ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലര ലക്ഷത്തോളം കുടുംബങ്ങളാണ് അത്തരത്തിലുള്ളത്. ഓരോ കുടുംബത്തിന്റെയും സാഹചര്യം വിലയിരുത്തി കുടുംബത്തിലൊരാൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കി ആ കുടുംബത്തെ ഉയർത്തിക്കൊണ്ടുവരും. ഇതൊക്കെ ചെയ്യാൻ എൽഡിഎഫിനല്ലാതെ മറ്റാർക്ക് കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്തനംതിട്ട ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനങ്ങളുടെ അനുഭവത്തിൽനിന്നാണ് എൽഡിഎഫിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടായത്. അതിൽ കോൺഗ്രസിനും യുഡിഎഫിനും ബിജെപിക്കും അസ്വസ്ഥതയുണ്ട്. അതുകൊണ്ടാണവർ എല്ലാത്തിനെയും എതിർക്കുന്നത്. 2016 വരെ ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു സ്ഥിതിയെങ്കിൽ എൽഡിഎഫ് വന്നതോടെ ഇവിടെ എല്ലാം നടക്കും എന്നായി. തടസങ്ങളെല്ലാം നീക്കി പദ്ധതികളെല്ലാം യാഥാർഥ്യമാക്കിയപ്പോൾ എൽഡിഎഫിനൊപ്പം ജനങ്ങളും അണിനിരന്നു.

യുഡിഎഫ് ഭരണത്തിൽ അഞ്ചുലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽനിന്നു കൊഴിഞ്ഞുപോയത്. എന്നാൽ എൽഡിഎഫ് കാലത്ത് 6,80,000 കുട്ടികളാണ് പുതുതായി പൊതുവിദ്യാഭ്യാസമേഖലയിലേക്കെത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതേ മാറ്റങ്ങൾ കൊണ്ടുവന്നു. ഇതിനെയൊക്കെയാണോ പ്രതിപക്ഷവും ബിജെപിയും എതിർക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽനിന്ന് ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രിക ആ ലക്ഷ്യത്തോടെയുള്ളതാണ്. നിലവിൽ എൽഡിഎഫ് നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിക്കുകയും 20 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. പുതിയ പ്രകടനപത്രികയും നടപ്പാക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ട്. നടപ്പാക്കുന്നതേ എൽഡിഎഫ് പറയൂ. പറയുന്നത്‌ എൽഡിഎഫ് നടപ്പാക്കുകയും ചെയ്യും. കരഘോഷത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത 5 വർഷം കേരളത്തിലാർക്കും തൊഴിൽതേടി അലയേണ്ട അവസ്ഥവരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 40 ലക്ഷം പേർക്കാണ് തൊഴിൽനൽകാൻ എൽഡിഎഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. ലക്ഷക്കണക്കിന് തൊഴിൽരഹിതരാണ് കേരളത്തിലുള്ളത്. അവരെല്ലാം പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യും. തൊഴിൽദാതാക്കളും രംഗത്തുവരും. ആവശ്യമനുസരിച്ച് ഉദ്യോഗാർഥികളെ യോഗ്യതകൾ പരിശോധിച്ച് പോർട്ടൽ തൊഴിൽ ദാതാക്കൾക്ക് നൽകും. ഉയർന്ന യോഗ്യതയുള്ള സ്ത്രീകളടക്കം തൊഴിൽരഹിതരായി വീടുകളിൽ കഴിയുന്നുണ്ട്. അവർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ കഴിയുന്ന സാഹചര്യമാണ് വരുന്നത്. ഇങ്ങനെയുള്ള 20 ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭ്യമാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയമടക്കം പ്രതിസന്ധികളെ നാടൊന്നാകെയാണ് നേരിട്ടത്. പ്രതിപക്ഷ നേതാവിനെ കൂട്ടിക്കൊണ്ടാണ് ദുരിതങ്ങൾ കാണാൻ പോയത്. അത് ഒരുമയുടെ സന്ദേശം നൽകാനായിരുന്നു. എന്നാൽ അവർ സ്വീകരിച്ച സമീപനം പ്രളയം സർക്കാർ ഉണ്ടാക്കിയെന്നായിരുന്നു. പ്രളയത്തെക്കുറിച്ച് പഠിച്ച് ദേശീയ, അന്താരാഷ്ട്ര ഏജൻസികളെല്ലാം അതിതീവ്ര മഴയാണ് പ്രളയത്തിനിടയാക്കിയതെന്നാണ് കണ്ടെത്തിയത്. അതിശക്തമായ മലവെള്ളപ്പാച്ചിലിനെ തടഞ്ഞുനിർത്താനാകില്ല. മഴ മുഴുവൻ കഴിഞ്ഞിട്ട് ഡാം തുറന്നുവിടാൻ കാത്തുനിന്നാൽ കൂടുതൽ അപകടം ഉണ്ടാകുമെന്നതായിരുന്നു സാഹചര്യം. അതായിരുന്നു ശാസ്ത്രീയ രീതിയെന്നു വിദഗ്ദ്ധർ കണ്ടെത്തുകയും ചെയ്തു. പ്രളയ ബാധിതരെ സഹായിക്കാൻ കേന്ദ്രംനൽകിയത് തുച്ഛമായ തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്നാണ് യുഡിഎഫും കോൺഗ്രസും പറഞ്ഞത്. ബിജെപിയും എതിരായ നിലപാടാണെടുത്തത്. എന്നാൽ എൽഡിഎഫ് നാടിനെ തകരാൻ വിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News