സ്വർണക്കടത്ത്: അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ 7 ചോദ്യങ്ങൾ

തെരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ ലക്ഷ്യംവച്ച് സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കെതിരെയുമെല്ലാം സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നേരത്തെ തന്നെ പരാജയപ്പെട്ട ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുകയാണ് അമിത് ഷായും പ്രതിപക്ഷവും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ ഉള്‍പ്പെടെ വീണ്ടും സ്വര്‍ണക്കടത്ത് ഉന്നയിക്കുന്ന അമിത് ഷായോട് മുഖ്യമന്ത്രിയുടെ ഏ‍ഴു ചോദ്യങ്ങള്‍

1. ഡിപ്ലോമാറ്റിൿ ബാഗേജ് വഴി സ്വർണം അയച്ചയാളെ കഴിഞ്ഞ 9 മാസത്തെ അന്വേഷണത്തിൽ നിങ്ങൾ പിടികൂടിയോ?

2. ഇവിടേക്ക് വരുന്ന കള്ളക്കടത്തു സ്വർണം ആര്, എന്തിന് ഉപയോഗിച്ചു? അത് അന്വേഷണത്തിൽ തെളിഞ്ഞോ? ഇതു കണ്ടത്തണമെന്ന് ഞാൻ ആദ്യം അയച്ച കത്തിൽത്തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്തന്വേഷണമാണ് ആ വിഷയത്തിൽ നിങ്ങൾ ഇതുവരെ നടത്തിയത്?

3. കള്ളക്കടത്തു സ്വർണം എത്തിയത് ഏതെങ്കിലും ആർ.എസ്.എസ്. ബന്ധമുള്ളവരിലേക്കാണോ?

4. UAPA ചുമത്തപ്പെട്ടിട്ടും സ്വർണ കള്ളക്കടത്തു കേസിലെ പ്രതികൾക്ക് ഇത്രവേഗത്തിൽ ജാമ്യം കിട്ടിയത് എന്തുകൊണ്ടാണ്?

5. സ്വർണക്കള്ളക്കടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയോടൊപ്പമുള്ള ആർക്കെങ്കിലും പങ്കുണ്ടോ ? കേരളത്തിലെ പ്രധാനസംശയമാണ്. അത് ഷാ വ്യക്തമാക്കണം.

6. നയതന്ത്ര ബാഗേജിലാണ് സ്വര്ണക്കടത്തെന്ന് അന്വേഷണ ഏജൻസികളും കേന്ദ്ര സർക്കാരും പറഞ്ഞിട്ടും അങ്ങനെയല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞത് അമിത്ഷയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? പ്രതികളെ രക്ഷപ്പെടുത്താൻ ആയിരുന്നില്ലേ ഈ വാദം. അത് അമിത്ഷായ്ക്ക് അറിയാത്തതാണോ?

7. സ്വർണക്കടത്തടക്കം തടയാൻ രൂപീകരിച്ചതാണല്ലോ കസ്റ്റംസ് വിഭാഗം. സ്വർണക്കടത്ത് പ്രതിയായ ആളെ വിമാനത്തവാളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ നിയമിച്ചത് ആരായിരുന്നു? അത്തരക്കാരെ സംരക്ഷിക്കുന്നത് ആരാണ്? എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാത്തത്?

കേന്ദ്രാന്വേഷണ ഏജൻസികൾക്ക് നേതൃത്വം കൊടുക്കുന്ന ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് അമിത് ഷായ്ക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം നൽകാനാകുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News