വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യ വ്യാപക സമരത്തിനൊരുങ്ങി ആമസോണ്‍ ഡെലിവറി ജീവനക്കാര്‍

ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ രാജ്യവ്യാപക സമരത്തിലേക്ക് കടക്കുന്നു. കമ്മീഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുക, ഇന്‍ഷുറന്‍സ് ക്ലെയിം, ഉപഭോക്താക്കള്‍ക്ക് കെവൈസി പ്രക്രിയ നിര്‍ബന്ധമാക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വരും ദിവസങ്ങളില്‍ സമരത്തിനൊരുങ്ങുന്നത്. ജീവനക്കാരുടെ സമരത്തോടെ വിതരണം പ്രതിസന്ധിയിലാവുകയും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ബംഗളൂരു, ഡല്‍ഹി, പൂനെ, ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിലെ വെയര്‍ഹൗസുകളിലടക്കം 24 മണിക്കൂര്‍ സമരമാണ് നടത്തുക.

വെയര്‍ഹൗസുകളില്‍ പാഴ്‌സലുകള്‍ കുന്നുകൂടാന്‍ ഇത് ഇടയാക്കുമെന്ന് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് (ഇഫാറ്റ്), തെലങ്കാന ഗിഗ് ആന്റ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂനിയന്‍ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു. ഈ മാസം അവസാനം നടക്കാനിടയുള്ള പണിമുടക്കില്‍ 10,000 മുതല്‍ 20,000 ഡെലിവറി ആളുകള്‍ പങ്കെടുക്കുമെന്ന് ഐഎഎഎടി ദേശീയ ജനറല്‍ സെക്രട്ടറി ഷെയ്ക്ക് സലാവുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആമസോണിന്റെ രാജ്യത്തെ മുഴുവന്‍ ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ആദ്യപണിമുടക്കാവും ഇതെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലും പൂനെയിലും നൂറുകണക്കിന് ആമസോണിന്റെ ഡെലിവറി ജീവനക്കാര്‍ സമരവുമായി രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് രാജ്യവ്യാപക പണിമുടക്ക് നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. 1,500-2,000 ഡെലിവറി ജീവനക്കാര്‍ പൂനെയില്‍ പണിമുടക്കിയപ്പോള്‍ 1,000- 1,500 പേര്‍ ഡല്‍ഹിയില്‍ പണിമുടക്കില്‍ പങ്കാളികളായെന്ന് സലാവുദ്ദീന്‍ പറഞ്ഞു.

നേരത്തെ ഡെലിവറി ജീവനക്കാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നുവെങ്കിലും ആമസോണിന്റെ നിലവിലെ നയങ്ങളില്‍ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. സമരത്തില്‍ പങ്കെടുച്ച ചില ഡെലിവറി ജീവനക്കാര്‍ക്കെതിരേ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുകയാണ് ചെയ്തതെന്നും യൂനിയന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News