കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ അനില്‍കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് തിയ്യതിയും നാമനിര്‍ദേശം നല്‍കാനുള്ള തിയ്യതിയുമുള്‍പ്പെടെ പ്രഖ്യാപിച്ച ശേഷമാണ് പ്രത്യേക കാരണങ്ങളില്ലാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വ്യക്തതയാവശ്യപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷത്തിന് നിയമസഭയില്‍ അംഗബലം വര്‍ധിച്ചതോടെ രാജ്യസഭയിലും ഇടതുപക്ഷത്തിന് പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള അവസരം കൈവന്നു എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടം നടത്തി എല്‍ഡിഎഫിന്‍റെ സീറ്റിന്‍റെ എണ്ണം കുറച്ച് രാജ്യസഭയിലും ഇടതുപക്ഷത്തിന്‍റെ പ്രാതിനിധ്യം കുറക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും.
രാജ്യസഭയില്‍ ഇടതിന്‍റെ അംഗബലം കുറക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയുമെല്ലാം സ്വന്തം വരുതിയിലാക്കി തങ്ങളുടെ രാഷ്ട്രീയം നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി അവകാശപ്പെടുന്ന് വില്‍ക്കാനും വില്‍ക്കപ്പെടാനും തയ്യറായി മറുവശത്ത് കോണ്‍ഗ്രസ് ഉണ്ടെന്ന ഒറ്റ ബോധ്യത്തിലാണെന്നും ജനങ്ങളുടെ മാൻഡേറ്റിന് ബിജെപി ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ലൗ ജിഹാദ് നിയമം കേരളത്തിലും നടപ്പാക്കുമെന്നാണ് അമിത് ഷാ പറയുന്നത്.
യുവാക്കൾക്ക് ആരെ വിവാഹം കഴിക്കണം ആരോടൊപ്പം ജീവിക്കണം എന്നു തീരുമാനിക്കാൻ അവകാശമില്ല. പകരം അത് മോഡിയും അമിത്‌ഷായും ബിജെപിയും തീരുമാനിക്കും എന്നാണ് പറയുന്നത്. റബറിന് താങ്ങുവില പ്രഖ്യാപിക്കാനാകില്ലെന്ന് ബിജെപി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
റബർ കാർഷിക ഉല്പന്നത്തിനു പകരം വ്യാവസായിക ഉല്പന്നമാക്കുന്നതോടെ അതിന്റെ ഗുണം കിട്ടുന്നത് കർഷകർക്കല്ല, കോർപറേറ്റുകൾക്കാണ്. ഇന്ത്യയെ നശിപ്പിക്കാനുള്ള ശ്രമത്തിന് കൂട്ടുനിൽക്കില്ലെന്ന് കേരളം ഈ തെരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. വി ബി ബിനു അധ്യക്ഷനായി. സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ യെച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.