സ്പീക്കര്‍ക്കും സര്‍ക്കാറിനുമെതിരായ കേന്ദ്ര ഏജന്‍സികളുടെ നീക്കം രാഷ്ട്രീയ പ്രേരിതം; രാഷ്ട്രീയമായും നിയമപരമായും നേരിടും: സിപിഐഎം

സ്പീക്കർക്കും സർക്കാരിനുമെതിരായ കേന്ദ്ര ഏജൻസികളുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയക്കളിയുടെ ഭാഗമാകുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ സ്പീക്കർക്കെതിരായി സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയെന്ന വ്യാജേന കള്ളക്കഥ പുറത്തുവിടുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

സ്വർണക്കടത്ത് സത്യസന്ധമായി അന്വേഷിച്ച്‌ യഥാർഥ പ്രതികളെ കണ്ടെത്താനല്ല ഏജൻസികളുടെ ശ്രമം. സ്വർണം അയച്ചവരെയും സ്വീകരിച്ചവരെയും കണ്ടെത്താനോ, ചോദ്യംചെയ്യാനോ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. സർക്കാരിനെതിരെ ഗൂഢാലോചന ആസൂത്രണംചെയ്യാനാണ് ഇഡി സമയം ചെലവഴിക്കുന്നത്‌.

നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കിഫ്‌ബിയെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് അതിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും നടപടി സ്വീകരിക്കാനുമുള്ള ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്ക് ഇഡി ശ്രമിക്കുന്നത്. ഇത്‌ കേരളീയ സമൂഹം അനുവദിക്കില്ല. എൻഐഎ അന്വേഷിച്ച് സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കാത്ത കാര്യങ്ങളും, കഴിഞ്ഞ ആറ്‌ മാസം വിശദമായി അന്വേഷിച്ചിട്ടും ലഭ്യമാകാത്തവയുമാണ്‌ ഇപ്പോൾ പ്രതികളുടെ മൊഴിയെന്ന പേരിൽ പുറത്തുവരുന്നത്.

ഇതിനകം എട്ട്‌ മൊഴി പ്രതികളിൽനിന്ന്‌ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതിലൊന്നുമില്ലാത്ത കാര്യങ്ങളാണ് ഒമ്പതാമത്തെ മൊഴിയിലുള്ളതായി പറയുന്നത്‌. കസ്റ്റഡിയിലിരിക്കെ പ്രതികളെക്കൊണ്ട് കള്ളമൊഴിയുണ്ടാക്കി സർക്കാരിനെയും രാഷ്ട്രീയ നേതൃത്വത്തേയും അസ്ഥിരപ്പെടുത്താനാണ് ശ്രമമെങ്കിൽ അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പിന് സിപിഐ എം തയ്യാറാകും.

ഇഡിക്കെതിരെയുള്ള അവകാശലംഘന നോട്ടീസ് നിയമസഭാ സമിതിയുടെ പരിശോധനയ്‌ക്ക്‌ വിട്ടതോടെയാണ്‌ സ്പീക്കർ ഈ വിഷയത്തിലേക്ക് കടന്നുവരുന്നത്. അതിന് സ്പീക്കറെ സംബന്ധിച്ച് ഒന്നും കണ്ടെത്തിയിരുന്നില്ല. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട ആക്ഷേപം വന്നപ്പോൾ അതിന്റെ അന്വേഷണത്തിന്റെ പേരിൽ കേരളത്തിലെ ലൈഫ് ഭവന പദ്ധതികളുടെ മുഴുവൻ വിശദാംശവും മണിക്കൂറുകൾക്കകം ഹാജരാക്കണമെന്ന ഇഡിയുടെ നോട്ടീസിനെതിരെയാണ് അവകാശലംഘന പ്രശ്നം ഉയർന്നുവന്നത്.

അവകാശലംഘന നോട്ടീസ് നിയമസഭയുടെ അവകാശങ്ങളും കേരളത്തിന്റെ ഉത്തമ താൽപ്പര്യവും കണക്കിലെടുത്ത്‌ സ്പീക്കർ പ്രിവിലേജ് കമ്മിറ്റിക്ക്‌ വിട്ടു. തുടർന്നാണ്‌ കേന്ദ്ര ഏജൻസികൾ സ്പീക്കർക്ക് നേരെ തിരിഞ്ഞത്. തങ്ങളുടെ രാഷ്ട്രീയതാൽപ്പര്യം നടപ്പിലാക്കാൻ ഏത് ഭരണഘടനാ സ്ഥാപനത്തേയും അപമാനിക്കാനും വരുതിയിലാക്കാനും തയ്യാറാകുമെന്നതിന്റെ ലക്ഷണമാണിത്. അന്വേഷണ ഏജൻസികൾക്ക് എന്തെങ്കിലും വിവരം അറിയാനോ, സംശയദൂരീകരണമോ ഉണ്ടെങ്കിൽ നിയമസഭയുടെ അധ്യക്ഷനോട് പ്രാഥമികമായെങ്കിലും ചോദിക്കുകയാണ്‌ വേണ്ടതെന്ന്‌ രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി ജെ കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.

ഇതൊന്നും പരിഗണിക്കാതെ ഭരണഘടനയെ വെല്ലുവിളിച്ച്‌ ഇടപെടുകയാണ് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്‌. കോടതിയിൽ സമർപ്പിച്ചതായി പറയപ്പെടുന്ന രഹസ്യ സത്യവാങ്മൂലങ്ങളും രേഖകളും മാധ്യമങ്ങൾക്ക്‌ ചോർത്തിക്കൊടുക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറയാനാവില്ല.

കസ്റ്റംസ്‌, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകംടാക്സ് എന്നിവയുടെ പ്രവർത്തനം പരിശോധിച്ചാൽ രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടിയുള്ളതാണെന്ന് വ്യക്തമാകും. യുഡിഎഫും ബിജെപിയും ഉയർത്തുന്ന രാഷ്ട്രീയ ആരോപണങ്ങൾക്ക് സമാനമായ പ്രചാരണമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നത്. ഇത്തരത്തിൽ പുറത്തുവരുന്ന കെട്ടിച്ചമച്ച ആരോപണങ്ങൾ തള്ളിക്കളയണമെന്ന് സെക്രട്ടറിയറ്റ് ജനങ്ങളോട് അഭ്യർഥിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here