യുട്യൂബ് വീഡിയോ അനുകരിച്ച് തീകൊണ്ട് മുടിയൊതുക്കാൻ ശ്രമിച്ചു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

യുട്യൂബ് വീഡിയോ അനുകരിച്ച് തീകൊണ്ട് മുടിയൊതുക്കാൻ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി പന്ത്രണ്ട് വയസ്സുള്ള ശിവനാരായണനാണ് മരിച്ചത്. ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രകാശിന്റെ മകനാണ്. മണ്ണെണ്ണ തേച്ച് മുടി ഒതുക്കുന്നതിനിടെ തീപിടിച്ചെന്നാണ് പൊലീസ് പറയുന്നത്.

ഓൺലെെൻ ക്ലാസിന്റെ ഭാഗമായി കുട്ടി മൊബെെൽ ഫോൺ ഉപയോഗിക്കാറുണ്ട്. പലപ്പോഴും യുട്യൂബ് ഉപയോഗിച്ച് വിവിധ വീഡിയോകൾ കുട്ടി കാണാറുണ്ട്. തീ കൊണ്ട് മുടി മുറിക്കുന്ന വീഡിയോയും യുട്യൂബിൽ ലഭ്യമാണ്. ഇത് അനുകരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം.

ഇന്നലെ വെെകീട്ടാണ് സംഭവം നടന്നത്. വെങ്ങാനൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാർഥിയായ ശിവനാരായണൻ മുടിയിൽ മണ്ണെണ്ണ തേച്ച ശേഷം തീ കൊണ്ട് ഒതുക്കാൻ നോക്കിയതാണ്. ഇതിനിടെ തീ ആളിപ്പടർന്നു. തലയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റ ശിവനാരായണനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. ചികിത്സയിൽ തുടരവെ ഇന്നാണ് മരണം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് മൂത്തസഹോദരന്‍ കൈലാസും മുത്തശ്ശിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഈ സമയത്ത് യൂട്യൂബ് ദൃശ്യങ്ങള്‍ കണ്ട് മുടിയില്‍ മണ്ണെണ്ണ തേച്ച് ഒതുക്കാന്‍ ശ്രമിച്ചെന്നും അതിനിടെ തീപ്പെട്ടി ഉരച്ചതോടെ തീ മുടിയിലേക്ക് പടര്‍ന്നെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News