ആദിത്യ താക്കറെക്കും ആമിർ ഖാനും കോവിഡ്; മുംബൈ നഗരത്തിൽ പുതിയ കേസുകൾ 5000 കടന്നു

മുംബൈയിൽ മാത്രം ഇന്ന്   5067 പുതിയ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ രണ്ടാം തരംഗം വലിയ ആശങ്കയാണ് വിതച്ചു കൊണ്ടിരിക്കുന്നത്.  ചൊവ്വാഴ്ച നഗരത്തിൽ 3512 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തതിന് പുറകെയാണ് തൊട്ടടുത്ത ദിവസത്തിൽ  വലിയ കുതിച്ചു ചാട്ടം നഗരം നടത്തിയിരിക്കുന്നത്.

നഗരത്തിലെ പ്രതിദിന  പരിശോധന 45000 ആയി ഉയർത്തിയെന്നും അത് കൊണ്ട് വരും ദിവസങ്ങളിൽ കണക്കുകൾ ഇനിയും കൂടുവാനാണ് സാധ്യതെയെന്നും  അധികൃതർ അറിയിച്ചു. ആശുപത്രികളിൽ കിടക്കയുടെ അഭാവം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും സ്വകാര്യ ആശുപത്രികൾക്കും വെല്ലുവിളി ഏറ്റെടുക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു.

കോവിഡ്  ബാധിച്ചതിനെ തുടർന്ന്  സാമൂഹ്യക്ഷേമ മന്ത്രി ധനഞ്ജയ് മുണ്ടെയെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നേരത്തെ പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ  മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശകനായ  അജോയ് മേത്തയ്ക്കും രോഗം  സ്ഥിരീകരിച്ചു.  കഴിഞ്ഞയാഴ്ചയാണ്  മേത്ത തന്റെ ആദ്യത്തെ വാക്സിനേഷൻ എടുത്തത്.

ഇന്ന് ബോളിവുഡ് നടൻ ആമിർ ഖാനും  കോവിഡ് 19  പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ആമിർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വീട്ടിൽ തന്നെ സമ്പർക്ക വിലക്കിൽ കഴിയുകയാണെന്ന് ഔദ്യോദിക പ്രസ്താവനയിൽ പറയുന്നു.

സമീപ കാലത്ത് താനുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ നടപടിയായി സ്വയം പരിശോധിക്കണമെന്നും ആമിർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ലോക ജലദിനത്തോടനുബന്ധിച്ച് ആമിർ ഖാൻ  മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ  സന്ദർശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel