തപാൽ വോട്ട് വെള്ളിയാഴ്‌ച മുതൽ; ബാലറ്റ് പേപ്പർ വീട്ടിലെത്തും

പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത 80 വയസ്സിനു മുകളിലുള്ളവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വികലാംഗർ എന്നിവർക്കായുള്ള തപാൽ വോട്ടിങ് വെള്ളിയാഴ്‌ച മുതൽ.

അപേക്ഷകരിൽ അർഹരായ സമ്മതിദായകർക്ക് പ്രത്യേക പോളിങ് സംഘം വീടുകളിലെത്തി‌ ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും നൽകും. പോളിങ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്ന ദിവസവും സമയവും എസ്എംഎസ് ആയോ തപാലിലോ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ സമ്മതിദായകരെ വരണാധികാരി മുൻകൂട്ടി അറിയിക്കും. മൈക്രോ ഒബ്‌സർവർ, രണ്ടു പോളിങ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘം വീടുകളിലെത്തും. കോവിഡ് പോസിറ്റീവായവരെയും ക്വാറന്റൈനിലും കഴിയുന്നവരെയും സന്ദർശിക്കുന്നതിന്‌ പ്രത്യേക പോളിങ് ടീമുണ്ട്. സ്ഥാനാർഥിക്കോ സ്ഥാനാർഥിയുടെ ബൂത്ത് ലെവൽ ഏജന്റ് ഉൾപ്പെടെയുള്ള അംഗീകൃത പ്രതിനിധികൾക്കോ വീടിന്‌ പുറത്തുനിന്ന് പോസ്റ്റൽ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാം.

നടപടി ഇങ്ങനെ

പ്രത്യേക പോളിങ് ടീം സമ്മതിദായകന്റെ വീട് സന്ദർശിച്ച് തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പാക്കും. തപാൽ വോട്ട് രേഖപ്പെടുത്തുന്ന രീതി ആദ്യം സമ്മതിദായകനോട്‌ വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പറുകളും കവറുകളും പേന, പശ തുടങ്ങിയവയും കൈമാറും. വോട്ടർ രഹസ്യസ്വഭാവം പാലിച്ച് വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോൾത്തന്നെ പോളിങ് ടീമിനെ ഏൽപ്പിക്കും. ഈ പ്രക്രിയ വീഡിയോയിൽ ചിത്രീകരിക്കും. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുന്നത് വീഡിയോയിൽ ചിത്രീകരിക്കില്ല.

വോട്ടറിൽനിന്ന്‌ കൈപ്പറ്റുന്ന ബാലറ്റ് പേപ്പർ അടങ്ങുന്ന കവർ പോളിങ് ടീം അന്നുതന്നെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്ക്‌ കൈമാറണം. ഇവ റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കലക്ടറെ അറിയിക്കും. കലക്ടർ ഇത് തെരഞ്ഞെടുപ്പ്‌ കമീഷന്‌ കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News