ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതു കുറച്ചു ദിവസങ്ങൾക്കു മുൻപെ ചെയ്യുമായിരുന്നു:ഹൃദയസ്പർശിയായ വീഡിയോ പങ്കു വെച്ച് സീമ

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ സം‌വിധായകനായിരുന്നു ഐ വി ശശി.മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതി,മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ചു ഐ വി ശശി എന്ന സംവിധായകൻ. അന്നോളം മലയാളി കണ്ട സിനിമ രീതികളേയും ചിന്തകളേയും മാറ്റിമറിക്കുന്നവയായിരുന്നു  അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ.മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ചലച്ചിത്ര താരം സീമയാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായി മാറിയത്.ഇരുവരുടെയും മകൻ അനി ഐ.വി ശശി ആദ്യമായി സംവിധാനം ചെയ്ത സിനിമ പരിചയപ്പെടുത്തുകയാണ് സീമ.

‘നിന്നിലാ നിന്നിലാ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. മകന്റെ ആദ്യ ചിത്രത്തെകുറിച്ച് പറയണമെന്ന് തോന്നി,ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതു കുറച്ചു ദിവസങ്ങൾക്കു മുൻപെ ചെയ്യുമായിരുന്നു എന്നാണ് സീമ പറയുന്നത്.ഐ വി ശശിയുടെ അസാന്നിധ്യത്തിൽ അദ്ദേഹം ചെയ്യേണ്ട കാര്യം ഒരു കടമയായി നിറവേറ്റുകയും ശശിയേട്ടനെയും എന്നെയും സപ്പോർട്ട് ചെയ്ത പോലെ അനിക്കും സപ്പോർട്ട് നൽകണം എന്ന് പറയുകയും ചെയ്യുന്ന ഹൃദയസ്പർശിയായ വീഡിയോ ആണ് സീമ മകന് വേണ്ടി പങ്ക് വെച്ചിരിക്കുന്നത്.

സീമയുടെ വാക്കുകൾ ഇങ്ങനെ:

“ഞങ്ങളുടെ കുടുംബത്തിൽ ഒരു വിശേഷം നടന്നിരിക്കുകയാണ്. ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതു കുറച്ചു ദിവസങ്ങൾക്കു മുൻപെ ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങളുടെ കൂടെ ശശിയേട്ടൻ ഇല്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഞങ്ങളുടെ മകൻ അനി ഐ.വി ശശി, വിഷ്വൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞതിനു ശേഷം സംവിധായകൻ പ്രിയദർശനൊപ്പം 10 വർഷം അസോസിയറ്റ് ഡയറക്ടറായിരുന്നു. ഇപ്പോൾ അനി സ്വതന്ത്രമായി ഒരു പടം ചെയ്തു. തെലുങ്കിലാണ് സിനിമ. പടത്തിന്റെ പേര് ‘നിന്നിലാ നിന്നിലാ’ എന്നാണ്. അശോക് സെൽവൻ, റിതു വർമ, നിത്യ മേനോൻ, നാസർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങളൊക്കെ സിനിമ കണ്ടു. പടം ഞങ്ങൾക്ക് ഇഷ്ടമായി. നാസർ സർ പടം കണ്ടിട്ടു പറഞ്ഞത് മകനെ ഓർത്ത് സീമയ്ക്ക് അഭിമാനിക്കാം എന്നായിരുന്നു. സീ 5 എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കാണണം… നല്ല പടമാണ്. കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചാൽ നന്നായിരിക്കും. ശശിയേട്ടനെയും എന്നെയും സപ്പോർട്ട് ചെയ്ത പോലെ അനിക്കും സപ്പോർട്ട് നൽകണം.”

സംവിധായകൻ പ്രിയദർശനൊപ്പം 10 വർഷത്തോളം സഹസംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് അനി ഐ.വി. ശശി  സംവിധാന സംരംഭത്തിലേക്ക് തിരിഞ്ഞത്.  തെലുങ്കിൽ മികച്ച പ്രതികരണം നേടിയ ചിത്രം മനോഹരമായ റൊമാന്റിക് ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here