തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ ശേഷിക്കെ കിഫ്‌ബിയിൽ 
ആദായ നികുതി 
പരിശോധന

നിയമസഭാ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ കിഫ്‌ബി ആസ്ഥാനത്ത്‌ പരിശോധനയുമായി ആദായനികുതി വകുപ്പ്‌. വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ പതിനഞ്ചോളം ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കിഫ്‌ബി ആസ്ഥാനത്തെത്തിയത്‌. മാധ്യമ പ്രവർത്തകരെ നേരത്തേ വിവരമറിയിച്ച ശേഷമായിരുന്നു അഞ്ചുവർഷം കിഫ്‌ബി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിശദാംശം തേടി ഉദ്യോഗസ്ഥരെത്തിയത്‌. ആവശ്യപ്പെട്ട രേഖകൾ നേരത്തേ നൽകിയിരുന്നെന്നും കൂടുതൽ രേഖകൾ ആവശ്യമെങ്കിൽ അത് നൽകുമെന്നും കിഫ്‌ബി അധികൃതർ വ്യക്തമാക്കി.

കേരളജനതയുടെ വികസനസ്വപ്‌നങ്ങൾക്ക്‌ മിഴിവേകുന്ന കിഫ്‌ബിയെ തകർക്കാൻ യുഡിഎഫും ബിജെപിയും നീക്കം തുടങ്ങിയിട്ട്‌ നാളുകളായി. നേരത്തേ കിഫ്‌ബിക്കെതിരെ കേസെടുക്കാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇഡിയുടെ നേതൃത്വത്തിൽ കിഫ്‌ബി ഉദ്യോഗസ്ഥരെ രണ്ടിലേറെ തവണ വിളിച്ചുവരുത്തി വിവരം ശേഖരിച്ചു. ഹാജരാകണമെന്ന നോട്ടീസ്‌ കിഫ്‌ബിയുടെ ഔദ്യോഗിക മെയിലിൽ നൽകുകയും ഇതേ വിവരം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്‌തു. ഇഡിക്കു മുന്നിൽ ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ സംസ്ഥാനത്തെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കിഫ്‌ബിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.

നിയമം ലംഘിച്ചാണ്‌ കിഫ്‌ബി മസാല ബോണ്ട് പുറത്തിറക്കിയതെന്നായിരുന്നു പ്രചാരണം. എന്നാൽ, മസാല ബോണ്ടിറക്കാൻ കിഫ്‌ബിക്ക്‌ റിസർവ്‌ ബാങ്ക്‌ അനുമതി നൽകിയിരുന്നതായും വിദേശനാണ്യ വിനിമയ നിയമ (ഫെമ) പ്രകാരമാണ്‌ അനുമതി നൽകിയതെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ധനസഹമന്ത്രി അനുരാഗ്‌സിങ്‌ ഠാക്കൂർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

ശുദ്ധ തെമ്മാടിത്തം: ഐസക്‌
ആദായനികുതി വകുപ്പിന്റെ നടപടി ശുദ്ധതെമ്മാടിത്തമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പ്രതികരിച്ചു. ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുണ്ട്. കിഫ്ബിയെ അപകീർത്തിപ്പെടുത്താനാണ് നീക്കം. മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ഐസക്‌ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News