടെ പ്രകാശഗോപുരങ്ങളായി വളര്‍ന്നു വരുന്നത്. അങ്ങനെയൊരു പുതിയ തലമുറയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയുടെ മുതല്‍ക്കൂട്ട്.

കോട്ടയത്തെ പുഴ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ഒട്ടേറെ തനിമകളുണ്ട്. ആദ്യത്തേത് ഈ പരിപാടിയുടെ വൈപുല്യം തന്നെയാണ്. ഓരോരിടത്തും പ്രാദേശിക ജനകീയ കൂട്ടായ്മകളാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നത്. സ്വാഭാവികമായി വ്യത്യസ്ത നിലപാടുകാരും പങ്കാളികളായിട്ടുണ്ടാകും. അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു വികേന്ദ്രീകൃത പ്രവര്‍ത്തന ശൈലി ആവിഷ്‌കരിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാന തനിമ.

സ. ഇം.എം.എസ്. എപ്പോഴും പറയുവാറുണ്ടായിരുന്ന പുത്തന്‍ വികസന സംസ്‌കാരത്തിന് ഉത്തമ മാതൃകയാണ് കോട്ടയത്തെ പുഴ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍. ഓരോ കൂട്ടായ്മയുടെയും വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ അതതുദിവസത്തെ പ്രവര്‍ത്തികളും, കണക്കുകളുമെല്ലാം അറിയിക്കുന്ന സുതാര്യമായ രീതിയാണ് ഇവിടെ അവലംബിക്കുന്നത്. തൊഴിലുറപ്പ്, ചില പഞ്ചായത്തുകളിലെ പ്ലാന്‍ ഫണ്ട് എന്നിവയൊഴിച്ചാല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഭാവനയുടെയും, സന്നദ്ധ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. അഴിമതിയുടെ സാധ്യത പൂര്‍ണമായും അടച്ചിരിക്കുന്നു എന്നതാണ് രണ്ടാമത്തെ സവിശേഷത.

മൂന്നാമത്തെ കാര്യം ഇതൊരു സംയോജിത പരിപാടിയാണ് എന്നുള്ളതാണ്. പരിസ്ഥിതി സംരക്ഷണവും, ജനങ്ങളുടെ വരുമാനവും തമ്മില്‍ പരസ്പര പൂരക ബന്ധമാണുള്ളത് എന്ന് കോട്ടയം നദീ പുനരുദ്ധാരണ പരിപാടി തെളിയിച്ചു. 1450 കി.മീ. തോട് നീരൊഴുക്ക് സുഗമമാക്കി നവീകരിച്ചു. അയ്യായിരം ഏക്കര്‍ തരിശു ഭൂമിയിലാണ് കൃഷി ഇറങ്ങിയത്. മത്സ്യ സമ്പത്ത് കൂടി. പലയിടത്തും കുടിവെള്ള പ്രശ്‌നവും, വെള്ളക്കെട്ടും ഒഴിവായി. പുഴ ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലും വരുമാനവും സൃഷ്ടിച്ചു. ഏക്കര്‍ കണക്കിന് പുഴയുടെ ഇടം കൈവശം വച്ചിരുന്നവര്‍ പുഴയ്ക്കിടമായി വിട്ടു കൊടുത്തു.

ഇന്നിപ്പോള്‍ ഈ പരിപാടി ഒരു സുപ്രധാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഹരിത മിഷന്റെ സജീവമായ പിന്തുണയും, സഹായവും പരിപാടിക്കുണ്ടായിരുന്നു. ഇനിയിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പരിപാടി സമ്പൂര്‍ണ്ണ വിജയത്തിലേക്കെത്തിക്കുന്നതിന് നേരിട്ട് ഇടപെടുകയാണ്. ഇതില്‍ ആദ്യത്തെ നടപടിയായി കഴിഞ്ഞ ബഡ്ജറ്റില്‍ പഴുക്കാനില കായല്‍ ഡ്രഡ്ജ് ചെയ്ത് കോടൂരാറിന്റെ കായല്‍ മുഖത്ത് രൂപം കൊണ്ടിരിക്കുന്ന വലിയ തുരുത്ത് നീക്കം ചെയ്യാനാണ് പരിപാടി. ഈ ചെളി ഉപയോഗിച്ച് വേമ്പനാട് കായലിന്റെ ഓരത്ത് കൂടി ബണ്ട് വീതി കൂട്ടി നിര്‍മ്മിക്കും. കോട്ടയത്തിന് ആമ്പല്‍ വയലുകളും എല്ലാം കൂടി ചേര്‍ന്ന പുതിയൊരു ടൂറിസ്റ്റ് കേന്ദ്രം ലഭ്യമാകും. വേമ്പനാട് കായല്‍ പട്ടണത്തിലേയ്ക്ക് വരും. പട്ടണത്തിലെ വെള്ളക്കെട്ട് ഒഴിവാകും. 100 കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ളത്. രണ്ടാം കുട്ടനാട് പാക്കേജ് എങ്ങനെ നടപ്പാക്കണമെന്നതിന് അനുഭവ പാഠമാകുവാന്‍ പോകുകയാണ് ഈ പദ്ധതിയിലൂടെ.

ഈ ഒരു സന്ദര്‍ഭത്തില്‍ കെ. അനില്‍കുമാര്‍ കോട്ടയത്തെ ജനപ്രതിനിധി ആകേണ്ടത് ഒരു ചരിത്ര നിയോഗം മാത്രം. കോട്ടയം നിയോജക മണ്ഡലത്തിന്റെ മാത്രമല്ല ജില്ലയുടെ തലക്കുറി മാറ്റുവാന്‍ ഈ സ്ഥാനം നമ്മെ സഹായിക്കും. ഈ ഒരു ബോധ്യമാണ് കെ. അനില്‍കുമാറിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്നതിനുള്ള ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ‘പുഴകള്‍ക്കിടം
തേടി’ എന്ന ലഘു ഗ്രന്ഥം മീനച്ചിലാര്‍ – മീനന്തനയാര്‍ – കോടൂരാര്‍ നദീ സംയോജന പരിപാടിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ അനുഭവ സാക്ഷ്യം. പുഴ പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കപ്പുറം കോട്ടയത്ത് എന്ത് ചെയ്യും എന്നുള്ള വികസന പദ്ധതികളും കൂടി തദവസരത്തില്‍ പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here