കേരളത്തിലെ ഭരണത്തുടർച്ച ദേശീയ രാഷ്‌ട്രീയത്തെ സ്വാധീനിക്കും: എസ്‌ ആർ പി

ഇന്ത്യൻ രാഷ്‌ട്രീയത്തെ സ്വാധീനിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാകും കേരളത്തിലേതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള. കൊടുങ്ങല്ലുർ, മുതുവറ, കാഞ്ഞാണി, ഗുരുവായൂർ എന്നിവിടങ്ങളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ്‌ ഭരണത്തിന്‌ തുടർച്ചയുണ്ടാകുന്നത്‌ ഭാവി ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഇടതുപക്ഷം നിർണായക ശക്തിയായി മാറുന്നതിന്റെ തുടക്കമാകും. സാധാരണക്കാരന്റെ രാഷ്‌ട്രീയമാണ്‌ എക്കാലത്തും എൽഡിഎഫ്‌ ഉയർത്തിയത്.‌ എന്നാൽ, ഈ രാഷ്‌ട്രീയത്തിന്റെ തുടർച്ചയേയും വളർച്ചയേയും സമ്പന്ന രാഷ്‌ട്രീയം അട്ടിമറിക്കുകയോ തടയുകയോ ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇടതുപക്ഷ ഭരണത്തുടർച്ച ഉണ്ടാകാതിരുന്നത്‌. ഇത്തവണ അതു സംഭവിക്കില്ല.

അത്രയേറെ ശ്രദ്ധേയമായിരുന്നു കേരളത്തിലെ അഞ്ചുവർഷത്തെ ഭരണവും വികസനവും. കോവിഡ്‌ പ്രതിസന്ധിമൂലമുണ്ടായ സാമ്പത്തികത്തളർച്ചയിൽ ലോകരാഷ്‌ട്രങ്ങൾ പകച്ചുനിൽക്കുയാണ്‌. ഓഖിയും പ്രളയവും നിപയും കോവിഡും മാരകമായി ബാധിച്ചിട്ടും കേരളം നേടിയ ആറുശതമാനം സാമ്പത്തികവളർച്ച ലോകത്തെ അമ്പരപ്പിക്കുകയാണ്‌. ശരിയായ കാഴ്‌ചപ്പാടുള്ള ഭരണത്തിന്റെ ഫലമാണിത്‌. കഴിഞ്ഞതിനേക്കാൾ മികച്ച ദീർഘവീക്ഷണമുള്ള പ്രകടനപത്രികയാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവച്ചിരിക്കുന്നത്‌. കേരളം പുതിയ കുതിച്ചുചാട്ടത്തിന്‌ തയ്യാറെടുക്കുകയാണ്‌.

ശാസ്‌ത്രസാങ്കേതിക വളർച്ചയെ തകർക്കുന്നതാണ്‌ കേന്ദ്രനയങ്ങൾ. അന്ധവിശ്വാസത്തിൽ കേന്ദ്രീകരിക്കുന്ന വിദ്യാഭ്യാസ നയമാണ്‌ അവരുടേത്‌. കോർപറേറ്റ്‌, വർഗീയ കൂട്ടുകെട്ട്‌ ഭരണം ജനദ്രോഹകരമാണെന്നതിന്‌ തെളിവാണ്‌ കർഷകബില്ലും ലേബർകോഡും വിദ്യാഭ്യാസനയവും.

കോൺഗ്രസിനാകട്ടെ ബിജെപിയിൽനിന്ന്‌ വ്യത്യസ്‌തമായ ഒരു നയസമീപനവുമില്ല. അപകടകരമായ രാഷ്‌ട്രീയമാണ്‌ അവരുടേത്‌. ഹോൾസെയിലായും റീട്ടെയിലായും ബിജെപിക്ക്‌ ആളെ നൽകുന്ന ഏജൻസിയാണ്‌ കോൺഗ്രസ്‌. എ കെ ആന്റണിക്കും അമിത്‌ ഷായ്ക്കും ഒരേ ശബ്ദമാണെന്നും എസ് ‌ആർ പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News