നേമത്ത് പരാജയം വന്നാൽ സുരേന്ദ്രനും മുരളീധരനും പ്രതിക്കൂട്ടിലാകും; വോട്ടോഗ്രാഫില്‍ രഞ്ജിപണിക്കരും ജോൺ ബ്രിട്ടാസും

നേമത്ത് പരാജയം വന്നാല്‍ സുരേന്ദ്രനും മുരളീധരനും പ്രതിക്കൂട്ടിലാകുമെന്ന് ജോണ്‍ ബ്രിട്ടാസ്. രഞ്ജി പണിക്കരും ജോണ്‍ ബ്രിട്ടാസും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടൊഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇന്ത്യയുടെ ശ്രദ്ധയില്‍ വന്നിരിക്കുന്ന ഒരു മണ്ഡലമാണ് നേമം. ബിജെപിയുടെ ഒ രാജഗോപാല്‍ ചരിത്രം സൃഷ്ടിച്ച മണ്ഡലമായിരുന്നു നേമം. 8671 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു രാജഗോപാല്‍ വിജയിച്ചത്.

ഇടതിന്റെ ശിവന്‍കുട്ടി രണ്ടാം സ്ഥാനത്തും വന്നു. എന്നാല്‍ അവിടെ ഒന്നാം സ്ഥാനത്തേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ള ആണ്

13860 വോട്ടായിരുന്നു അവിടെ യുഡിഎഫിന് ലഭിച്ചത്. നേമം മണ്ഡലത്തില്‍ ആദ്യം പരിശോധിക്കേണ്ടത് എന്തുകൊണ്ടാണ് വി സുരേന്ദ്രന്‍പിള്ളയെ അവിടെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത് എന്നതാണ്.

സഖ്യകക്ഷി എന്ന് പറയപ്പെടാമെങ്കിലും അത്രയും പ്രാധാന്യമുള്ള ഒരു മണ്ഡലത്തില്‍ സുരേന്ദ്രന്‍പിള്ള പിള്ളയെ നിര്‍ത്തിയതിന്റെ കാര്യകാരണങ്ങള്‍ പരിശോധിക്കുക തന്നെ വേണം.

രാജഗോപാല്‍ മത്സരിക്കുന്ന, ബിജെപി ജയിക്കാന്‍ സാധ്യതയുണ്ട് എന്ന പ്രവചിക്കപ്പെടുന്ന, വലിയ സഹതാപ തരംഗത്തിന്റെ ആനുകൂല്യത്തോടെ കൂടി ഒ രാജഗോപാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള നേമം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് ഒരു മത്സരത്തിന് സാധ്യതയില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ അവിടെ നിര്‍ത്തിയത് ?

ഇതിനുത്തരം ഇതുവരെ യുഡിഎഫ് നല്‍കിയിട്ടില്ല. അതേസമയം 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിലെ ഒരു അര ഡസണ്‍ മണ്ഡലങ്ങള്‍ എടുത്തു നോക്കുമ്പോള്‍ അതില്‍ മുന്നില്‍ നില്‍ക്കുന്ന മണ്ഡലമാണ് നേമം.

നേമത്തെ പോരാട്ടമാണ് രാജ്യം ശ്രദ്ധിക്കുന്നതും ഉറ്റു നോക്കുന്നതും. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഈ ഒരു സീറ്റ് പോലും നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സുരേന്ദ്രനും മുരളീധരനും അവിടെ പ്രതിക്കൂട്ടിലാകും എന്ന കാര്യത്തില്‍ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here