ബിജെപിയെ പ്രതിരോധിക്കാന്‍ ശക്തമായ ഇടതുപക്ഷം കേരളത്തിലുണ്ട്; കോണ്‍ഗ്രസ് ക്ഷയിച്ചാല്‍ ബിജെപി വളരുമെന്ന യുഡിഎഫ് വാദം കേരളത്തില്‍ വിലപ്പോവില്ല: എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പിനെ അത്രയേറെ വിലകുറഞ്ഞതും രാഷ്ട്രീയ പാപ്പരത്തം വെളിപ്പെടുത്തുന്നതുമായ മുദ്രാവാക്യവുമായാണ് കേരളത്തിലുള്‍പ്പെടെ കോണ്‍ഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടാന്‍ പ്രവര്‍ത്തകരും നേതാക്കളും ബിജെപിയിലേക്ക് പോകുമെന്നും ഇത് കേരളത്തിലും ബിജെപിയെ ശക്തിപ്പെടുത്തുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

സ്വന്തം രാഷ്ട്രീയ അസ്ഥിത്വം പോലും പണയംവച്ചാണ് അധികാരക്കെതി മൂത്തുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഇത്തരം പ്രചാരണങ്ങള്‍ എന്നതാണ് എറ്റവും പ്രധാനപ്പെട്ടത്.

എന്നാല്‍ കോണ്‍ഗ്രസുകാരുടെ ഈ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെ പൊളിക്കുകയാണ് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ദേശാഭിമാനിയിലെ‍ഴുതിയ ലേഖനത്തിലൂടെ.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയും, റോസക്കുട്ടിയും, പിഎം സുരേഷ് ബാബുവും ഉള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടെങ്കിലും അവരാരും ബിജെപിയിലേക്ക് പോയില്ലെന്നും എന്‍സിപിക്കൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തോറ്റാല്‍ ബിജെപിയാകുമെന്ന കോണ്‍ഗ്രസിന്‍റെ വാദം കേരളത്തില്‍ വിലപ്പോവില്ലെന്നും എ വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു

ലേഖനത്തിന്‍റെ പൂര്‍ണ രൂപം

കേരളത്തിൽ കോൺഗ്രസ് തകർന്നാൽ ബിജെപി ശക്തിപ്പെടുമെന്ന ഒരു വാദം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉയർന്നു കേൾക്കുന്നുണ്ടല്ലോ. കോൺഗ്രസിനെ തോൽവിയിൽനിന്ന് രക്ഷപ്പെടുത്താൻ ഉന്നയിക്കുന്ന ഈ വാദത്തെ നിരാകരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് അടുത്ത ദിവസങ്ങളിലുണ്ടായത്. കോൺഗ്രസിന്റെ നയങ്ങളിൽ മനംമടുത്ത് ആ പാർടി വിടുന്ന പ്രമുഖ നേതാക്കൾ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ബിജെപിക്കെതിരെ പോരാടാനാണ് താൽപ്പര്യം കാണിക്കുന്നത്. നേതാക്കൾ മാത്രമല്ല, പല ഭാഗത്തും പ്രവർത്തകരും ഇടതുപക്ഷത്തേക്ക് മാറുന്നതാണ് കാണുന്നത്.

ചില പേരുകൾ എടുത്തുപറയാം. കോൺഗ്രസിന്റെ ദേശീയ നേതൃനിരയിൽ പ്രമുഖനായ പി സി ചാക്കോ കോൺഗ്രസ് വിട്ട് എൽഡിഎഫിന്റെ വിജയത്തിനുവേണ്ടി പ്രചാരണരംഗത്താണ്. മുൻ എംഎൽഎയും മഹിളാ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ കെ സി റോസക്കുട്ടി പാർടി വിട്ട് ഇടതുപക്ഷത്തേക്കാണ് വന്നത്. വയനാട്ടിൽ ഇടതുപക്ഷവിജയത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് അവർ. രാഹുൽ ഗാന്ധി കേരളത്തിൽ റോഡ്ഷോ നടത്തുന്നതിനിടെയാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ അഡ്വ. പി എം സുരേഷ് ബാബു പാർടി വിട്ട് ഇടതുപക്ഷത്തോടൊപ്പം നിൽക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. വളരെ സ്വാഗതാർഹമായ മാറ്റങ്ങളാണ് ഇതെല്ലാം. കേരളത്തിൽ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇതു സഹായിക്കുമെന്നതിൽ തർക്കമില്ല.

സ്ത്രീകളെ കോൺഗ്രസ് അവഗണിക്കുന്നതിലും അവഹേളിക്കുന്നതിലും ദുഃഖിതയായാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനംചെയ്ത് പാർടി വിട്ടത്. താൻ ബിജെപിയിലേക്ക് ഇല്ലെന്ന് അവരും വ്യക്തമാക്കിയിട്ടുണ്ട്. വർഗീയതയോട് എതിർപ്പുള്ളവർക്ക് കോൺഗ്രസിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ്‌ ഉള്ളത്. മതനിരപേക്ഷ നിലപാടുള്ളവർക്ക് ഒരിക്കലും ബിജെപിയിലേക്ക് പോകാനാകില്ല. അവർ ഇടതുപക്ഷത്തോടൊപ്പം നിൽക്കും.

കോൺഗ്രസ് വിടുന്നവർ ബിജെപിയിലാണ് ചേക്കേറുകയെന്ന വാദം ഈ ഘട്ടത്തിൽ ഉന്നയിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. മതനിരപേക്ഷ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസിനെ തോൽവിയിൽനിന്ന് രക്ഷപ്പെടുത്തണം. അതുവഴി ഇടതുപക്ഷത്തിന്റെ തുടർഭരണം തടയണം. ജമാഅത്തെ ഇസ്ലാമി തുടങ്ങിവച്ച ഈ പ്രചാരണം കോൺഗ്രസ് നേതാക്കൾ സ്വയം ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇടതുപക്ഷ ചേരിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ വരവ്.

കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും കൂടുതലായി വരുന്നത് എൽഡിഎഫിന്റെ അടിത്തറ ഇനിയും വിപുലമാക്കാൻ സഹായിക്കും

ബിജെപിയെ പ്രതിരോധിക്കാൻ ശക്തമായ ഇടതുപക്ഷപ്രസ്ഥാനം കേരളത്തിലുണ്ട്. എല്ലാത്തരം വർഗീയതകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷം പോരാടുന്നു. ഈ വിശ്വാസ്യതയാണ് കോൺഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെ ഇടതുപക്ഷത്തേക്ക് ആകർഷിക്കുന്നത്. കേന്ദ്രത്തിൽ ഭരണമുള്ള ബിജെപിയുടെ തീവ്രവർഗീയതയെ നേരിടുന്നതിന് ഇടതുപക്ഷ നേതൃത്വത്തിലുള്ള മതനിരപേക്ഷ ചേരി കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും കൂടുതലായി വരുന്നത് എൽഡിഎഫിന്റെ അടിത്തറ ഇനിയും വിപുലമാക്കാൻ സഹായിക്കും.

നിയമസഭാ തെരഞ്ഞെടുപ്പുഫലം വരുന്നതോടെ കേരളത്തിൽ കോൺഗ്രസ് ശിഥിലമാകുമെന്ന് സിപിഐ എം പ്രവചിച്ചത് ദേശീയരാഷ്ട്രീയവും കേരള രാഷ്ട്രീയവും വസ്തുനിഷ്ഠമായി വിലയിരുത്തിയായിരുന്നു. അതു ശരിവയ്ക്കുന്ന സൂചനകൾ തെരഞ്ഞടുപ്പിനു മുമ്പുതന്നെ കണ്ടു തുടങ്ങി. കോൺഗ്രസിൽ പ്രതീക്ഷ നശിച്ച പ്രവർത്തകർ ഇടതുപക്ഷത്തേക്ക് മാറുന്ന പ്രവണത സംസ്ഥാനത്താകെയുണ്ട്. മാധ്യമങ്ങൾ പൊതുവെ അത്‌ കണ്ടില്ലെന്ന് നടിക്കുന്നത് സ്വാഭാവികം.

കോൺഗ്രസ് ദേശീയതലത്തിൽ തകർച്ചയിലേക്ക് പോകുന്നതിന്റെ കാരണം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതില്ല. രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് മതനിരപേക്ഷതയ്‌ക്കെതിരെ ബിജെപി ഉയർത്തുന്ന വെല്ലുവിളിയാണ്. രാജ്യത്തിന്റെ മതനിരപേക്ഷ–-ജനാധിപത്യ അടിത്തറ തന്നെ ഇല്ലാതാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ദേശീയപാർടിയെന്ന് അഹങ്കരിക്കുന്ന കോൺഗ്രസിന് ഈ വെല്ലുവിളി നേരിടാൻ ഒരു പരിപാടിയുമില്ല.

അതേസമയം, മൃദുഹിന്ദുത്വ സമീപനത്തിലൂടെ ബിജെപിയെ നേരിടാമെന്ന് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുകയും ചെയ്യുന്നു. ഈ നയരാഹിത്യമാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് മുഖ്യകാരണം. രാഹുൽ ഗാന്ധി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. എന്താണ് അദ്ദേഹം ഓരോ യോഗത്തിലും പ്രസംഗിക്കുന്നത്? ഇടതുപക്ഷത്തിനെതിരെ ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾ എഴുതിക്കൊടുക്കുന്ന നുണകൾ. എന്താണ് ഈ ദേശീയ നേതാവ് ബിജെപിയുടെ വർഗീയ അജൻഡയ്ക്കെതിരെ ഒരക്ഷരം പറയാത്തത്? ബിജെപിയുടെ വോട്ടിൽ കുറച്ച്‌ സീറ്റ് നേടാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങളെ സഹായിക്കാനാണ്‌ ഇതെന്ന് പകൽ പോലെ വ്യക്തം.

പ്രായപൂർത്തിയെത്തുന്നവർക്ക് മതമോ ജാതിയോ നോക്കാതെ വിവാഹം കഴിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. അതുപോലും കാറ്റിൽപറത്തുകയാണ്

ആർഎസ്എസ്–- ബിജെപി അജൻഡ നടപ്പാക്കുന്നതിന് നമ്മുടെ ഭരണഘടനയെത്തന്നെ തകർക്കുന്ന നീക്കങ്ങളാണ് നരേന്ദ്ര മോഡി സർക്കാർ നടത്തുന്നത്. തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ നിയന്ത്രണത്തിലാക്കുകയാണ്. ജനങ്ങളുടെ ദുരിതം കാണാതെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകൾ തീവ്രവർഗീയ അജൻഡയുമായി മുമ്പോട്ടുപോകുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരെ നിയമനിർമാണത്തിനു പോലും അവർ തയ്യാറാകുന്നു. മുസ്ലിം ജനവിഭാഗത്തെ വേട്ടയാടുന്നതിന് സംഘപരിവാർ കെട്ടിച്ചമച്ചതാണ് ലൗ ജിഹാദ് എന്ന വിഷയം. ഇല്ലാത്ത ലൗ ജിഹാദ് തടയുന്നതിന് യുപി, മധ്യപ്രദേശ് സർക്കാരുകൾ നിയമംതന്നെ കൊണ്ടുവന്നു. ഹിന്ദുമതത്തിലുള്ളവരെ പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ അറസ്റ്റുചെയ്ത് ജയിലിൽ അടയ്‌ക്കുന്നു. കടുത്ത പീഡനമാണ് ഈ നിയമത്തിന്റ മറവിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി സർക്കാരുകൾ നടത്തുന്നത്. പ്രായപൂർത്തിയെത്തുന്നവർക്ക് മതമോ ജാതിയോ നോക്കാതെ വിവാഹം കഴിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. അതുപോലും കാറ്റിൽപറത്തുകയാണ്. ഭരണഘടനയെത്തന്നെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചത് ഈ പശ്ചാത്തലത്തിലാണ്.

ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നതിനും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ആക്രമണം ശക്തിപ്പെടുത്തുന്നതിനും തന്നെയാണ് ബിജെപി സർക്കാരുകൾ പശുസംരക്ഷണ നിയമം കൊണ്ടുവരുന്നത്. ഇപ്പോൾ മറ്റൊന്നുകൂടി ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള ഫണ്ട് പിരിവ്. ആളുകളെ പേടിപ്പിച്ചുള്ള പണപ്പിരിവാണ്. മതന്യൂനപക്ഷങ്ങൾ തന്നെയാണ് ഇതിന്റെയും ഇരകൾ. യുപിയിലും മധ്യപ്രദേശിലും ഇതിന്റെ പേരിൽ സംഘർഷങ്ങളാണ്.

ലൗ ജിഹാദിനെതിരെ എന്തുകൊണ്ട് കേരളം നിയമം കൊണ്ടുവരുന്നില്ലെന്ന് യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ചില സംഘപരിവാർ നേതാക്കൾ ചോദിക്കുന്നുണ്ട്. അതൊന്നും കേരളത്തിൽ നടപ്പില്ല എന്നുതന്നെയാണ് മറുപടി. കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ ദേശീയപൗരത്വനിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം ആഭ്യന്തര മന്ത്രി അമിത് ഷായിൽനിന്നാണ്‌ ഉണ്ടായത്. കേരളത്തിന്റെ മുഖ്യമന്ത്രി അതിന് മറുപടി നൽകിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, പൗരത്വ രജിസ്റ്ററും ഇവിടെ നടപ്പാക്കില്ല. ഇങ്ങനെ ചങ്കൂറ്റത്തോടെ പറയാൻ ഒരു കോൺഗ്രസ് മുഖ്യമന്ത്രിക്കും കഴിഞ്ഞിട്ടില്ല. വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടുള്ളതുകൊണ്ടാണ് ഇങ്ങനെ പറയാൻ കഴിയുന്നത്.

വർഗീയ ധ്രുവീകരണംപോലെ രാജ്യം നേരിടുന്ന മറ്റൊരു വിപത്താണ് സാമ്പത്തിക പരിഷ്കാരത്തിന്റെ പേരിൽ കേന്ദ്രസർക്കാർ നടത്തുന്ന കൊള്ള. നാടിന്റെ സ്വത്തായ പൊതുമേഖലാകമ്പനികൾ ചുളുവിലയ്ക്ക് സ്വന്തക്കാരായ കോർപറേറ്റുകൾക്ക് കൈമാറുകയാണ്. ബിസിനസ് നടത്തലല്ല സർക്കാരിന്റെ ജോലിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സമ്പദ്ഘടനയുടെ നിയന്ത്രണംതന്നെ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുന്ന രീതിയിലാണ് മോഡി സർക്കാർ നീങ്ങുന്നത്. പൊതുമേഖലാ വ്യവസായങ്ങൾ മാത്രമല്ല, ബാങ്കുകളും ഇൻഷുറൻസ് കമ്പനികളുമെല്ലാം സ്വകാര്യകുത്തകകൾക്ക് വിട്ടുകൊടുക്കുകയാണ്. ഇത് എളുപ്പമാക്കുന്നതിന് പൊതുമേഖലാ കമ്പനികളിൽ സ്ഥിരം ജീവനക്കാർക്ക് പകരം കരാറുകാരെ നിയമിക്കുകയാണ്. സ്വകാര്യവൽക്കരണത്തിന് എതിരായ എതിർപ്പ് പരമാവധി ഒഴിവാക്കുന്നതിനുള്ള തന്ത്രമാണ്‌ ഇത്. കാർഷികമേഖലയുടെ നിയന്ത്രണം കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നതിനെതിരെയാണ് രാജ്യമാകെ മാസങ്ങളായി കർഷകർ പ്രക്ഷോഭം നടത്തുന്നത്.

രാജ്യം നേരിടുന്ന ഇത്തരം വെല്ലുവിളികളോ പ്രശ്നങ്ങളോ കാണാത്ത പാർടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. ഇതു തന്നെയാണ് അവർ നേരിടുന്ന അപചയത്തിനു കാരണം. ജനാധിപത്യ കക്ഷിയെന്ന് മാധ്യമങ്ങൾ കോൺഗ്രസിനെ വിശേഷിപ്പിക്കുമെങ്കിലും ജനാധിപത്യം തൊട്ടുതെറിച്ചിട്ടില്ലാത്ത പാർടിയാണത്. സ്ഥാനാർഥി നിർണയത്തിൽ ജനാധിപത്യമുണ്ടായില്ലെന്ന് പലരും പരിതപിക്കുന്നത് കേൾക്കുന്നുണ്ട്. ജനാധിപത്യം തീരെയില്ലാത്ത പാർടിയിൽ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ മാത്രം എങ്ങനെയാണ് ജനാധിപത്യമുണ്ടാകുക?

ആർഎസ്എസ്–- ബിജെപിയുടെ ആപൽക്കരമായ വർഗീയതയെയും മോഡി സർക്കാരിന്റെ വിനാശകരമായ സാമ്പത്തിക നയങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ വിജയം ഈ പോരാട്ടത്തിന് ശക്തിപകരും.

അതാണ് ഈ തെരഞ്ഞെടുപ്പിന്റെ ദേശീയ പ്രാധാന്യം. കേന്ദ്രഭരണത്തിന്റെ തണലിൽ സംഘപരിവാർ ഫാസിസ്റ്റ് രീതിയിൽ നടത്തുന്ന പ്രവർത്തനം മതന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ അരക്ഷിതബോധമുണ്ടാക്കിയിട്ടുണ്ട്. ഇത്‌ മുതലെടുക്കാൻ ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവർഗീയ പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനം ഭൂരിപക്ഷ വർഗീയതയ്‌ക്ക് വളമാകുകയാണ്. ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും വർഗീയ തീവ്രവാദത്തെ തോൽപ്പിക്കാൻ വിശ്വാസികൾ ഉൾപ്പെടെയുള്ളവരുടെ ഐക്യനിര ഉയർന്നുവരണമെന്നതാണ് എൽഡിഎഫിന്റെ കാഴ്ചപ്പാട്. ഒരുതരത്തിലുള്ള വർഗീയതയുമായും എൽഡിഎഫ് സന്ധിചെയ്യില്ല. ഒരു വർഗീയ ശക്തിയുടെയും പിന്തുണ എൽഡിഎഫിന് ആവശ്യമില്ല. മൂല്യബോധമുള്ള ഈ രാഷ്ട്രീയനയമാണ് മതനിരപേക്ഷ വിശ്വാസികളെ ഇടതുപക്ഷത്തേക്ക് ആകർഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News