കെഎഎസ് നിയമനം ഏപ്രിലിൽ; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനം പതിറ്റാണ്ടുകളായി കാത്തിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്‌ യാഥാർഥ്യമാകുന്നു. കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയ്‌നി തസ്തികയുടെ ചുരുക്കപ്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. മൂന്ന് സ്ട്രീമിലുമായി ആകെ 576 ഉദ്യോഗാർഥികൾ ചുരുക്കപ്പട്ടികയിലുണ്ട്. അഭിമുഖം ഉടൻ പൂർത്തിയാക്കി ഏപ്രിൽ അവസാനത്തോടെ ഫൈനൽ റാങ്ക്‌ലിസ്റ്റ്‌‌ പ്രസിദ്ധീകരിക്കും. തുടർന്ന്‌ ആദ്യഘട്ടത്തിൽ 105 പേർക്ക്‌ നിയമനം ലഭിക്കും.

സ്ട്രീം ഒന്നിൽ മുഖ്യപട്ടികയിൽ 68 പേരും ഉപപട്ടികയിൽ 129 പേരുമായി ആകെ 197 പേരുണ്ട്‌. സ്ട്രീം രണ്ടിൽ മുഖ്യപട്ടികയിൽ 70 പേരും ഉപപട്ടികയിൽ 117 പേരുമായി ആകെ 187 പേരും സ്ട്രീം മൂന്നിൽ മുഖ്യപട്ടികയിൽ 71 പേരും ഉപപട്ടികയിൽ 121 പേരുമായി ആകെ 192 പേരും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ സ്‌ട്രീമിൽനിന്നും തുല്യ അനുപാതത്തിൽ 35 പേർക്ക്‌ വീതമാണ്‌ ആദ്യഘട്ടത്തിൽ നിയമനം. തുടർന്നുവരുന്ന ഒഴിവുകളും ഈ ലിസ്റ്റിൽനിന്ന്‌ നികത്തും.
2019ലെ കേരളപ്പിറവിദിനത്തിലാണ്‌ കെഎഎസിനുള്ള വിജ്ഞാപനം പിഎസ്‌സി പുറപ്പെടുവിച്ചത്‌. 2020 നവംബറോടെ നിയമനം നൽകി കേരളത്തിന്റെ സിവിൽ സർവീസ്‌ യാഥാർഥ്യമാക്കാനാണ്‌ പിഎസ്‌സിയും സർക്കാരും ലക്ഷ്യമിട്ടത്‌.

കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും അധികം വൈകാതെ കെഎഎസ്‌ യാഥാർഥ്യമാക്കാനായി‌. കെഎഎസ്‌ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച ഘട്ടംമുതൽ വിലങ്ങുതടിയുമായി ഒരുവിഭാഗം രംഗത്തിറങ്ങിയിരുന്നു. സ്‌പെഷ്യൽ റൂൾ ഉണ്ടാക്കുന്നതുമുതൽ പല പ്രശ്‌നങ്ങൾ ഉന്നയിച്ച്‌ നൽകിയ നൂറിലേറെ കേസ്‌ തള്ളിപ്പോയി. വിജ്ഞാപനം തടയണമെന്ന്‌ ആവശ്യപ്പെട്ടും ചിലർ കോടതിയെ സമീപിച്ചു. പരീക്ഷയ്‌ക്കുമുമ്പും നിസ്സാര കാര്യങ്ങൾ ഉന്നയിച്ച്‌ സ്‌റ്റേക്ക്‌ ശ്രമിച്ചു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന്‌ കണ്ട്‌ കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News