പൗരത്വ നിയമം: ബിജെപിയുടേത്‌ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം: സീതാറാം യെച്ചൂരി

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ബിജെപിയും കേന്ദ്രസർക്കാരും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രമേയം പാസാക്കിയ സർക്കാരാണ് കേരളത്തിലുള്ളത്. എല്ലാവരെയും കൂട്ടുപിടിച്ച്‌ ആ സർക്കാരിനെ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഗഫൂർ പി ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായാണ് ബിജെപി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് നിലപാടെടുക്കുന്നത്. കേരളത്തിലെത്തിയ അമിത്‌ഷാ നിയമം നടപ്പാക്കുമെന്ന്‌ പറഞ്ഞു. ബംഗാളിലും നടപ്പാക്കുമെന്നാണ്‌ പ്രസംഗിക്കുന്നത്‌. അതേസമയം, അസമിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. വോട്ടിലാണ് കണ്ണ്. മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമാണ്‌ ബിജെപിയുടെ ലക്ഷ്യം. ലൗ ജിഹാദിന്റെ പേരിൽ പുതിയ നിയമമുണ്ടാക്കുന്നു. ഗോരക്ഷയുടെ പേരിലും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. ഇത്തരം കാടൻ നിയമങ്ങളെ ചെറുക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.

രാജ്യത്തിന്റെ സ്വയംപര്യാപ്തത എന്നതിനുപകരം ഞാനും റിലയൻസും എന്നതാണ് മോഡിയുടെ നയം. ഇന്ത്യയുടെ സമ്പത്താകെ കോർപറേറ്റ് സുഹൃത്തുക്കൾക്ക് വിറ്റുതുലയ്ക്കുകയാണ്. പ്രക്ഷോഭം നയിക്കുന്ന ലക്ഷക്കണക്കിന് കർഷകരുടെ പ്രശ്നം പരിഹരിക്കാൻ തയ്യാറാകുന്നില്ല.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ നടപ്പാക്കുന്ന ഏക സർക്കാരാണ് കേരളത്തിലേത്‌. കർഷകവിരുദ്ധ നയം നടപ്പാക്കില്ലെന്ന് ഉറപ്പുനൽകി. കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ചു. കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തി.

കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ ത്രിശൂലം ഉപയോഗിച്ചാണ് നേരിടുന്നത്. ഒന്ന് പണമാണ്. ആര് ജയിച്ചാലും സർക്കാരുണ്ടാക്കുമെന്നാണ് ബിജെപി പറയുന്നത്‌. രാജ്യത്തെ ബിജെപി എംഎൽഎമാരിൽ 50 ശതമാനവും കോൺഗ്രസിൽനിന്ന് വന്നവരാണ്. സിബിഐയും ഇഡിയുമാണ് മറ്റ് രണ്ട് ശൂലങ്ങൾ. അവയെ ഉപയോഗിച്ചൊന്നും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാനാവില്ല -–- യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here