എൽഡിഎഫിനെ ‌ ഉപദേശിക്കുന്ന ആന്റണി ചരിത്രം ഓർക്കണം: കോടിയേരി ബാലകൃഷ്ണൻ

എൽഡിഎഫിനെ രാഷ്‌ട്രീയ വനവാസത്തിന്‌ ഉപദേശിക്കുന്ന എ കെ ആന്റണി കേരളത്തിന്റെ ചരിത്രം ഓർക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ൽ മുന്നണിവിട്ടുപോയശേഷം ശപിച്ചത്‌ നൂറുകൊല്ലത്തേക്ക്‌ സെക്രട്ടറിയറ്റിൽ സിപിഐ എമ്മിനെ കാലുകുത്തിക്കില്ലെന്നാണ്‌. എന്നാൽ, 1987ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായി. മെയ്‌ രണ്ടിന്‌ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുമ്പോൾ കേരളം വീണ്ടും എൽഡിഎഫിനെ ഭരണമേൽപ്പിക്കുന്നത്‌ കാണാമെന്നും കോടിയേരി പറഞ്ഞു. വാമനപുരം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡി കെ മുരളിയുടെ തെരഞ്ഞെടുപ്പു പ്രചാരണാർഥം തേമ്പാംമൂട്ടിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്‌ ജയിച്ച സംസ്ഥാനങ്ങളിലാണ്‌ ബിജെപി വരുന്നതെന്നാണ്‌ പുതുച്ചേരി ഉൾപ്പെടെ തെളിയിക്കുന്നത്‌. കോൺഗ്രസ്‌ എംഎൽഎമാരെ കൂട്ടത്തോടെ ബിജെപി വിലയ്ക്കെടുക്കുകയാണ്‌. അതിനാൽ നല്ല കോൺഗ്രസുകാർതന്നെ കോൺഗ്രസിനെ തോൽപ്പിക്കണം. കേരളത്തിൽ കോൺഗ്രസ്‌ പരാജയപ്പെട്ടാൽ ബിജെപിയിലേക്ക്‌ പോകുമെന്ന്‌ ഭയപ്പെടുത്തുന്നത്‌ വിലപ്പോകില്ല. പി സി ചാക്കോ ഉൾപ്പെടെയുള്ള നേതാക്കൾ ഇടതുപക്ഷത്തേക്കാണ്‌ വന്നത്‌. അഞ്ചുവർഷം ബിജെപിയെ തടഞ്ഞുനിർത്തിയ എൽഡിഎഫിന്റെ ഭരണത്തിൽ കേരളത്തിന്റെ മതനിരപേക്ഷത സുരക്ഷിതമായിരുന്നു. എൽഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തിയില്ലെങ്കിൽ കേരളം ഗുജറാത്താകും. പത്ത്‌ സീറ്റ്‌ നേടിയെടുത്ത്‌ മറ്റിടങ്ങളിൽ യുഡിഎഫിനെ ജയിപ്പിച്ചാൽ പിൻസീറ്റ്‌ ഭരണം നടത്താമെന്നാണ്‌ ബിജെപി കരുതുന്നത്‌. അതിനുള്ള രഹസ്യബാന്ധവം തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ വോട്ട്‌ സ്വീകരിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ പരസ്യമായി പറഞ്ഞു. എന്നാൽ, നൂറ്‌ തെരഞ്ഞെടുപ്പിൽ തോറ്റാലും ഒരുസീറ്റിലും ആർഎസ്‌എസിന്റെ വോട്ട്‌ വേണ്ടെന്നാണ്‌ എൽഡിഎഫിന്റെ നിലപാട്‌.

അഞ്ചുവർഷം എൽഡിഎഫ്‌ സർക്കാർ ചെയ്‌ത വികസനക്ഷേമപ്രവർത്തനങ്ങൾ തുടരണമെന്നുള്ളതുകൊണ്ടാണ്‌ ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നത്‌. ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയവരോടുള്ള രോഷം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്‌ തെരഞ്ഞെടുപ്പെന്നും കോടിയേരി പറഞ്ഞു. യോഗത്തിൽ പി വി രാജേഷ്‌ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News