സ്ത്രീയെ അപമാനിച്ചു, വീട്ടില്‍ അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കാന്‍ ശ്രമിച്ചു’; ഫിറോസിനെതിരെ ക്രിമിനല്‍ കേസെന്ന് സത്യവാങ്മൂലം

തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍ ക്രിമിനല്‍ കേസില്‍ പ്രതി. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കാന്‍ ശ്രമിക്കുക, വീട്ടിലേക്ക് അതിക്രമിച്ച് കയറുക തുടങ്ങിയ പരാതിയിലാണ് ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ‘സ്ത്രീയുടെ മാനത്തെ ഇന്‍സള്‍ട്ട് ചെയ്തു’വെന്ന ആരോപണത്തിലും ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ ഐപിസി 509 പ്രകാരം പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കാന്‍ ശ്രമം, വീട്ടിലേക്ക് അതിക്രമിച്ചു കയറുക തുടങ്ങിയ പരാതിയില്‍ ഐപിസി 511,451,34 പ്രകാരം എറണാകുളം ജില്ലയിലെ ചേരനല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ഫിറോസിന്റെ പേരില്‍ നിലനില്‍ക്കുന്ന കേസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ പേരില്‍ ഏതെങ്കിലും ഒരു കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മുന്നില്‍ കാണിക്കാമല്ലോയെന്നായിരുന്നു ഫിറോസ് മറുപടി നല്‍കിയത്. താന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഓര്‍മ്മയില്ലായെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്.

ഫിറോസ് കുന്നംപറമ്പിലിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്. ഫിറോസ് കുന്നംപറമ്പിലിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. ഇതുകൂടി കൂട്ടുമ്പോള്‍ 20,28,834 ജംഗമ ആസ്തിയാണ് ഫിറോസിനുള്ളത്.

കമ്പോളത്തില്‍ 295000 രൂപ വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയര്‍ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്.

വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. മന്ത്രി കെടി ജലീലിനെതിരെയാണ് ഫിറോസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News