ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍; റെയില്‍വേ സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തല്‍

ട്രെയിന്‍ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശില്‍ യുവ കന്യാസ്ത്രീകള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍. ഋഷികേശില്‍ നിന്നും വന്ന എബിവിപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഝാന്‍സി റെയില്‍വേ സൂപ്രണ്ട് പറഞ്ഞു.

കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞു. മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തല്‍.

തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ(എസ്എച്ച്) ഡല്‍ഹി പ്രൊവിന്‍സിലെ നാല് കന്യാസ്ത്രീകള്‍ക്ക്‌നേരെ മാര്‍ച്ച് 19നാണ് ആക്രമണമുണ്ടായത്. ഒഡിഷക്കാരായ രണ്ടു യുവകന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളി ഉള്‍പ്പെടെ മറ്റ് രണ്ടുപേര്‍ കൂടെ പോയത്. ഇവരില്‍ രണ്ടുപേര്‍ സാധാരണ വേഷത്തിലായിരുന്നു.

ട്രെയിന്‍ ത്സാന്‍സിയില്‍ എത്തിയപ്പോള്‍ മതംമാറ്റാന്‍ രണ്ടു പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച് ഒരുകൂട്ടം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി.

അവര്‍ വിളിച്ചുവരുത്തിയ പൊലീസ് കന്യാസ്ത്രീകളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. വനിത പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത കന്യാസ്ത്രീകളെ ബലംപ്രയോഗിച്ച് പുറത്തിറക്കി.

ആധാര്‍ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകളെല്ലാം കാണിച്ചെങ്കിലും പൊലീസും മോശമായി പെരുമാറിയെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ആര്‍പ്പുവിളികളോടെ സ്റ്റേഷനിലേക്ക് മാറ്റി. മുദ്രാവാക്യം വിളികളുമായി 150 ഓളം ബജ്രംഗ്ദളുകാര്‍ അവിടെയെത്തി.

ഡല്‍ഹിയില്‍നിന്ന് അഭിഭാഷകര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് കന്യാസ്ത്രീകളെ മോചിപ്പിച്ചത്. രാത്രി 11ഓടെയാണ് ഇവര്‍ക്ക് സ്റ്റേഷന്‍ വിടാനായത്. പിന്നീട് സാധാരണ വേഷം ധരിച്ചാണ് യാത്ര തുടര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here