സ്വയം പുല്ലുതിന്നുകയോ തിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല ; തോമസ് ഐസക്

സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്ന് നിസംശയം പറയാം. അദ്ദേഹത്തിന് സമനായി ലോകത്ത് മറ്റാരും ഉണ്ടാകാനും ഇടയില്ല.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് എത്രയും വേഗം എത്തിച്ചു കൊടുക്കാനുള്ള ഇടപെടലുകളാണ് പ്രതിപക്ഷം ചെയ്യുക എന്ന പൊതുബോധത്തിന്റെ കടയ്ക്കലാണ് ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞുവെട്ടിയതെന്നും ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുടക്കാന്‍ നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് എന്ന കീര്‍ത്തിയാണ് അദ്ദേഹത്തെ സംബന്ധിച്ച് അഭികാമ്യം. നമുക്കെന്തു ചെയ്യാന്‍ പറ്റും?

യുഡിഎഫ് ഭരണകാലത്തെല്ലാം ക്ഷേമപെന്‍ഷനുകള്‍ വന്‍തോതില്‍ കുടിശിക വന്നിരുന്നല്ലോ. അതുപോലെയായിരിക്കും ഇത്തവണയുമെന്ന് അവര്‍ കരുതി. അതങ്ങനെയല്ല എന്ന് മനസിലായപ്പോള്‍, കിട്ടുന്നത് മുടക്കാനായി ശ്രമം. തോമസ് ഐസക് പറഞ്ഞു.

തോമസ് ഐസകിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്ന് നിസംശയം പറയാം. അദ്ദേഹത്തിന് സമനായി ലോകത്ത് മറ്റാരും ഉണ്ടാകാനും ഇടയില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് എത്രയും വേഗം എത്തിച്ചു കൊടുക്കാനുള്ള ഇടപെടലുകളാണ് പ്രതിപക്ഷം ചെയ്യുക എന്ന പൊതുബോധത്തിന്റെ കടയ്ക്കലാണ് ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞുവെട്ടിയത്. ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുടക്കാന്‍ നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് എന്ന കീര്‍ത്തിയാണ് അദ്ദേഹത്തെ സംബന്ധിച്ച് അഭികാമ്യം. നമുക്കെന്തു ചെയ്യാന്‍ പറ്റും?

ഒരു പ്രത്യേക സാഹചര്യത്തിലാണ് ഏപ്രില്‍ മാസത്തെ ഭക്ഷ്യക്കിറ്റും പെന്‍ഷനും മുന്‍കൂറായി നല്‍കേണ്ടി വന്നത്. ആ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയത് ഫെബ്രുവരിയിലും. എന്തായിരുന്നു സാഹചര്യം? ഏപ്രില്‍ ആദ്യവാരം തുടര്‍ച്ചയായ അവധി ദിനങ്ങളാണ്. ഈസ്റ്റര്‍ നാലാം തീയതിയും വിഷു പതിനാലിനും. ഈസ്റ്ററിനു മുമ്പ് പെന്‍ഷന്‍ എത്തിക്കണമെങ്കില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തണം. സഹകരണ ബാങ്കുകള്‍ വഴി ഒരു തവണ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 10 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ്. അപ്പോള്‍ ഒരു മാസത്തില്‍ രണ്ടു തവണ വിതരണം ചെയ്യേണ്ടി വന്നാല്‍ 20 കോടി രൂപയാകും. അതൊഴിവാക്കുന്നതിനാണ് ഈസ്റ്ററിന് വിതരണം ചെയ്യുന്ന പെന്‍ഷനൊപ്പം വിഷുക്കൈനീട്ടം കൂടി നല്‍കാന്‍ തീരുമാനിച്ചത്. ആ തീരുമാനമെടുക്കുമ്പോള്‍ ഏപ്രില്‍ ആറ് എന്ന ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചിട്ടേയില്ല.
ഇതൊന്നും അപ്രതീക്ഷിതമായി ചെയ്തതല്ല. വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുകയായ 1600 രൂപ വിഷുവിനു മുമ്പ് വിതരണം ചെയ്യുമെന്ന് ഞാന്‍ തന്നെ ഫെബ്രുവരി മാസത്തില്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്നൊന്നും ഒരു എതിര്‍പ്പും പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ ഉന്നയിച്ചിട്ടില്ല.

ഫെബ്രുവരി 10ന്റെ പത്രങ്ങള്‍ നോക്കിയാല്‍ പ്രതിപക്ഷ നേതാവിന് അക്കാര്യം വ്യക്തമാകും. എതിര്‍പ്പുണ്ടെങ്കില്‍ അന്ന് പറയേണ്ടതായിരുന്നില്ലേ. എന്തുകൊണ്ടാണ് അന്ന് പറയാത്തത്?

സംശയം വേണ്ട. ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് അവര്‍ കരുതിയത്. യുഡിഎഫ് ഭരണകാലത്തെല്ലാം ക്ഷേമപെന്‍ഷനുകള്‍ വന്‍തോതില്‍ കുടിശിക വന്നിരുന്നല്ലോ. അതുപോലെയായിരിക്കും ഇത്തവണയുമെന്ന് അവര്‍ കരുതി. അതങ്ങനെയല്ല എന്ന് മനസിലായപ്പോള്‍, കിട്ടുന്നത് മുടക്കാനായി ശ്രമം.

കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നുള്ള അരിവിതരണം നിര്‍ത്തിവെയ്ക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുന്നതൊന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പണിയല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ. ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാനാണ് സര്‍ക്കാര്‍ അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത്. വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്. അല്ലാതെ പ്രതിപക്ഷ നേതാവ് തീരുമാനിക്കുമ്പോഴല്ല.
തങ്ങള്‍ ഭരിക്കുമ്പോള്‍ കുടിശിക; എതിര്‍പക്ഷം ഭരിച്ചാല്‍ മുട്ടുന്യായം പറഞ്ഞ് വിതരണം മുടക്കുക. സ്വയം പുല്ലു തിന്നുകയോ പശുവിനെ തിന്നാല്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News