കൊവിഡ് വ്യാപനം: ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍

 ഖത്തറില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 26 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പതിവ് മന്ത്രിസഭാ യോഗമാണ് ഖത്തറില്‍ വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

റസ്റ്ററന്റുകള്‍

റസ്റ്ററന്റുകളും കഫേകളും 15 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ‘ക്ലീന്‍ ഖത്തര്‍’ സര്‍ട്ടിഫിക്കറ്റ് ഉള്ള റസ്റ്ററന്റുകളും കഫേകളും പരമാവധി 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. തുറന്ന സ്ഥലങ്ങളില്‍ പരമാവധി 30 ശതമാനം ശേഷിയില്‍ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കും.

ഒത്തുചേരലുകള്‍

വീടുകിലും മജ്‌ലിസുകളിലും അടച്ചിട്ട സ്ഥലങ്ങളില്‍ സാമൂഹ്യ ഒത്തുചേരലുകളും സന്ദര്‍ശനങ്ങളും നിരോധിച്ചു. ഔട്ട്‌ഡോര്‍ ഇടങ്ങളില്‍ ഒത്തു ചേരുന്നവരുടെ പരമാവധി എണ്ണം അഞ്ചായി പരിമിതപ്പെടുത്തി. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാങ്ങള്‍ക്ക് മാത്രമേ ശൈത്യകാല ക്യാമ്പുകളില്‍ ഒന്നിച്ച് കഴിയാന്‍ സാധിക്കൂ. ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ അടച്ചതും തുറന്നതുമായ സ്ഥലങ്ങളിലെ വിവാഹങ്ങള്‍ നിരോധിച്ചു.

ബീച്ചുകളും പാര്‍ക്കുകളും

പാര്‍ക്കുകള്‍, ബീച്ചുകള്‍, കളിസ്ഥലങ്ങള്‍, കോര്‍ണിഷുകള്‍, എന്നിവിടങ്ങളില്‍ ഒത്തുകൂടാന്‍ ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാങ്ങള്‍ക്കോ അല്ലെങ്കില്‍ പരമാവധി രണ്ട് പേര്‍ക്കോ മാത്രമാണ് ഒത്തുചേരാന്‍ കഴിയുക. പബ്ലിക് പാര്‍ക്കുകളിലെ വ്യായാമ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇതേ നിബന്ധന ബാധകമാണ്.

വാണിജ്യ സ്ഥാപനങ്ങള്‍

വാണിജ്യ സ്ഥാപനങ്ങളുടെ ശേഷി 30 ശതമാനമായി പരിമിതപ്പെടുത്തി. 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. മൊത്തവ്യാപാര വിപണികളുടെ ശേഷിയും 30 ശതമാനമായി കുറച്ചിട്ടുണ്ട്. ഇവിടെയും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.

ബ്യൂട്ടി സലൂണുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും തുറക്കില്ല.

ജിമ്മുകളും, സ്പാകളും

ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിസിക്കല്‍ ട്രെയിനിങ് കേന്ദ്രങ്ങള്‍, മസാജ് സേവനങ്ങള്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടും. അതിഥികള്‍ക്ക് ഹോട്ടലുകളിലെ ജിം ഉപയോഗിക്കുന്നതില്‍ ഇളവുണ്ട്. അടുത്ത അറിയിപ്പ് വരെ നാന്തല്‍ കുളങ്ങളും വാട്ടര്‍ പാര്‍ക്കുകളും അടച്ചിടും.

ആരോഗ്യ സംരക്ഷണ സേവനങ്ങള്‍

സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ ശേഷി 70 ശതമാനമാക്കി കുറച്ചു. ക്ലീനിങ്, ഹോസ്പിറ്റാലിറ്റി സേവനങ്ങളുടെ പ്രവര്‍ത്തന ശേഷി പ്രവൃത്തി സമയങ്ങളില്‍ 30 ശതമാനമാക്കി പരിമിതപ്പെടുത്തി.

വാടക ബോട്ടുകള്‍

വാടക ബോട്ടുകള്‍, ടൂറിസ്റ്റ് യാട്ടുകള്‍, പ്ലഷര്‍ ബോട്ടുകള്‍ എന്നിവയുടെ സേവനങ്ങള്‍ നിര്‍ത്തി വച്ചു. എന്നാല്‍ ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. ബോട്ടുകളില്‍ ഒരേ വീട്ടിലെ അംഗങ്ങള്‍ മാത്രമാണ് ഉള്ളത് എന്ന് ഉടമ ഉറപ്പുവരുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here