രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിയത്‌ ജനാധിപത്യം അട്ടിമറിക്കൽ:സീതാറാം യെച്ചൂരി

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ച സംഭവം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുനക്കരയിൽ കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ച്‌ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അടക്കം പ്രസിദ്ധപ്പെടുത്തിയ ശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചത്‌. കേന്ദ്രസർക്കാർ എന്തോ വ്യക്തത വേണമെന്ന്‌ ആവശ്യപ്പെട്ടെന്ന്‌ പറഞ്ഞാണ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിയത്‌. നിലവിൽ മൂന്നിൽ രണ്ടുസീറ്റ്‌ എൽഡിഎഫിന്‌ കിട്ടും. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ സീറ്റ്‌ കുറയുകയാണെങ്കിൽ ഒരു സീറ്റ്‌ കുറയ്‌ക്കാമെന്നാണ്‌ ബിജെപിയുടെ കണക്കുകൂട്ടൽ. രാജ്യസഭയിൽ ഇടതുപക്ഷത്തിന്റെ അംഗബലം കുറയ്‌ക്കാൻ ബിജെപി ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ്‌ കമീഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയടക്കം തങ്ങളുടെ വരുതിയിലാക്കുകയാണ്‌ അവർ.

35 സീറ്റ്‌ കിട്ടിയാൽ തങ്ങൾ സർക്കാരുണ്ടാക്കുമെന്നാണ്‌ ബിജെപി പറഞ്ഞത്‌. ഇതിന്റെയർഥം എന്താണ്‌. തങ്ങൾ വിൽക്കപ്പെടാൻ തയ്യാറാണെന്ന കോൺഗ്രസ്‌‌ നിലപാടുകൊണ്ടാണ്‌ ബിജെപി ഇങ്ങനെ പറയുന്നത്‌. ജനങ്ങളുടെ മാൻഡേറ്റിന്‌ ബിജെപി ഒരു വിലയും കൽപ്പിക്കുന്നില്ല.ലൗ ജിഹാദ്‌ നിയമം കേരളത്തിലും നടപ്പാക്കുമെന്നാണ്‌ അമിത്‌ ഷാ പറയുന്നത്‌. യുവാക്കൾക്ക്‌ ആരെ വിവാഹം കഴിക്കണം ആരോടൊപ്പം ജീവിക്കണം എന്നു തീരുമാനിക്കാൻ അവകാശമില്ല. പകരം അത്‌ മോഡിയും അമിത്‌ഷായും ബിജെപിയും തീരുമാനിക്കും എന്നാണ്‌ പറയുന്നത്‌.

റബറിന്‌ താങ്ങുവില പ്രഖ്യാപിക്കാനാകില്ലെന്ന്‌ ബിജെപി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്‌. റബർ കാർഷിക ഉല്പന്നത്തിനു പകരം വ്യാവസായിക ഉല്പന്നമാക്കുന്നതോടെ അതിന്റെ ഗുണം കിട്ടുന്നത്‌ കർഷകർക്കല്ല, കോർപറേറ്റുകൾക്കാണ്‌. ഇന്ത്യയെ നശിപ്പിക്കാനുള്ള ശ്രമത്തിന്‌ കൂട്ടുനിൽക്കില്ലെന്ന്‌ കേരളം ഈ തെരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ അഡ്വ. വി ബി ബിനു അധ്യക്ഷനായി. സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ യെച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ‌‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News